ബി നിലവറയിലെ നിധിശേഖരത്തെപ്പറ്റി ലോകം അറിയുന്നതിനും മുന്നെയാണ് ഞാന്‍ അനന്തപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചത്. ഇതുപോലെയുള്ള ആരാധന കേന്ദ്രങ്ങളില്‍ വീട്ടുകാരുമൊത്ത് പോകുമ്പോള്‍ അവരെ അവരുടേതായ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്ത് അവിശ്വാസിയായ ഞാന്‍ ചുറ്റുപാടുകളിലൂടെ നടന്ന് കൊത്തുപണികളും മ്യൂറല്‍ പെയിന്റിംഗുകളും മറ്റും കാണുവാനാണ് ശ്രമിക്കുക. ഇവിടേയും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കൂടെയുള്ളവരെ പത്മനാഭനെ കാണുന്നതിന് വിട്ടുകൊടുത്ത് ഞാന്‍ പതിവുപോലെ ചുറ്റാനിറങ്ങി.  ആ ചുറ്റലിനിടയിലാണ് കിഴക്കേ നടയിലെ പ്രവേശന ഗോപുരത്തിന് മുകളില്‍ കയറാം എന്ന് മനസ്സിലാകുന്നത്. ഒട്ടും അമാന്തിച്ചില്ല , പ്രവേശന ഗോപുരത്തിന്റെ ഇടതുവശത്തൂകൂടെ പടികള്‍  കയറി മുകളിലേക്കുള്ള യാത്രയായി. ഏഴു നിലകളിലായാണ് ഗോപുരം പണിതിരിക്കുന്നത് എന്നാണോര്‍മ്മ. എന്തായാലും ഏറ്റവും മുകളിലുള്ള താരതമ്യേന ചെറുതായ മുറിയില്‍ നിന്നും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുവാന്‍ കിളിവാതിലുകളുണ്ട് ; ആ കാഴ്ച അതീവ രസകരവുമാണ്. ആവശ്യത്തിന് സമയമെടുത്ത് ഓരോ നിലകളിലും ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചവസ്തുക്കളെല്ലാം കണ്ട് താഴെയിറങ്ങിയിട്ടും നേരത്തെ അകത്തുപോയവര്‍ തിരിച്ചെത്തിയിട്ടില്ല. ഇനിയും സമയമുണ്ട്. അതുകൊണ്ട് ഞാന്‍ ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു. നാടകശാല , കുലശേഖര മണ്ഡപം , ഒറ്റക്കല്‍ മണ്ഡപം , ശ്രീകോവില്‍ , ദീപശാല തുടങ്ങി എല്ലാ സ്ഥലങ്ങളും ചുറ്റി നടന്നു.

 

            ഏഴ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചാതുരി ആരേയും അമ്പരിപ്പിക്കുന്നതാണ്.              എട്ടോ ഒമ്പതോ നൂറ്റാണ്ടുകളിലാണ് അനന്തപദ്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത് എന്നതാണ് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍  ചരിത്രകാരന്മാര്‍ എത്തിയിട്ടുള്ള നിഗമനം. മണ്ഡപങ്ങളും സ്തംഭങ്ങളും മേല്‍പ്പുരകളും മറ്റും മറ്റുമായി ധാരാളം നിര്‍മ്മിതികള്‍ കരിങ്കല്ലില്‍ നടത്തിയിരിക്കുന്നു. അനന്തപത്മനാഭനെ ഭക്തര്‍ ദര്‍ശിക്കുന്നത്  ശ്രീകോവിലിനു മുന്നിലെ വിശാലമായ ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി നിന്നുകൊണ്ടാണ്. അവിടെയെത്തിയ ഭക്തരൊന്നും തന്നെ ക്ഷേത്ര നിര്‍മ്മിതിയെ വിശ്വാസത്തിന്റെ ഭാഗമായി കണ്ട് വണങ്ങുന്നുവെന്നല്ലാതെ അത്ഭുതകരമായ ഒരു ശില്പനിര്‍മ്മിയ്ക്കാണ് താങ്കള്‍ സാക്ഷ്യം വഹിക്കുന്നത് എന്നൊന്നും ചിന്തിക്കുന്നുണ്ടെന്ന് തോന്നിയില്ല. എങ്ങനെയെങ്കിലും ദര്‍ശനം കിട്ടണം എത്രയും വേഗം മടങ്ങണം എന്നതിനപ്പുറമുള്ള താല്പര്യമൊന്നും അവരില്‍ കണ്ടില്ല. എനിക്കാണെങ്കില്‍ ഭക്തി രസത്തിനോട് വിരക്തിയായതുകൊണ്ട് ഇഷ്ടം പോലെ സമയമുണ്ടുതാനും . ഏതാനും സമയം കൂടി ചുറ്റിക്കറങ്ങിയെങ്കിലും ബന്ധുമിത്രാദികളെയൊന്നു അകത്ത് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ പുറത്തിറങ്ങി. പുറത്ത് അവരെന്നേയും കാത്തു നില്ക്കുന്നുണ്ടായിരുന്നു. വിശ്വാസമില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങള്‍ അറിയാതെ കയറിത്തൊഴുതു അല്ലേ എന്നൊരു കമന്റ് ആ കൂട്ടത്തില്‍ നിന്നുമുയര്‍ന്നത് കേട്ടില്ലെന്ന് നടിച്ചു.

 

            ഈ ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണം, ആര്‍ സത്യ എഴുതിയ കഥ പറയുന്ന ശിലകള്‍ എന്ന പുസ്തകമാണ്. അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണ വൈഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് മറ്റാരും നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് എഴുതിയ Sentinels of Glory എന്ന ഈ പുസ്തകം കര്‍ണ്ണാടക സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയിട്ടുണ്ട് . പുസ്തകം,  എം ചന്ദ്രപ്രകാശ് മലയാളത്തിലാക്കുകയും  ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു.   അനന്തപത്മനാഭ സ്വാമി ക്ഷേത്ര നിര്‍മ്മാണത്തിലെ ശില്പകലയും സാങ്കേതിക വിദ്യകളും പഠന വിഷയമാക്കുന്നിതിനോടൊപ്പം നിര്‍മ്മിതിയില്‍ ഉപയോഗിച്ചിരിക്കുന്ന കല്ലുകളെക്കുറിച്ചും ഈ പുസ്തകം സവിസ്തരം അന്വേഷിക്കുന്നു.

 

            1965 ലാണ് ഗ്രന്ഥകാരനായ സത്യ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ ശ്രീകോവിന് മുന്നിലായി പ്രതിഷ്ഠിക്കപ്പെട്ട കല്‍മണ്ഡപമാണ് അദ്ദേഹത്തിലെ അന്വേഷകനെ ഉണര്‍ത്തിയത്. ഏഴു മീറ്റര്‍ നീളവും ഏഴുമീറ്റര്‍ വീതിയും ഒരു കനവുമുള്ള ആ പടുകൂറ്റന്‍ കരിങ്കല്‍ പാളി എങ്ങനെയാണ് അവിടെ എത്തിച്ചത് എന്ന് അദ്ദേഹം അത്ഭുതംകൊണ്ടു.ആ അത്ഭുതമാകട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ചരിത്രം തേടിയിറങ്ങിയ ഒരു രസകരമായ അന്വേഷണത്തിന് തുടക്കം കുറിച്ചു. ശില്പ നിര്‍മ്മാണത്തിന് ഉതകുന്ന ഗുണനിലവാരമുള്ള കല്ലുകള്‍ എവിടെ നിന്നാണ് കണ്ടെത്തിയത് ? എന്ത്  സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കല്ലുകള്‍ ഇവിടെ എത്തിച്ചത് ? എങ്ങനെയാണ് അവയുടെ സംയോജനം നിര്‍വ്വഹിച്ചത് ? നിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുത്ത ശില്പികള്‍ എവിടെ നിന്നാണ് എത്തിയത് ? ഇങ്ങനെ ഒരു പിടി ചോദ്യങ്ങള്‍ സത്യയുടെ മുന്നില്‍ ഉയര്‍ന്നു വന്നു.

 

            സത്യ എഴുതുന്നു :- ഗോപുരം കടന്നാല്‍ സന്ദര്‍ശകനെത്തുന്നത് ക്ഷേത്രാന്തര്‍ഭാഗത്തെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഇടനാഴിയിലേക്കാണ്. ഇതാണ് ശീവേലിപ്പുര. ഇതിന്റെ പ്രൌഡിയും വലുപ്പവും ഏതൊരാളേയും അമ്പരപ്പിക്കും. 6 മീ വീതിയും 7 മീറ്റര്‍ ഉയരവുമുള്ള ഈ പ്രദക്ഷിണ വഴിയുടെ ഇരുവശത്തുമായി 365 കരിങ്കല്‍ തൂണുകള്‍ മുകളിലുള്ള കരിങ്കല്‍ മേല്‍ക്കൂരയെ താങിനിറുത്തുന്നു. മേല്‍ക്കൂരയിലും തറയിലുമെല്ലാം പാകിയിരിക്കുന്നത് കരിങ്കല്‍പ്പാളിയാണ്. ചുറ്റുമതിലിന് സമാന്തരമായി ദീര്‍ഘ ചതുരാകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ചുറ്റമ്പലത്തിന് അര കിലോമീറ്ററോളം നീളമുണ്ട്.പ്രധാന ദേവ വിഗ്രഹത്തിന് മുന്നിലായി ശീവേലിപ്പുരയോട് ചേര്‍ന്ന് ഒരു പീഠത്തില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞ ഒരു കൊടിമരം സ്ഥാപിച്ചിട്ടുണ്ട്. ഇടതുവശത്തായി കുലശേഖരമണ്ഡപം സ്ഥിതി ചെയ്യുന്നു. അവിടെ വളരെ വിശിഷ്ടമായി കടഞ്ഞെടുത്ത വിഗ്രഹങ്ങളും സംഗീതമുതിര്‍ക്കുന്ന തൂണുകളുമുണ്ട്. ഇവിടവും കഴിഞ്ഞാല്‍ പ്രവര്‍ത്തന നിരതമായ ഏതാനും മണ്ഡപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു നടുമുറ്റക്കേത്ത് എത്തുന്നു. ഇതിന്റെ ഇടതുവശത്തിന്റെ മുന്നിലായാണ് ശ്രീകോവിലിലേക്കുള്ള പ്രവേശന വാതില്‍.  ശ്രീകോവിലിന് മുന്നിലായി ഒറ്റക്കല്‍ മണ്ഡപം സ്ഥിതി ചെയ്യുന്നുഇങ്ങനെ ക്ഷേത്രത്തിന്റെ നിര്‍മ്മാണ സ്വരൂപങ്ങളെ അവധാനതയോടെ അവതരിപ്പിച്ചതിനുശേഷം ഓരോന്നിന്റേയും പ്രത്യേകതകളേയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുസ്തകം മുന്നോട്ടു പോകുന്നത്.

 

            ഉപയോഗിച്ച കല്ലുകളുടെ ഉറവിടങ്ങള്‍ കണ്ടെത്താനും താരതമ്യം ചെയ്ത് ഉറപ്പുവരുത്തുവാനും  സത്യ പ്രത്യേകം ശ്രദ്ധ വെയ്ക്കുന്നുണ്ട്. തിരുമലയില്‍ നിന്നും കോവളത്തുനിന്നും മനുഷ്യന്റെ അധ്വാന ശേഷിയെ മാത്രം അടിസ്ഥാനമാക്കിയാണ് കല്ലുകള്‍  എത്തിച്ചത്. കേവലം എട്ടുകിലോമീറ്റര്‍ മാത്രം ദൂരെയുള്ള തിരുമലയില്‍ നിന്നും ഒററക്കല്‍ മണ്ഡപത്തിന്റെ കല്ല് എത്തിക്കുവാന്‍ 42 ദിവസമാണ് എടുത്തത്. ഏകദേശം മുപ്പതുമീറ്റര്‍ ഉയരവും കാല്‍ കിലോമീറ്റര്‍ നീളവും അടിഭാഗം 45 മീറ്റര്‍ വ്യാപ്തവും മുകള്‍ ഭാഗം 15 മീറ്റര്‍ വ്യാപ്തവുമുള്ള ഒരു കല്ലുമല തന്നെ ഈ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായി വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 5  ലക്ഷം മണിക്കൂറെങ്കിലും തൊഴിലാളികളുടെ അധ്വാനശേഷി വിനിയോഗിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ വിശ്വാസത്തിന് അപ്പുറം കടുത്ത അധ്വാന ശേഷിയെ വിനിയോഗിക്കേണ്ട ഒരു പ്രവര്‍ത്തിയായിരുന്നു ഈ ക്ഷേത്ര നിര്‍മ്മാണമെന്ന് വ്യക്തമാണ്. വിദഗ്ദരും അവിദഗ്ദരുമായ തൊഴിലാളികളെ കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുകളോടെ അണി നിരത്തിയാല്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു ബൃഹദാകാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുകയുള്ളു. ആ എന്‍ജിനീയറിംഗ് വൈദഗ്ദ്യം നേടിയ തൊഴിലാളികളെ നാം ഓര്‍ക്കാതെ വയ്യ.

 

            എന്തായാലും അത്ഭുതകരമായ ഒരു നിര്‍മ്മാണത്തിന്റെ ഉള്ളുകളിലേക്ക് ഇറങ്ങിച്ചെല്ലാനും ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാനും സത്യയുടെ ഈ ശ്രമം നമ്മെ സഹായിക്കുമെന്ന് നിസ്സംശയം പറയാം.  

 

||ദിനസരികള് - 79 -2025 ജൂണ് 22 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍