ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗം എല്ലാ മലയാളികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒന്നാണ്. അപകട ഘട്ടത്തില്‍ കൂടെ നില്ക്കേണ്ട നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ , എല്ലാ ഫെഡറല്‍ ഉത്തരവാദിത്തങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് കേരളത്തോട് മുഖം തിരിച്ചു നില്ക്കുന്ന കാഴ്ച നാം എത്രയോ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നു. കേന്ദ്രത്തിലേക്ക് അപേക്ഷ അയച്ച് അനുകൂല തീരുമാനത്തിനുവേണ്ടി കാത്തിരിക്കുക എന്നതല്ലാതെ നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രസര്‍ക്കാറാകട്ടെ ഒരു തരത്തിലുള്ള സഹായ മനസ്ഥിതിയും കേരളത്തോട് പ്രകടിപ്പിക്കാറേയില്ല. രാജ്യത്തെ നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിലും കേന്ദ്രത്തിന്റെ സമീപനം വളരെ പ്രതികൂലമായിരുന്നു എന്ന് നമുക്കറിയാം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടു അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതിനു പകരം നെറികെട്ട രാഷ്ട്രീയമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റിയത്.

         

          ഈ സാഹചര്യത്തിലാണ് ചുരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. പതിവുപോലെ അര്‍ഹതയുണ്ടായിട്ടും എഴുതിത്തള്ളാതിരിക്കാനുള്ള കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയുടെ മുന്നില്‍ നിരത്തി. കടബാധ്യതയുള്ളവരുടെ ദയനീയമായ സാഹചര്യം മനസ്സിലാക്കി എല്ലാ ബാധ്യതകളും എഴുതിത്തള്ളാന്‍ സ്വമേധയ മുന്നോട്ടു വരേണ്ട കേന്ദ്രസര്‍ക്കാര്‍ തികച്ചും മനുഷ്യത്വവിരുദ്ധമായി പെരുമാറുന്ന കാഴ്ച കോടതിയെത്തന്നെ ഞെട്ടിച്ചു. അതോടെ വിഷയത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുവാന്‍ കോടതി തന്നെ തീരുമാനിക്കുകയാണ്. ആ തീരുമാനത്തിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദമുഖങ്ങളെയെല്ലാം ഹൈക്കോടതി നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞു. എന്നുമാത്രവുമല്ല , വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ടെന്ന് കോടതി പറയുകയും ഭരണഘടനയുടെ സഹായകമായ അനുച്ഛേദങ്ങള്‍ കേന്ദ്രസര്‍ക്കാറിന് ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു. അതോടെ പരിഹാസ്യരായ കേന്ദ്രത്തോട് അധികാരമുണ്ടായിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ തയ്യാറല്ലെങ്കില്‍ തുറന്നുപറയണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കോടതി തന്നെ ആവശ്യപ്പെട്ടത് കേരളത്തിന് സമാശ്വാസ സമ്മാനം തന്നെയായിരുന്നു. കോടതി ഇത്തരത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെ കേന്ദ്രസര്‍ക്കാറിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നു തന്നെ പറയാം.

 

          വായ്പയുടെ കാര്യത്തില്‍ കേരളസര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ വായ്പകള്‍ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. കുടുംബശ്രീയുടെ വായ്പകള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പൊതുമേഖലാ ബാങ്കിന്റെ വായ്പകള്‍ എഴുതിത്തള്ളാന്‍ മുന്‍‌കൈ എടുക്കേണ്ടതും നിര്‍‌ദ്ദേശം നല്കേണ്ടതും കേന്ദ്രസര്‍ക്കാറാണ്. ആ ഉത്തരവാദിത്തില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് നെറികെട്ട രാഷ്ട്രീയമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റിയത്. ആ കള്ളക്കളിക്കാണ് കേരള ഹൈക്കോടതിയുടെ കൈയ്യില്‍ നിന്നും കേന്ദ്രത്തിന് കണക്കിന് കിട്ടിയത്. ഇനിയെങ്കിലും ഭരണഘടനാപരമായ ബാധ്യത നിറവേറ്റിക്കൊണ്ട് സംസ്ഥാനങ്ങളെ അനുതാപപൂര്‍വ്വം പരിഗണിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കു കൂടി നില്ക്കുകയും ചെയ്യുന്ന ഒരു നിലപാട് കേന്ദ്രസര്‍ക്കാറും അതിന് നേതൃത്വം നല്കുന്ന സംഘപരിവാരവും സ്വീകരിക്കുമോ എന്നതാണ് ചോദ്യം. എന്നാല്‍ അക്കാര്യത്തില്‍ ഞാനത്ര ശുഭാപ്തിവിശ്വാസിയല്ല എന്നുകൂടി സൂചിപ്പിക്കട്ടെ !

 

||ദിനസരികള്‍ - 74 -2025 ജൂണ്‍ 16 , മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍