കാലം 1893. വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍ വരെയുള്ള നിരത്തുകള്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു. അമാലന്മാര്‍ ചുമക്കുന്ന പല്ലക്കുകളും കുതിരവണ്ടികളും കാല്‍നടയാത്രക്കാരുമായി തെരുവീഥികള്‍ തിരക്കുകൊണ്ടു. ആ തിരക്കിനിടയിലൂടെ ഒരു രണ്ടു വെള്ളക്കാളകളെ പൂട്ടിയ ഒരു വില്ലുവണ്ടി കടന്നു വന്നു. കാളകളുടെ കൊമ്പുകള്‍ പൂമാലകള്‍‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കുളിപ്പിച്ചു വൃത്തിയാക്കിയ അവയുടെ കഴുത്തില്‍ മനോഹരമായി ശബ്ദമുണ്ടാക്കുന്ന ഓട്ടുമണികള്‍ തൂങ്ങിക്കിടന്നു. കാളകള്‍ക്കു നടുവില്‍ വണ്ടിയുടെ തണ്ടിലിരുന്നുകൊണ്ട് ഉച്ചത്തില്‍ വണ്ടിക്കാരന്‍ കൊച്ചപ്പി കാളകളെ നിയന്ത്രിച്ചുകൊണ്ടിരുന്നു. കാളകളുടെ ചലനത്തിനൊപ്പം വണ്ടിച്ചക്രങ്ങളുടെ ശബ്ദവും കുടമണിനാദവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ആ വരവ് ഒരു മേളം തന്നെയായിരുന്നു.

 

          ആ വരവ് വീഥികളിലുണ്ടായിരുന്നവരെ നന്നായി ആകര്‍ഷിച്ചു. അവര്‍ ഭവ്യത പ്രകടിപ്പിക്കുന്ന മുഖഭാവത്തോടെ യാത്രക്കാരന്‍ ആരെന്നറിയാനുള്ള കൌതുകത്തില്‍ വണ്ടിയിലേക്ക് നോക്കി. അകത്തിരിക്കുന്ന ആളെ കണ്ടപ്പോള്‍ അവരൊന്ന് ഞെട്ടി. വിശ്വാസം വരാതെ വീണ്ടും വീണ്ടും തുറിച്ചു നോക്കി. അവരുടെ മുഖം ചുളിഞ്ഞു.  കാളി ! പൊലയന്‍ അയ്യന്റെ മകന്‍ കാളി  ആദരവ് കലര്‍ന്ന മുഖഭാവങ്ങള്‍ പൊടുന്നനെ മാഞ്ഞു. ഒരു പുലയന്‍ കാണിക്കുന്ന ധിക്കാരത്തിനുമുന്നില്‍ സവര്‍ണ മാടമ്പിമാര്‍ക്ക് കലിയുറഞ്ഞു. ബ്രാഹ്മണനും നമ്പൂതിരിയും മറ്റു ഉന്നതകുലജാതരും ധാരാളമായി ഉപയോഗിക്കുന്ന വഴിയിലൂടെ ഒരു ചണ്ഡാലന്‍ , അതും വില്ലുവണ്ടിയില്‍  തലപ്പാവും വെള്ള പുറംകുപ്പായവും വെള്ള തറ്റുമുണ്ടുമുടുത്ത് സഞ്ചരിക്കുക എന്നതിനപ്പുറം വേറെ ധിക്കാരമുണ്ടോ ? വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ ധിക്കാരിയ്ക്ക് തക്കശിക്ഷ തന്നെ കൊടുക്കണം. മാടമ്പിമാരും അവരുടെ ഏറാന്‍മൂളികളും കൈകോര്‍ത്തു.  വില്ലുവണ്ടി തടഞ്ഞു നിറുത്തുവാനും തീരുമാനിക്കപ്പെട്ടു. കൈയ്യില്‍ കിട്ടി ആയുധങ്ങളുമായി അവര്‍ കാളിക്കു നേരെ ചീറിയടുത്തു

 

          കാളി അക്ഷോഭ്യനായിരുന്നു. ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ടു തന്നെയായിരുന്നു കാളി വില്ലുവണ്ടിയില്‍ കയറി നാടുചുറ്റാനിറങ്ങിയത്. കാളി, കൊച്ചപ്പിയോട് വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടു. തനിക്കു നേരെ പാഞ്ഞു വരുന്ന സവര്‍ണരുടെ പിണിയാളുകളെ കാളി രൂക്ഷമായി നോക്കി. ആ കണ്ണകളില്‍ നിന്നും തീ പാറുന്നുണ്ടായിരുന്നു. വണ്ടിയുള്ള വശങ്ങളില്‍ സൂക്ഷിച്ചിരുന്ന വാളുകളിലൊന്ന് കാളി വലിച്ചൂരിയെടുത്തു. ഇടതു കൈയ്യില്‍ ഒരു മുളവടിയും എടുത്തുകൊണ്ട് വണ്ടിച്ചക്രത്തിന്റെ മുകളിലൂടെ അയാള്‍ റോഡിലേക്ക് എടുത്തുചാടി. വരിനെടാ എന്ന വെല്ലുവിളി അവിടമാകെ മുഴങ്ങിയുയര്‍ന്നു. തലയുയര്‍ത്തിപ്പിടിച്ചു നിന്ന് എതിരാളികളെ നേരിടാന്‍ ചുവടുറപ്പിച്ചു നില്ക്കുന്ന കാളി , പക്ഷേ സവര്‍ണമാടമ്പിമാരിലും അവരുടെ ഭൃത്യക്കൂട്ടങ്ങളിലും ഭയം വിതറി. ആക്രോശിച്ചുകൊണ്ടു പാഞ്ഞു വന്നവരില്‍ ചിലര്‍ വടികൊണ്ടുള്ള അടിയുടെ ചൂടറിഞ്ഞു. അടിയേറ്റ് ചിലര്‍ നിലത്തുവീണു. അതെല്ലാം കണ്ട് ബാക്കിയുള്ളവരുടെ വേഗത കുറഞ്ഞു. പതിയെപ്പതിയെ ചലനമറ്റു നിശ്ചലരായി. ആരും മുന്നോട്ടു വരാന്‍ ധൈര്യം കാണിച്ചില്ലെന്നു മാത്രവുമല്ല പതിയെപ്പതിയെ രംഗത്തു നിന്നും നിഷ്ക്രമിച്ച് സൂരക്ഷിത സ്ഥാനങ്ങളെ അഭയം പ്രാപിച്ചു. അവരുടെ എതിര്‍പ്പ് നിന്നെ ഞങ്ങള്‍ എടുത്തുകൊള്ളാം എന്ന ഭീഷണിയിലൊതുങ്ങി.

         

          പിന്നീട് അയ്യങ്കാളി എന്ന പേരില്‍ അറിയപ്പെട്ട ജനനായകന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ദിവസമായിരുന്നു അത്. ആ യാത്ര വെങ്ങാനൂരില്‍ നിന്നും ആരംഭിച്ച് ആറാലുംമൂട് ചന്ത വഴി കവടിയാര്‍ വരെയെത്തി തിരിച്ചു പോന്നു. ഒരാളും ആ ഉഗ്രപ്രതാപിയെ തടയാന്‍ ഉദ്യമിച്ചില്ല. ബ്രിട്ടീഷ് റസിഡന്റിന്റെ ഉത്തരവുണ്ടായിരുന്നിട്ടും താഴ്ന്ന ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാതിരുന്ന സവര്‍ണ മേല്‍‌ക്കോയ്മയുടെ നെഞ്ചത്തുകൂടിയാണ് അയ്യങ്കാളി അന്ന് വില്ലുവണ്ടിയുടെ ചക്രമുരുട്ടിയത്.

 

          അയ്യങ്കളിയുടെ ഓര്‍മ്മദിനമായ ഇന്ന് ആ പേരുപോലും ഓര്‍മ്മിക്കുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി മാറിയിരിക്കുന്നു.

 

 

||ദിനസരികള്‍ - 75 -2025 ജൂണ്‍ 18 , മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍