കര്‍ണനെക്കുറിച്ചാലോചിക്കുകയായിരുന്നു. എന്തിനായിരുന്നു മഹാഭാരതത്തില്‍ അങ്ങനെയൊരു കഥാപാത്രം എന്ന ചോദ്യം കര്‍ണനെ പരിചയപ്പെട്ട അന്നുമുതല്‍ മനസ്സിലുണ്ട്. ആ ചോദ്യത്തിന് സത്യത്തില്‍ ഇന്നും കൃത്യമായ ഒരുത്തരം എനിക്ക് പറയാന്‍ കഴിയുന്നില്ല.
ഒരു കഥാപാത്രം എന്ന നിലയില്‍ വ്യാസന്‍ കര്‍ണന്റെ സൃഷ്ടിയില്‍ പുലര്‍ത്തിയ സൌന്ദര്യാത്മകമായ നീതിബോധം അപാരമാണെന്ന് പറയാതെ വയ്യ. നീതിമാന്‍ , ധര്‍മ്മിഷ്ഠന്‍ , ദാനശീലന്‍ തുടങ്ങി സത്ഗുണസമ്പന്നമായ സ്വഭാവവിശേഷങ്ങള്‍ ! ആയോധന കലകളില്‍ ആരേയും അതിശയിപ്പിക്കുന്ന കൈവഴക്കം. ചാഞ്ചല്യമില്ലാത്ത പ്രജ്ഞ ! ഒരു പക്ഷേ മഹാഭാരതത്തില്‍ വ്യാസന്‍ അവതരിപ്പിച്ച മറ്റേതൊരു കഥാപാത്രത്തിനും സമശീര്‍ഷ്കനായി തെളിഞ്ഞു വിലസുകയാണ് കര്‍ണന്‍ എന്ന് നിസ്സംശയം പറയാം. പാത്രസൃഷ്ടിയിലെ ഈ പ്രത്യേക പരിവേഷങ്ങളെയെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ എന്തിനായിരുന്നു അങ്ങനെയൊരു സൃഷ്ടി എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുകയാണ്. ചെത്തിമിനുക്കിയെടുത്ത ഒരു രത്നം കുപ്പത്തൊട്ടിയില്‍ ഇട്ടതുപോലെയാണ് കര്‍ണനെ മഹാഭാരതത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നു പറഞ്ഞാല്‍ ഞാന്‍ വിശദമാക്കുവാന്‍ ശ്രമിക്കുന്നതെന്താണെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും.
കര്‍ണന്റെ ജീവിത രേഖ ഒന്നു പരിശോധിച്ചു നോക്കുക! വളരെ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തിന് ഒരല്പമെങ്കിലും നീതി കിട്ടിയിട്ടുള്ളു എന്ന് നമുക്ക് അപ്പോള്‍ മനസ്സിലാകും.! ദുര്‍വ്വാസാവ് കൊടുത്ത മന്ത്രത്തിന്റെ ശക്തിപരിശോധനയില്‍ കുന്തിക്ക് സൂര്യപുത്രനായി രാജവംശത്തില്‍ ജനനം. മാനഹാനി ഭയന്ന് കുന്തി ആ കുഞ്ഞിനെ അശ്വനദിയിലൊഴുക്കുന്നു. രാജൈശ്വരങ്ങള്‍ അനുഭവിച്ച് വളരേണ്ട കൌന്തേയന്റെ ഗതികെട്ട ജീവിതം അന്നുമുതല്‍ ആരംഭിക്കുകയാണ്. സൂതനായ അധിരഥന് കണ്ടുകിട്ടിയ കുഞ്ഞ് സൂതപൂത്രനായി വളരുന്നു. രാധ എന്നായിരുന്നു അമ്മയുടെ പേര്. മറ്റുകുട്ടികളിലാതിരുന്ന അധിരഥനും രാധയും അവനെ വളരെ ശ്രദ്ധയോടെതന്നെയാണ് വളര്‍ത്തിയത്. ആയുധാഭ്യാസത്തിന് അവര്‍ ദ്രോണരെത്തന്നെ കര്‍ണന്റെ ഗുരുവായി സ്വീകരിച്ചു. ദ്രോണരുടെ ശിഷ്യത്വത്തില്‍ ധനുര്‍വ്വേദം അഭ്യസിക്കുവാന്‍ തുടങ്ങിയെങ്കിലും ബ്രഹ്മാസ്ത്രം പഠിപ്പിക്കണമെന്ന അപേക്ഷ , ശിഷ്യന്‍ സൂതനായതുകൊണ്ടുതന്നെ ഗുരു കൈക്കൊണ്ടില്ല. ജീവിതകാലം മുഴുവന്‍ ഈ സൂതപൂത്രന്‍ എന്ന ആക്ഷേപാര്‍ഹമായ പരാമര്‍ശം കര്‍ണനെ പിന്തുടരുന്നുണ്ട്.
ദ്രോണരില്‍ നിന്നും ബ്രഹ്മാസ്ത്രം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ കര്‍ണന്‍ , പരശുരാമനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കുന്നു. പക്ഷേ പരശുരാമന്‍ ബ്രാഹ്മണരെ മാത്രമേ ശിഷ്യരായി സ്വീകരിക്കുകയുള്ളു എന്ന സത്യം ഗ്രഹിച്ച കര്‍ണന്‍ , താനൊരു ബ്രാഹ്മണ ബാലനാണ് എന്ന നാട്യത്തിലാണ് ഗുരുവിനെ സമീപിച്ചത്. അദ്ദേഹം കര്‍ണനെ സ്വീകരിക്കുകയും വിദ്യ നല്കുകകയും ചെയ്യുന്നു. ഒരു ദിവസം ഗുരു ശിഷ്യന്റെ മടിയില്‍ തല വെച്ചുകിടക്കുമ്പോള്‍ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ചിട്ടും ഗുരുവിന്റെ വിശ്രമത്തിന് ഭംഗം വരരുതെന്ന് കരുതി വേദന കടിച്ചമര്‍ത്തിയിരിക്കുന്നു. ചോര വാര്‍ന്നൊഴുകിയിട്ടും കര്‍ണന്‍ ഇളകുന്നില്ല. രക്തത്തിന്റെ രൂക്ഷഗന്ധം ഗുരുവിനെ ഉണര്‍ത്തുന്നു. കാര്യം ഗ്രഹിച്ച അദ്ദേഹം തന്റെ ശിഷ്യന്‍ ബ്രാഹ്മണനല്ലെന്ന് മനസ്സിലാക്കുന്നു. ഉടനെ ഉഗ്രശാപത്തിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ ക്രോധം കര്‍ണനുമേല്‍ നിപതിക്കുന്നു "എന്നില്‍ നിന്നും പകര്‍ന്നു കിട്ടിയ വിദ്യ നിനക്ക് ഉപകാരപ്പെടേണ്ട സമയത്ത് ഉപകാരപ്പെടില്ല " മറ്റൊരിക്കല്‍ പഠിച്ച ധനുര്‍വിദ്യ പരീക്ഷിക്കുന്നതിനിടയില്‍ ഒരു ബ്രാഹ്മണന്റെ പശുവിനെ അബദ്ധവശാല്‍ കര്‍ണന്‍ കൊല്ലാനിടയായി. അവിടേയും മറുപടിയായി കര്‍ണന് ലഭിക്കുന്നത് ഘോരമായ ശാപം തന്നെയായിരുന്നു " നീ ആരെ തോല്പിക്കാന്‍ ആയുധ വിദ്യ അഭ്യസിക്കുന്നുവോ അയാളുമായി ഏറ്റുമുട്ടുമ്പോള്‍ നിന്റെ തേരിന്റെ ചക്രം മണ്ണില്‍ പൂഴ്ന്നുപോകട്ടെ "
ആയുധ പരീക്ഷാ സമയം ! മത്സരത്തില്‍ പങ്കെടുത്ത രാധേയന്‍ , മഹരഥിയായ അര്‍ജ്ജുനനെക്കാള്‍ അനായാസമായി അയാള്‍ കാണിച്ച വിദ്യകളെല്ലാം പൊതുജന സമക്ഷം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവസാനം അയാള്‍ നേരിട്ട് അര്‍ജ്ജുനനെ വെല്ലുവിളിച്ചപ്പോള്‍ കുലത്തിന്റെ പേരുപറഞ്ഞ് അവഹേളിച്ച് പിന്മടക്കാന്‍ ഉദ്യമിച്ചത് മഹാ ആചാര്യനായിരുന്ന കൃപരായിരുന്നു. ആ സമയത്ത് കര്‍ണനെ ചേര്‍ത്തു പിടിച്ച് അംഗാധിപനെന്ന് പ്രഖ്യാപിച്ചത് ദുര്യോധനനാണ്. അന്നുമുതല്‍ കര്‍ണന്റെ മരണം വരെ ആ സൌഹൃദം നിലനിന്നു. തന്നെ ജനതയുടെ മുന്നില്‍ സംരക്ഷിച്ചു പിടിച്ച ദുര്യോധനന് സ്വന്തം ജീവിതം തന്നെയാണ് അദ്ദേഹം പകരം നല്കിയത്. അന്ന് പ്രദര്‍ശന വേദിയിലേക്ക് ഇടറിപ്പാഞ്ഞെത്തിയ അധിരഥനാല്‍ പുണര്‍ന്നു നില്ക്കുന്ന കര്‍ണന്റെ ദയനീയ ചിത്രവും വ്യാസന്‍ വരച്ചിടാന്‍ മറക്കുന്നില്ല. ഒരു പക്ഷേ ദുര്യോധനനുമായുള്ള സൌഹൃദം മാത്രമാണ് കര്‍ണന്റെ ജീവിതത്തില്‍ ഗുണമായി ഭവിച്ച ഒരേയൊരു കാര്യം എന്നതുകൂടി ശ്രദ്ധിക്കുക. ദുര്യോധനന്‍ തന്നെ പ്രതിനായകനാകുമ്പോള്‍ അയാളുടെ കൂട്ടാളികളുടെ വിധിയും മറിച്ചൊന്നാകാന്‍ വഴിയില്ലല്ലോ !
പിന്നീട് കര്‍ണന്റെ ജീവിതത്തിലെ അത്യൂജ്ജ്വലമായ മറ്റൊരേട് നാം കാണുന്നു. ബ്രാഹ്മണ വേഷത്തിലെത്തിയ ഇന്ദ്രന്‍ കര്‍ണന്റെ കവച കുണ്ഡലങ്ങള്‍ ഇരന്നു വാങ്ങുന്ന സന്ദര്‍ഭമാണത്. മകന്‍ അര്‍ജ്ജുനന് വേണ്ടിയാണ് എന്നറിഞ്ഞിട്ടും ചഞ്ചലചിത്തനാകാതെ ഇന്ദ്രന് തന്റെ കവച കുണ്ഡലങ്ങള്‍ കര്‍ണന്‍ അറുത്തെടുത്ത് നല്കുന്നുണ്ട്. അര്‍ജ്ജുനനെ ലക്ഷ്യം വെച്ച് ഇന്ദ്രനില്‍ നിന്നും വരമായി വാങ്ങിയ ഏകപുരുഷ ഘാതിനി എന്ന വേലാണ് കവചകുണ്ഡലങ്ങള്‍ക്ക് പകരമായി കര്‍ണന്‍ ഇന്ദ്രനില്‍ നിന്നും കൈപ്പറ്റുന്നത്. ആ വേലാകട്ടെ , കൃഷ്ണന്റെ ചതിയില്‍ പെട്ട് ഘടോല്‍ക്കചനെതിരെ പ്രയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭവും നാം ഭാരതത്തില്‍ കാണുന്നുണ്ട്.
അങ്ങനെ യുദ്ധവേദിയില്‍ രഥചക്രങ്ങള്‍ താഴ്ന്ന് പഠിച്ച വിദ്യയൊന്നും ഉപകാരപ്പെടാതെ അര്‍ജ്ജുനനാല്‍ വധിക്കപ്പെടുന്ന കര്‍ണന്‍ , വ്യാസ കഥാപാത്രങ്ങളില്‍ ഏറ്റവും ദുഖപര്യവസായിയായ ജീവിതമാണെന്ന് പറയാം. ഇവിടെയാണ് എന്റെ ചോദ്യത്തിന്റെ പ്രസക്തി. എന്തിനാണ് ഇത്തരത്തിലൊരു കഥാപാത്രത്തെ , എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയിട്ടും , ഓരോ അടിയിലും ദുഖം മാത്രം ഏറ്റുവാങ്ങേണ്ടി വന്ന ഒരു കഥാപാത്രത്തെ വ്യാസന്‍ ആരചിച്ചത് ? കര്‍ണനില്ലാത്ത ഒരു മഹാഭാരതത്തെ സങ്കല്പിച്ചു നോക്കൂ. പാണ്ഡവ - കൌരവ ശത്രുതയ്ക്കും അനുബന്ധ സന്ദര്‍ഭങ്ങള്‍ക്കും ഒരു തരത്തിലുള്ള കോട്ടവും ഉണ്ടാകുന്നില്ലെന്ന് കാണാം. അതായത് കര്‍ണനെ മാറ്റി നിറുത്തിയാലും മഹാഭാരതം പൂര്‍ണമാണെന്ന് വരുന്നു.
അങ്ങനെയെങ്കില്‍ എന്തിനായിരുന്നു കര്‍ണന്‍ എന്ന ചോദ്യം
പിന്നേയും ആവര്‍ത്തിക്കേണ്ടി വരുന്നു.
||ദിനസരികള്
- 82
-2025 ജൂണ് 25 , മനോജ് പട്ടേട്ട് ||
Comments