രസികത്തം കൊണ്ടും വികടത്തം കൊണ്ടും
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കവിയാണ്. ഇത്തിരി പഴഞ്ചനാണ്. കാലം എ.ഡി. 962 മുതല്‍ 1019 വരെയാണ് ജീവിതകാലം. “കുലശേഖര സാമ്രാജ്യത്തിലെ ഭാസ്കര രവിവര്‍മ്മന്റെ
നര്‍മ്മ സചിവനും ഫലിതരസികനും അഭിനയ രഹസ്യ വേദിയും ഉഭയ ഭാഷാ കവിയുമായ തോലനെപ്പറ്റി
കേട്ടിട്ടില്ലാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ലല്ലോ “ എന്നാണ് ആ കവിയെ കേരള സാഹിത്യ ചരിത്രത്തില്‍ ഉള്ളൂര്‍
അവതരിപ്പിക്കുന്നത്. ഉള്ളൂര്‍ എടുത്തു പറഞ്ഞ ഗുണങ്ങള്‍
തന്നെയാണ് തോലനെ എനിക്കും പ്രിയങ്കരനാക്കിയത്.
തോലനു ആ പേരു വന്നതിന്റെ പിന്നിലും ഒരു
കഥയുണ്ട്. വൃഷലിയായ ചക്കിയുമായുണ്ടായ അവിഹിത ബന്ധം കാരണം ഭ്രഷ്ടനായി. അങ്ങനെ ബ്രഹ്മചര്യത്തിന്റെ
ലക്ഷണമായി ധരിച്ചുകൊണ്ടു നടന്നിരുന്ന തോല്‍ ഉപേക്ഷിക്കേണ്ടി വന്നുവത്രേ ! ആ തോല്‍ സ്വയം പറിച്ചു കളഞ്ഞതുകൊണ്ട് തോലന്‍ എന്ന
പേരുറച്ചു എന്നാണ് കഥ. തോലനെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് വകയിലൊരു
കാരണവരില്‍ നിന്നാണ്. തോലന്റേത് എന്നു പറഞ്ഞ് അങ്ങേര് എനിക്കൊരു ശ്ലോകാര്‍ദ്ധം
ചൊല്ലിത്തന്നു
“മുമ്പില്‍ത്തളിച്ചു പൂവിട്ടാല്‍
അപ്പീഠികയില്ലെന്നു
നിര്‍ണയം” എന്നായിരുന്നു ആ വരികള്‍ ! കഥാ സന്ദര്‍ഭം ഏതോ ഒരു രാജ്യത്തെ രാജാവിന്റെ
എഴുന്നള്ളത്തിന്റെ സമയം. തോലകവിക്ക് ഒരു കടക്കാരനുമായിട്ട് ശത്രുതയുണ്ട് .
എഴുന്നള്ളത്തിന്റെ സമയത്ത് അയാള്‍ക്കൊരു പണി കൊടുക്കുവാന്‍ കവി തീരുമാനിക്കുന്നു.
രാജാക്കന്മാരൊക്കെ എഴുന്നള്ളുമ്പോള്‍ കടകളുടെയൊക്ക മുന്നില്‍ ചാണകമൊക്കെ തളിച്ച്
പൂവിട്ട് വൃത്തിയാക്കി വെയ്ക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നത്രേ ! ഈ കടക്കാരനും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോഴാണ്
മുകളിലുദ്ധരിച്ച രീതിയില്‍ തോലന്റെ ഇടപെടലുണ്ടാകുന്നത്. അതായത് , മുന്നില്‍
തളിച്ച് പൂവിട്ടാന്‍ രാജാവിന് ഇഷ്ടമാകില്ലെന്നും കട തന്നെ തകര്‍ത്തു കളയും
എന്നുമാണ് കവി പറയുന്നത്.കൊട്ടാരവുമായി അടുത്ത ബന്ധമുള്ള കവിയുടെ വാക്കുകള്‍ ആ
പാവം കടക്കാരന്‍ വിശ്വസിച്ചു. അയാള്‍ ഒന്നും ചെയ്തില്ല. ആ നിഷേധ പ്രവര്‍ത്തി
കാര്യക്കാരന്‍ മുഖേന രാജാവിന്റെ ചെവിയിലെത്തിക്കുവാനും തോലന്‍ ശ്രമിച്ചു. രാജാവ്
ആളയച്ച് കടക്കാരനെ വരുത്തി. പ്രവര്‍ത്തിയുടെ കാരണം ചോദിച്ചു. അപ്പോള്‍ ആ പാവം, തോലന്‍ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെന്ന്
അറിയിച്ചു. തോലന്‍ വിളിപ്പിക്കപ്പെട്ടു. രാജാവിന് മുന്നില്‍ വണങ്ങിയ തോലന്‍
താനങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഇങ്ങനെയാണെന്നും ഉണര്‍ത്തിച്ചു :-
“മുന്നില്‍ത്തളിച്ചു ഭുമ്മിട്ടാല്‍
അപ്പിയിടുകയില്ലെന്ന്
നിര്‍ണയം “ കാര്യം മനസ്സിലായല്ലോ ? മൂത്രം ഒഴിച്ച്
കീഴ്‌ശ്വാസം വിട്ടാല്‍ അപ്പി ഇടുകയില്ല എന്ന കാര്യം ഉറപ്പാണ് എന്നത്രേ തോലന്‍
പറഞ്ഞത്! തോലനെ നന്നായി അറിയാവുന്ന രാജാവ് എല്ലാം ഒരു ചിരിയിലൊതുക്കി കടക്കാരനെ
മടക്കിയയച്ചുപോലും ! ഇക്കഥ പിന്നീട്
കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചും കേട്ടിട്ടുണ്ട്.
തോലന്‍ അതിരസികനായ ഒരു കവിയായിരുന്നു
എന്ന കാര്യത്തില്‍ സംശയമില്ല. ഒരുദാഹരണം നോക്കുക. കെട്ടിലമ്മ തന്നെക്കുറിച്ച് ഒരു
ശ്ലോകമെഴുതാന്‍ തോലനോട് ആവശ്യപ്പെടുന്നു. മലയാളികളെല്ലാം കേട്ടിരിക്കുന്ന
വിഖ്യാതമായ
അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ , തിലപുഷ്പമൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ – എന്ന ശ്ലോകത്തിന്റെ ഉദ്ഭവം അങ്ങനെയാണ്.
എന്നാല്‍ ആ പോക്കീ , പാട്ടീ , വാക്കീ, മൂക്കീ എന്ന പ്രയോഗമെന്നും ആയമ്മയ്ക്ക്
ബോധിച്ചില്ല. അത് ഇഷ്ടമായില്ലെന്നും വേറൊരെണ്ണം എഴുതണമെന്നും അവര്‍ വാശി പിടിച്ചു.
അപ്പോള്‍ തോലന്‍ എഴുതി
അര്‍ക്കശുഷ്കഫലകോമള സ്തനീ
ശര്‍ക്കരാസദൃശചാരുഭാഷിണീ
തിന്ത്രിണീദലസമാനലോചനേ
സിന്ധുരേന്ദ്രരുചിരാമലദ്യൂതേ – അതിസുന്ദരമായ മലയാള പദ്യത്തിലെ വര്‍ണനകള്‍ക്കു
പകരം പ്രൌഡോദാരമായ സംസ്കൃതത്തിന്റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലായില്ല എന്ന്
എടുത്തു പറയേണ്ടതില്ലല്ലോ.
അദ്ദേഹത്തിന്റെ
ചില ശ്ലോകങ്ങള്‍ നോക്കുക
മുളഞ്ഞാസനസൃഷ്ടീങ്കല്‍
വിളങ്ങും ചേര്‍ജലോചനേ
പൊതിപ്പെണ്ണച്ഛനോടൊത്ത
മാര്‍ജദ്വന്ദം വിരാജതേ
മറ്റൊന്ന്
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയ
കോണച്ചേട്ടാഭിധാനസ്യ
അര്‍ദ്ധാര്‍ദ്ധം പ്രണതോസ്മ്യഹം
നമ്മുടെ
സാഹിത്യ ചരിത്രത്തിലെ ഏറ്റവും ധൈര്യശാലിയായ ആദ്യവിമര്‍ശകനും അദ്ദേഹം തന്നെയാണെന്ന്
നിസ്സംശയം പറയാം. സന്ദര്‍ഭം ചേരമാന്‍ പെരുമാള്‍ തന്നെ എഴുതിയ സുഭദ്രാ ധനഞ്ജയം
നാടകത്തിന്റെ അവതരണ വേദി. നാടകം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും സദസ്യരുടെ
ഇടയിലുണ്ടായിരുന്ന തോലന്‍ അയ്യോ എനിക്ക് സഹിക്കാന്‍ വയ്യേ എന്നു പറഞ്ഞുകൊണ്ട്
ഉറഞ്ഞു തുള്ളി രംഗത്തേക്ക് വന്നു. എന്താകാര്യം എന്ന് അന്വേഷിച്ച രാജാവിനോട് ഞാന്‍
ശാകുന്തളം നാടകമാണ് . എന്നെ മോഷ്ടിച്ച് പകുതി സുഭദ്രാ ധനഞ്ജയത്തിന്
കൊടുത്തിരിക്കുന്നു എന്ന് പ്രതിവചിച്ചു. ശാകുന്തളത്തിന് അനുകരണമാണ് സുഭദ്രാ
ധനഞ്ജയമെന്നാണ് തോലന്‍ പറയുന്നതെന്ന് മനസ്സിലാക്കിയ സദസ്യര്‍ ചിരി തുടങ്ങി.
രാജാവാകട്ടെ ലജ്ജകൊണ്ടു തല കുനിച്ച് അവിടെ നിന്നും എഴുന്നേറ്റു പോയി.
രാജഭരണകാലമാണെന്നോര്‍ക്കണം. കബന്ധം എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ച മരുമകന്
ഉദാഹരണമടക്കം പറഞ്ഞു കൊടുക്കുന്നവരുടെ ഭരണം ! അപ്പോഴാണ് രാജാവിനെത്തന്നെ കളിയാക്കിക്കൊണ്ടുള്ള ഉഗ്രന്‍ വിമര്‍ശനം തോലന്‍
ഉന്നയിക്കുന്നത്.
തോലന്‍
നമ്മുടെ സാഹിത്യ ചരിത്രത്തിലെ രസികരാജനാണ്. എത്രയോ കഥകളുണ്ട് അദ്ദേഹത്തിന്റേതായി നമുക്ക്
പറയാന്‍ ! പാണ്ഡിത്യവും രസികത്തവും ഒത്തിണങ്ങിയ ഇത്തരം
മഹാജീവിതങ്ങളെ അടുത്തറിയുമ്പോഴാണ് നമ്മുടെ നിസ്സാരതയെക്കുറിച്ച് ബോധ്യമുണ്ടാകൂ. ഞാനെത്ര
നിസ്സാരനാണ് എന്ന് എന്നെ ബോധിപ്പിക്കുവാനാണ് ഈ കുറിപ്പ് , ഹൃദയരും കൈക്കൊള്ളുക!
||ദിനസരികള്
- 82 -2025 ജൂണ് 26 , മനോജ്
പട്ടേട്ട് ||
Comments