ബുദ്ദു. ചെമ്പിച്ച മുടിയും വെള്ളാരങ്കണ്ണുകളും പുള്ളിക്കുത്തുകള്‍ വീണ മുഖവും മഞ്ഞപ്പല്ലുകളുമുള്ള ബുദ്ദു. കൂട്ടുകാര്‍ അവനെ ഗോരാസാബെന്ന് കളിയാക്കി വിളിച്ചു. പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ് നൈനിത്താളിലെ നിരവിധി ദല്ലാളുകളിലൊരാള്‍ , സഞ്ചാരിയായ ഒരു സായിപ്പിന്റെ കൌതുകങ്ങള്‍ക്ക് കാഴ്ചവെച്ച ഒരു പെണ്ണായിരുന്നു അവന്റെ അമ്മ ! അയാളില്‍ നിന്നാണ് ബുദ്ദുവിന് വെളളാരംകണ്ണുകളും ചെമ്പിച്ച മുടിയും കിട്ടിയതത്രേ !  ആറേഴുകൊല്ലങ്ങള്‍ക്കു മുന്നേ അവളും മരിച്ചു. ഇപ്പോള്‍ മേഫ്ലവര്‍ എന്നു പേരുള്ള തോണിയില്‍ നൈനിത്താളിലെത്തുന്ന സഞ്ചാരികളെ കയറ്റി  തണുത്ത തടാകത്തില്‍ വട്ടംചുറ്റിച്ച് രസിപ്പിക്കുകയാണ് ഇപ്പോള്‍ അവന്റെ ജോലി. ഓരോ സീസണിലും തടാകതീരത്തേക്ക് എത്തുന്ന യാത്രികരുടെ ഓരോ സംഘത്തേയും അവന്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പൂച്ചക്കണ്ണുകളുള്ള ഏതെങ്കിലും വെള്ളക്കാരനുണ്ടോ അക്കൂട്ടത്തില്‍ എന്നാണ് അവന്‍ പരതുന്നത്. എന്നെങ്കിലും തന്റെ അച്ഛന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തടാകത്തിലേക്ക് ഇറങ്ങിവരുമെന്നും അവന്‍ പ്രതീക്ഷിക്കുന്നു.

 

“ കാണുമ്പോള്‍ നീ എന്താണ് ചോദിക്കുക “

“ എന്തു ചോദിക്കാന്‍ ? ഞാനൊന്നും ചോദിക്കില്ല. ഒന്നു കാണണം അതുതന്നെ

 

*****************

 

എം ടിയുടെ മഞ്ഞ് എന്ന നോവലില്‍ നാം വിമലയുടെ കാത്തിരിപ്പിന്റെ കഥയാണ് വായിക്കുന്നത്. എന്നാല്‍ മഞ്ഞ് , വിമലയുടെ കഥമാത്രമല്ല പറയുന്നത്. അത് ഒരേ സമയം സ്വന്തം പിതാവിനെ കാത്തിരിക്കുന്ന ബുദ്ദുവിന്റേയും             മരണത്തെ കാത്തിരിക്കുന്ന സര്‍ദാര്‍ജിയുടേയും കഥയാണ്. അത് ഗോമസിനെ കാത്തിരിക്കുന്ന അമ്മയുടേയും കാമുകന്‍മാരെ കാത്തിരിക്കുന്ന പുഷ്പാ സര്‍ക്കാറിന്റേയും വെള്ളാരംകണ്ണുള്ള യുവാവിനെ കാത്തിരിക്കുന്ന രശ്മിയുടേയും യാത്രികരെ കാത്തിരിക്കുന്ന മേഫ്ലവര്‍ എന്ന ബോട്ടിന്റേയും കഥകൂടിയാകുന്നു. നൈനിത്താളിലെ ഓരോന്നും മറ്റെന്തിനോ വേണ്ടി കാത്തിരിക്കുകയാണ്. എന്നെങ്കിലും ആരെങ്കിലുമൊക്കെ മടങ്ങി വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ !  ജീവിതത്തിന്റെ ഏതൊക്കെയോ വളവുകളില്‍ നമ്മെ കാത്തിരിക്കുന്ന മരണത്തിലേക്ക് നാം ചെന്നു കയറുന്നതുവരെ ആ കാത്തിരിപ്പ് നീണ്ടുനീണ്ടുപോകുന്നു.

 

            കാത്തിരിപ്പുകളുടെ ഈ എണ്ണമറ്റ കഥകള്‍ക്കിടയില്‍ തികച്ചും വേറിട്ട ഒന്നാണ് ബുദ്ദുവിന്റെ കഥ. മറ്റുള്ളവരുടെ കാത്തിരിപ്പിന് അവരുടെ കൂടി പങ്കാളിത്തം പ്രധാനഘടകമാണെങ്കില്‍ ബുദ്ദുവിന്റെ കാത്തിരിപ്പില്‍ അയാള്‍ക്ക് യാതൊരു പങ്കുമില്ല. ഒരു സഞ്ചാരിയുടെ ഉല്ലാസ ജീവിതത്തിലെ ഏതോ നിമിഷങ്ങളില്‍ സംഭവിച്ചു പോയ ഒരപകടമായിരുന്നു ബുദ്ദുവിന്റെ ജനനം.  തന്റെ ജന്മത്തിന് കാരണക്കാനായവന്‍ എന്നെങ്കിലും ഒരിക്കല്‍ ഈ വഴികളിലൂടെ മടങ്ങി വരും എന്ന പ്രതീക്ഷ ഓരോ സീസണിലും അയാളെ ജാഗ്രതയുള്ളവനാക്കുന്നു. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഓരോ സീസണുകളും കഴിഞ്ഞുപോകുന്നു. നിരാശമാത്രമാണ് ഫലമെങ്കിലും അടുത്ത തവണയെങ്കിലും അയാള്‍ എത്താതിരിക്കില്ല എന്ന പ്രതീക്ഷയില്‍ പിന്നേയും തിടംവെയ്ക്കുകയാണ് ബുദ്ദുവിന്റെ ജീവിതം.

           

            ഒരു പക്ഷേ എം ടി മഞ്ഞില്‍ ആവിഷ്കരിക്കുന്ന ജീവിതങ്ങളില്‍ ഏറ്റവും തെളിച്ചമുള്ളത് ബുദ്ദുവിന്റേതാണെന്ന് എനിക്കു തോന്നുന്നു. നോവലിന്റെ പൊതുധാരയില്‍ വിമലയുടേയും സുധീര്‍കുമാര്‍ മിശ്രയുടേയും കഥയ്ക്കാണ് കൂടുതല്‍ തിളക്കം എന്ന കാര്യം മറന്നു കൊണ്ടല്ല ഞാനിത് പറയുന്നത്. അവരുടെ പ്രണയവും – ഒരു പക്ഷേ പ്രണയമെന്ന് തോന്നിയത് വിമലയ്ക്ക് മാത്രമാണ്. അയാള്‍ക്ക് പ്രണയമായിരുന്നില്ല. തന്റെ കാമനകളെ പ്രചോദിപ്പിക്കുവാനും ശമിപ്പിക്കുവാനുമുള്ള ഒരിടം മാത്രമായിരുന്നു സുധീറിന് വിമല. വിമലയ്ക്കാകട്ടെ പരിശുദ്ധ പ്രണയത്തിന്റെ പതാകാവാഹകനാണ് സുധീറെന്ന് തോന്നിയതില്‍ അഥവാ തോന്നിപ്പിച്ചതില്‍ സുധീറിന് പങ്കുണ്ടാകാം, എന്നാല്‍ ആ പാപഭാരം ഏറ്റെടുക്കേണ്ട ബാധ്യത വായനക്കാരനില്ല. അതുകൊണ്ടുതന്നെ ഒരു മിഥ്യ കാത്തിരിക്കുകയാണെന്ന് വിമല എന്ന് നമുക്കറിയാം, അവര്‍ക്ക് അത് അറിയില്ലെങ്കിലും.-  കാത്തിരിപ്പുമെല്ലാം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ധാരണകളുടേയും അന്തര്‍വ്യവഹാരങ്ങളുടേയും ഫലമാണ്. എന്നാല്‍ ബുദ്ദു , തനിക്ക് യാതൊരു പങ്കുമില്ലാത്ത ഒരു കര്‍മ്മത്തിലെ പ്രധാനിയെയൊണ് കാത്തിരിക്കുന്നത്. ഈ രണ്ടു കാത്തിരിപ്പുകളേയും   താരതമ്യപ്പെടുത്തി മഹത്വം നിശ്ചയിക്കേണ്ട ബാധ്യത വായനക്കാരന്റെ മാത്രം ഉത്തരവാദിത്തമാകുന്നു.  എന്റെ തുരുപ്പ് ഞാന്‍ മേശപ്പുറത്തെടുത്തിട്ടിരിക്കുന്നു. - അതിന്റെ പരാജയവും നിശ്ചയിക്കേണ്ടത് വായനക്കാര്‍ സ്വന്തം ഉരകല്ലിന്റെ സഹായത്തോടെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്ത.

 

            ബുദ്ദുവിന് സ്വന്തമായി ഒരു പേരുണ്ടായിരുന്നില്ല. “ നിന്റെ പേരെന്താണ്” എന്ന വിമലയുടെ ചോദ്യത്തിന്  ബുദ്ദു. അങ്ങനെയാണ് എന്നെ ആളുകള്‍ വിളിക്കുന്നത് “ എന്നാണ് അവന്റെ ഉത്തരം. അച്ഛനെ കാത്തിരിക്കുന്ന അവന്റെ കൈയ്യില്‍ അയാളുടെ പഴകി മങ്ങിയ ഒരു ഫോട്ടോ മാത്രമാണ് അവശേഷിക്കുന്നത്. കീശയില്‍ സൂക്ഷിച്ച തോലുറയില്‍ നിന്നും ആ ചിത്രമെടുത്ത് അവന്‍ വിമലയെ കാണിക്കുന്നുണ്ട്.  കാലപ്പഴക്കം കൊണ്ട് തവിട്ടു വീണു പൊള്ളിപ്പോയ ഒരു ഫോട്ടോ ! മുറിക്കാലുറകളും പുള്ളോവറുമിട്ട ആ ചെറുപ്പക്കാരന്‍ സായിപ്പാണ് തന്റെ അച്ഛനെന്നാണ് അവന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ അമ്മ വിശ്വസിപ്പിച്ചിരിക്കുന്നത്.  ആ വിശ്വാസം ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാന്‍ ഒരവസരം നമുക്ക് നോവലിസ്റ്റ് അനുവദിക്കുന്നില്ല. അവന്‍ വിശ്വസിക്കുന്നതുപോലെ നമുക്കും വിശ്വസിക്കാം. പക്ഷേ അതിനെക്കാള്‍ സാധ്യത അമ്മ അവനെ ബോധ്യപ്പെടുത്താന്‍ ഏതോ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു എന്നതിനാണെന്ന് ഞാന്‍ കരുതുന്നു. കാരണം , ഏതാനും കുറഞ്ഞ സമയത്തെ വേഴ്ചകളില്‍ ഒരു ഫോട്ടോ സംഘടിപ്പിക്കുവാനുള്ള സാവകാശം അവള്‍ക്കു കിട്ടി എന്ന വിശ്വസിക്കുന്നത് തികച്ചും യാന്ത്രികമായിപ്പോയേക്കാം. പിന്നീട് മകന്‍ മുതിര്‍ന്നപ്പോള്‍ അവനെ വിശ്വസിപ്പിക്കുവാന്‍ ഉപയോഗിച്ച ഒരു ഫോട്ടോ മാത്രമായിരിക്കാം അത്. അങ്ങനെയെങ്കില്‍ എന്തൊരു പറ്റിക്കപ്പെടലാണ് അത് ? എന്നിട്ടോ ഒരു നിഴല്‍ ജന്മം മറ്റൊരു നിഴല്‍ സ്വരൂപത്തേയും കാത്ത് ഒരു ജീവിതകാലം മുഴുവനങ്ങനെ കഴിഞ്ഞുകൂടുന്നു.

 

            എം ടി ബുദ്ദുവിന്റെ കാത്തിരിപ്പിനെ വിമലയുടെ കഥയോടൊപ്പം ചേര്‍ത്തു വെച്ചുകൊണ്ട് വിമലയുടെ കഥയ്ക്ക് കൂടുതല്‍ മിഴിവു നല്കുവാന്‍ ഒരു വൃഥാശ്രമം നടത്തിനോക്കുന്നുണ്ട്. പക്ഷേ അപ്പോഴും നമുക്ക് കൂടുതല്‍ ആര്‍ജ്ജവമുള്ളതും നിഷ്കളങ്കമായതും ബുദ്ദുവിന്റെ തോരാത്ത കാത്തിരിപ്പാണെന്ന് പക്ഷം പിടിക്കേണ്ടിവരുംഎം ടി എഴുതുന്നു  :-  “ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ബസ് സ്റ്റാന്റിലോ മന്ദിരത്തിന്റെ പടിക്കലോ പഴയ ഒരു തോലുറ നെഞ്ഞിനടുത്ത് സൂക്ഷിച്ചു കൊണ്ട് തോണിക്കാരന്‍ ബുദ്ദു കിടന്നുറങ്ങുകയാകുമിപ്പോള്‍. ഒരിക്കല്‍ അവന്റെ ഗോരാ സാഹിബ് വരാതിരിക്കില്ല

ഒരിക്കല്‍ വരാതിരിക്കില്ല...

ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകായിരുന്നു.

കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞു വീഴുന്നു, ഉരുകുന്നു, വീണ്ടും മഞ്ഞിന്‍ പടലങ്ങള്‍ തണുത്തുറഞ്ഞു കട്ടപിടിക്കുന്നു.

നാമെല്ലാം കാത്തിരിക്കുന്നു. മഞ്ഞപ്പല്ലുകളും മുഖത്തു പുള്ളിക്കുത്തുകകളുമുള്ള ബുദ്ദുവിനോട് സ്നേഹം തോന്നി.അവന്റെ കഥ കേട്ടവരെല്ലാം പരിഹസിച്ചിട്ടേ ഉണ്ടാവുകയുള്ളു.

അവള്‍ക്കു മനസ്സിലാക്കാം. കാരണം ഒമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ഒരു സ്വപ്നം വീണ്ടും മുന്നില്‍ ജീവന്‍ കൊള്ളുമെന്ന് ഓരോ ഏപ്രില്‍ മാസത്തിലും ഓര്‍ത്തുപോകുന്നു “ എംടി , ബുദ്ദുവിന്റെ ഓര്‍മ്മകളിലൂടെ അവതരിപ്പിച്ച് അനുഭവിപ്പിക്കാന്‍ ശ്രമിക്കുന്നത് വിമലയുടെ വേദനകളെയാണെങ്കിലും വായനക്കാരന്‍ കൂടുതല്‍ ആഴത്തില്‍ ബുദ്ദുവിനെ അറിയുന്നുവെന്നതാണ് ഇവിടെ സംഭവിക്കുന്നത്. നോവലിസ്റ്റിന്റെ – സ്രഷ്ടാവിന്റെ – കൈയ്യടക്കങ്ങളില്‍ നിന്നും കഥപാത്രം കുതറിമാറി രക്ഷപ്പെടുന്ന അപൂര്‍വ്വം സന്ദഭങ്ങളിലൊന്നാണിതെന്ന് പറയാതെ. അതായത് എഴുത്തുകാരന് തന്റെ സൃഷ്ടിയുടെ മുകളിലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും കഥാപാത്രം തനിമ തേടുകയും ചെയ്യുന്നതാണ് നാം ഇവിടെ കാണുന്നത്.

 

 “ സീസണ്‍ എത്ര വേഗം കഴിഞ്ഞു അല്ലേ മേംസാബ് “

ശരിയാണ്

ആരും വന്നില്ല

അവളും അസ്വസ്ഥമായ സ്വരത്തില്‍ പറഞ്ഞു

ആരും വന്നില്ല

അടുത്ത കൊല്ലം നോക്കാം , അല്ലേ മേംസാബ് ?”

ആ.. അടുത്ത കൊല്ലം

വരാതിരിക്കില്ല അല്ലേ മേം സാബ് “

വരാതിരിക്കില്ല “

 

ഈ കാത്തിരിപ്പില്‍ വിമലയോടൊപ്പമല്ല , ഞാന്‍ ബുദ്ദുവിനോടൊപ്പമാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ !

 

||ദിനസരികള്‍  -  81 -2025 ജൂണ് 24 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍