എനിക്കിപ്പോള്‍
യയാതിയെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.
വി എസ് ഖാണ്ഡേക്കറുടെ യയാതി ഞാന്‍ വായിച്ചത് ഹൈസ്കൂള്‍
കാലങ്ങളിലായിരുന്നു. പ്രൊഫസര്‍ പി മാധവന് പിള്ള 1980 ല്‍ മലയാളത്തിലേക്ക്
മൊഴിമാറ്റം നടത്തിയ യയാതി , കുത്തഴിഞ്ഞും ഏറെ മുഷിഞ്ഞുമാണ്
എന്റെ സ്കൂളിന്റെ ലൈബ്രറിയില്‍ നിന്നും എനിക്ക് കണ്ടെത്താനായത്. പുസ്തകത്തിന്റെ ആ
അവസ്ഥ സൂചിപ്പിച്ചത് , നോവല്‍ അത്രയധികമാളുകള്‍
നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്. വായന തുടങ്ങി ഏതാനും പേജുകള്‍
മറിഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാനൊരു വലയ്ക്കുള്ളില്‍ പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന്
എനിക്കു മനസ്സിലായി. നോവല്‍ വായിച്ചവസാനിപ്പിക്കാതെ ആ വലയ്ക്കുള്ളില്‍
നിന്നും പുറത്തുകടക്കുക അസാധ്യമായി. അത്രമാത്രം യയാതി എന്നെ
കുടുക്കിക്കഴിഞ്ഞിരുന്നു. ഖാണ്ഡേക്കര്‍
പ്രസരിപ്പിച്ച ആ കാന്തിക വലയത്തിന്റെ മാസ്മരികപ്രഭയില്‍ ഞാന്‍ സ്വയം നഷ്ടപ്പെട്ടു
ഒഴുകുകയായിരുന്നു.
ജീവിത തൃഷ്ണകളുടെ വേലിയേറ്റങ്ങളില്‍ മുഗ്ദനായി, ആസ്വദിച്ചിട്ടും ആസ്വദിച്ചിട്ടും അവസാനിച്ചു കിട്ടാത്ത
കാമനകളുടെ നിരന്തര പ്രേരണകള്‍ക്കു പിന്നാലെ പതറിയോടി കുഴഞ്ഞു വീണുപോയ ഒരു മനുഷ്യന്
, ആത്യന്തികമായ തിരിച്ചറിവിലേക്ക് എത്തുമ്പോള്‍
പറഞ്ഞു പോകുന്ന വാക്കുകളിലാണ് ഈ നോവല്‍ എഴുത്തുകാരന് അവസാനിപ്പിക്കുന്നത്. യയാതി , അവസാനം, പുരുവിനോ , തനിക്ക് തനറെ യൌവനം ദാനമായി തന്ന മകനോട്, പറഞ്ഞു " സുഖത്തിലും ദുഖത്തിലും എല്ലായ്പ്പോഴും
ഒരു കാര്യം ഓര്‍മ്മയിരിക്കട്ടെ. കാമവും അര്‍ത്ഥവും പുരുഷാര്‍ത്ഥങ്ങളാണ്.
പ്രേരകങ്ങളായ പുരുഷാര്‍ത്ഥങ്ങള്‍ ! എന്നാല്‍ ഈ പുരുഷാര്‍ത്ഥങ്ങള്‍ സ്വച്ഛന്ദം
ഓടുന്നവയാണ്. അവ അന്ധമായിത്തീരുമെന്ന് വിശ്വസിക്കുവാന്‍ വയ്യ. അവയുടെ
കടിഞ്ഞാണ്‍ എപ്പോഴും ധര്‍മ്മത്തിന്റെ കൈയ്യിലായിരിക്കണം" നോക്കൂ
, സ്വന്തം മകന്റെ യൌവനം ഇരന്നുവാങ്ങിയ പിതാവ് , താനത്രനാളും ജീവിച്ച ജീവിതമൊക്കെ ഒരു പാഴ്ക്കിനാവാണെന്ന്
തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തില്‍ പുരുഷാര്ത്ഥങ്ങളില് ധര്‍മ്മത്തെക്കുറിച്ചു
തന്നെയല്ലേ ചിന്തിച്ചു പോകുക ?
യയാതിയുടെ
കഥ ചുരുക്കിപ്പറയാം. അതിപ്രതാപിയായ നഹുഷന്റെ മകന് ! രാജാവ് ! രണ്ടുഭാര്യമാര് ! ഒന്ന് വിധിപ്രകാരവും മറ്റൊന്ന് ഗാന്ധര്‍വ്വവും ! യഥാക്രമം
ദേവയാനിയും, ശര്‍മ്മിഷ്ഠയും ! സ്വന്തം
മകളായ ദേവയാനിയെ വഞ്ചിച്ച് ശര്‍മ്മിഷ്ഠയെ രഹസ്യമായി പാണിഗ്രഹണം ചെയ്ത യയാതിയോട്
ദേവയാനിയുടെ അച്ഛന് ശുക്രാചാര്യര്‍ കോപാകുലനായി. ആ കോപത്തില്‍ നിന്നാണ് യയാതിയുടെ
യൌവനം നഷ്ടമാകട്ടെ എന്ന കൊടുംശാപം പുറപ്പെട്ടു പോരുന്നത്. മഹര്‍ഷി ഒന്നു
തണുത്തപ്പോള്‍ ശാപമോക്ഷമനുവദിക്കണം എന്ന പ്രാര്‍ത്ഥനയ്ക്ക് വശംവദനായി ആരെങ്കിലും
തന്റെ യൌവനം സ്വമേധയാ നല്കുകയാണെങ്കില് സ്വീകരിച്ചു ശാപവിമുക്തി നേടുക എന്ന
ആശ്വാസവചനം മുനിയില്‍ നിന്നുമുണ്ടായി. ശാപമോക്ഷത്തിനായി യയാതി പലരോടും യൌവനം
ആവശ്യപ്പെട്ടു. മക്കളായ യദു, തുർവ്വാസു ദൃഹ്യു, അനു, പുരു
തുടങ്ങിയവരോടും അദ്ദേഹം സ്വന്തം സ്ഥാനം മറന്നുകൊണ്ട് യൌവനത്തിനുവേണ്ടി
അപേക്ഷിച്ചു. എന്നാല്‍ മക്കളില്‍ പുരുവൊഴികെ ആരും തന്നെ പിതാവിന്റെ അഭ്യര്‍ത്ഥനയെ
മാനിച്ചില്ല. ശര്‍മ്മിഷ്ഠയുടെ പുത്രനായ പുരു സസന്തോഷം പിതാവിന്റെ കാമിതം
നിറവേറ്റിക്കൊടുത്തു. യയാതി വീണ്ടും തിളയ്ക്കുന്ന ലോകഭോഗങ്ങളില്‍ പുളച്ചു
മദിച്ചുകൊണ്ട് ജീവിതം ആസ്വദിക്കുവാന്‍ തുടങ്ങി.
എനിക്ക് പക്ഷേ യയാതിയുടെ ആവേശങ്ങളുടെ അവസാനിക്കാത്ത
തിരതള്ളലുകളെക്കുറിച്ച് ഈ നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരുതരം പുശ്ചമായിരുന്നു
തോന്നിയത്. സ്വന്തം മകനെ ജരാനരകള്‍ ബാധിച്ച് ആധിയില്‍ നരകിയ്ക്കുവാന്
വിട്ടുകൊടുത്തുകൊണ്ട് അവന്റെ യൌവനം കടം വാങ്ങിയ ഈ പിതാവ് , എല്ലാ പിതാക്കന്മാര്ക്കും അപമാനമാണ് എന്ന് ഞാന്‍ കരുതി.
എന്നാല്‍ ജീവിതമെന്ന മഹാവൃക്ഷത്തില്‍ നിന്നും കാലങ്ങള്‍ ഏറെ കൊഴിഞ്ഞു തീര്‍ന്നിരിക്കുന്ന
ഈ മധ്യകാലസംക്രാന്തിയില് യയാതിയുടെ ആര്‍ത്തികളെ എനിക്ക് മനസ്സിലാകാന്‍
തുടങ്ങിയിരിക്കുന്നു.
തണുപ്പണിഞ്ഞ രാത്രികളില്‍ നഭശ്ചരങ്ങളുടെ ആലക്തിക
ദീപ്തികളുടെ ലയനചാരുതയില്‍ മനം നിറഞ്ഞ് രസിച്ചിരിക്കുമ്പോള് ഒരു പക്ഷേ യയാതിയുടെ ആസക്തികളെ നമ്മളില്‍ ചിലര്‍ക്കെല്ലാം
മനസ്സിലായിട്ടുണ്ടാകണം. അപ്പോള്‍, “ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും
തീരം , ഇന്ദ്രധനുസ്സിന് തുവല്‍ പൊഴിയും തീരം , ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു
ജന്മം കൂടി ? എനിക്കിനിയൊരു ജന്മം കൂടി “ എന്ന് ചോദിച്ചു പോയിട്ടുണ്ടാകണം. ഈ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ
അങ്ങേയറ്റത്തുനിന്നാണ് യയാതിയുടെ കഥ തുടങ്ങുന്നത് !
അതെ ,
എനിക്കിപ്പോള്‍ യയാതിയെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു..
||ദിനസരികള് - 78 -2025 ജൂണ്‍ 21
, മനോജ് പട്ടേട്ട് ||
Comments