ഇറാന്‍ - ഇസ്രായേല്‍ യുദ്ധത്തിനെതിരെ സംസാരിക്കുന്നതാണ് വിഡ്ഢിത്തമെന്ന് കരുതുന്നവരാണ് നമുക്കു ചുറ്റുമുള്ളവരില്‍ കൂടുതലുമെന്നത് ഞെട്ടലുണ്ടാക്കുന്നതാണെങ്കിലും വസ്തുതയാണ്. അതിനെക്കാള്‍ ഭീതിദമായിത്തോന്നിയത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നതിനെക്കാള്‍ രണ്ടുമതങ്ങള്‍ തമ്മിലുള്ള യുദ്ധം എന്ന രീതിയിലാണ് പലരും ഇതിനെ കാണുന്നത് എന്നതാണ്. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ രണ്ടുമതങ്ങള്‍ എന്നല്ല  മുസ്ലിം മതവും യഹുദ - കൃസ്ത്യന്‍ മതങ്ങളും തമ്മിലുള്ള യുദ്ധമായിട്ടാണ് പലരും ഈ സംഘര്‍ഷത്തെ കാണുന്നതെന്നുതന്നെ പറയേണ്ടിവരും. അതൊടൊപ്പം നമ്മുടെ നാട്ടിലെ ഹിന്ദുത്വവാദികള്‍ കൂടി ചേരുമ്പോള്‍ ഇസ്രായേലിന് ജയ് വിളിക്കുവാന്‍ ആളെണ്ണം കൂടുന്നു. 

 

            ഒരു കാര്യം കാണാതെ പോകരുത്. ഇസ്രായേലിന്റെ പക്ഷത്തു ചേര്‍ന്നു നിന്നുകൊണ്ട് കൈയ്യടിക്കുന്നവര്‍ക്ക് ഇസ്രായേലിനോടോ യഹൂദ മതത്തോടോ പ്രത്യേകിച്ചെന്തെങ്കിലും സ്നേഹമോ പരിഗണനയോ ഉണ്ടെന്ന് കരുതരുത്. ഇസ്രായേല്‍ പാലസ്റ്റീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ രാഷ്ട്രീയെത്തെയൊന്നും അവര്‍ മനസ്സിലാക്കിയിട്ടില്ല. മറിച്ച് മുസ്ലിം വിരുദ്ധരാണ് എന്നൊരു ധാരണ മാത്രമാണ് ആകെയുള്ള കൈമുതല്‍ ! മുസ്സിം വിരുദ്ധതയുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും കൈയ്യടിക്കും എന്നതാണ് അക്കൂട്ടരുടെ നിലപാട്. വ്യക്തതയ്ക്കും തെളിവിനും വേണ്ടി ഏതെങ്കിലും ഹിന്ദുത്വവാദിയോട് യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു നോക്കു ? അവര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് കാണാം.  ഒരു തരത്തിലുള്ള രാഷ്ട്രീയ ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലല്ല ഈ ഈസ്രായേല്‍ പിന്തുണ പുറപ്പെട്ടു പോരുന്നത് , മറിച്ച് കേവലം മുസ്ലിം വിരുദ്ധമാണ് ഇസ്രായേല്‍ എന്നൊരൊറ്റ കാഴ്ചപ്പാടില്‍ മാത്രമാണ്.

 

            ഇസ്രായേല്‍ രൂപീകൃതമായ 1947 മുതല്‍ അറബ് രാജ്യങ്ങളുമായും കലഹത്തിലായിരുന്നു. 948 ല്‍ തന്നെ ആദ്യയുദ്ധവും ഉണ്ടായി.അന്നുമുതല്‍ ഇന്നുവരെ പ്രദേശത്തുനിന്നും അറബ് ജനതയെ ആട്ടിപ്പായിക്കാനും തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കാനും വേണ്ടി അവര്‍ അമേരിക്കയുടെ സഹായത്തോടെ ചെയ്തുകൂട്ടിയ ദ്രോഹങ്ങള്‍ക്ക് കണക്കില്ല. ഈ കുറിപ്പിനൊപ്പമുള്ള ഭൂപടം എന്താണ് ഇസ്രായേല്‍ എന്ന് വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലുടനീളം അധീശ്വസ്വഭാവം പ്രകടിപ്പിച്ചു കൊണ്ട് പുലര്‍ന്നു പോന്ന ഒരു സയണിസ്റ്റ് രാഷ്ട്രം , കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങള്‍‍ക്ക് കൈയ്യടിക്കുക എന്നത് മനുഷ്യത്വവിരുദ്ധമാണ് എന്ന് പറയാതെ വയ്യ. എന്നാല്‍ അത്തരത്തിലുള്ള പരിഗണനകളൊന്നും തന്നെ കണക്കിലെടുക്കാതെ അന്ധമായ മുസ്ലിം വിരോധത്തിന്റെ പേരില്‍ ഇസ്രായേലിന് പിന്തുണക്കുക എന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം അവിടെ സന്ദര്‍ശനം നടത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് എന്നതു കൂടി കൂട്ടിവായിക്കുക.

            പക്ഷം ചേര്‍ന്നുകൊണ്ട് ഈ മതഭ്രാന്തന്മാര്‍ പറയുന്ന അഭിപ്രായങ്ങള്‍ എത്രമാത്രം അക്രമോത്സുകത കലര്‍ന്നതാണ് !  മരിച്ചു വീഴുന്ന ലക്ഷക്കണക്കായ മനുഷ്യര്‍ ഇവരുടെ പരിഗണനാ വിഷയമേയല്ല. സങ്കുചിതമായ മതാത്മകത എല്ലാ നൈതിക ബോധങ്ങള്‍ക്കും മുകളില്‍ കൊടിവീശി നില്ക്കുന്നു !  മനസിലാകുന്നവര്‍ക്കുവേണ്ടി നാരായണഗുരു പണ്ടേ പറഞ്ഞിട്ടുണ്ട്,

 

            പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോത്തിടാതെ പാഴ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം - എന്ന്

 

||ദിനസരികള് - 75 -2025 ജൂണ് 17 , മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍