"കക്ഷ"ത്തിന് പകരം ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്കുതേടി ദിവസങ്ങളോളം തലപുണ്ണാക്കിയ കഥ ചങ്ങമ്പുഴയെക്കുറിച്ച് - സാനുമാസ്റ്ററാണെന്ന് തോന്നുന്നു -, പറഞ്ഞു കേട്ടിട്ടുണ്ട്. വേറെ വാക്കു കിട്ടിയോ എന്ന് നമുക്കറിയില്ലെങ്കിലും , വാക്കുകളുടെ പിന്നാലെയുള്ള ഈ തേടല്‍ കവികള്‍ക്ക് അനുപേക്ഷണീയമാണ് എന്ന് നമുക്കറിയാം. എന്തുകൊണ്ടെന്നാല്‍ തന്റെ മനസ്സിലെ ആശയങ്ങളെ ആവിഷ്കരിക്കുവാന്‍ അരം കുറഞ്ഞ് തേഞ്ഞു പതം വന്ന വാക്കുകളെയല്ല , മറിച്ച് ആലോചിക്കുംതോറും പുതുമയേറുന്ന പദാവലികളെയാണ് കവികള്‍ , എഴുത്തുകാര്‍ , ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് എത്ര സമയമെടുത്താലും പര്യാപ്തമായ ഒരു വാക്കിനെ അന്വേഷിച്ച് അലഞ്ഞു നടക്കുവാന്‍ എഴുത്തുകാര്‍ വിധിക്കപ്പെടുന്നത്.
'വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ, പദാവലി തോന്നണം കാലേ കാലേ' എന്ന് അര്‍ത്ഥിക്കാത്ത കവികള്‍ ചുരുക്കമാണ്. വാക്കുകള്‍ക്ക് മുട്ടുണ്ടാകരുത് എന്നല്ലാതെ സത്യത്തില്‍ വേറെ എന്താണ് അവര്‍ ആഗ്രഹിക്കുക ? എന്നാല്‍ വാക്കുകളുടെ അനുസ്യുതമായ ഒരു പ്രവാഹത്തെക്കാള്‍ ഞാന്‍ സ്വാഗതം ചെയ്യുക ആവശ്യത്തിന് ഉതകുന്ന വിധത്തില്‍ കൃത്യമായ ഒരു വാക്ക് തെരഞ്ഞെടുക്കാന്‍ കഴിയുക എന്നതിനെയായിരിക്കും. അത്തരത്തില്‍ ഉചിതമായ വാക്കുകളെ വിന്യസിക്കുവാനുള്ള ശേഷിയാണ് ഒരു പക്ഷേ കവികളെ , എഴുത്തുകാരെ , വേറിട്ടവരാക്കി നിലനിറുത്തുന്നത്. ഭാഷയുടെ പ്രയോഗചാരുത ഇത്തരത്തില്‍ ഫലപ്രദമായി അനുഭവിപ്പിക്കുന്ന എത്രയോ കവികള്‍ നമുക്കുണ്ട്. എന്നാല്‍ അങ്ങനെ അനുഭവിപ്പിക്കാനുള്ള കഴിവ് ഒരു സുപ്രഭാതത്തില്‍ ഒരു കവിയും നേടിയെടുക്കുന്നതല്ല , മറിച്ച് നിരന്തരമായ പഠനമനനങ്ങളാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്. തിരുത്തുകയും വീണ്ടും തിരുത്തുകയും വീണ്ടും തിരുത്തുകയും ചെയ്തുകൊണ്ടാണ് രചനകളെ എഴുത്തുകാര്‍ വായനക്കാരിലേക്ക അവസാനമായി അയക്കുന്നത്. അത് ലക്ഷ്യ വേധിയായ ഒരസ്ത്രത്തെപ്പോലെ അനുവാചകനിലേക്ക് തുളഞ്ഞു കയറുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള
പദധ്യാനത്തെപ്പററി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ മാസത്തെ യുവധാരയില്‍
എഴുതിയിട്ടുണ്ട്. തന്റെ ഏറെ പ്രസിദ്ധമായ ആരോ
ഒരാള്‍ എന്ന കവിത എഴുതുന്ന സന്ദര്‍ഭം. ആ കവിതയിലെ നിന്നെ ഞാനോര്‍ക്കുന്നു നീ - പാതിരാത്തീവണ്ടിയില്‍ എന്റെയീരടി മൂളി ഉറങ്ങാതിരിപ്പുണ്ടാം എന്ന
വരികളിലെ മൂളി എന്ന പ്രയോഗത്തിന് വേണ്ടത്ര മുഴക്കമുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയില്ല. തീരെ ശക്തി കുറഞ്ഞ ഒരു
വാക്കായിട്ടാണ് അത് കവിക്ക് അനുഭവപ്പെട്ടത്. പകരം വാക്ക് അന്വേഷിച്ചു. ഒന്നും ഓര്‍മ്മ
വന്നില്ല. അവസാനം ആ കവിത തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കിലും അതിനും
കഴിയാത്ത ഒരു സ്ഥിതിയില്‍ പെട്ട് കവി ഉഴന്നുലഞ്ഞു. ആ അവസ്ഥയെക്കുറിച്ച് കവിതന്നെ പറയുന്നത്
നോക്കുക " എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ
കവിത മറന്നുകളയാനുമാകുന്നില്ല. ഊണിലും ഉറക്കത്തിലും
അതുതന്നെയായി ചിന്ത. ആ വാക്കു
കിട്ടുന്നില്ല. മറ്റൊരുകാര്യവും
ചിന്തിക്കാനുമാവുന്നില്ല. ദിനചര്യകള്‍
തെറ്റി.ഓഫീസില്‍ പോകാതെ വിജനതകളില്‍ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയില്‍ കയറി
നിലമ്പൂര്‍ക്ക് പോയി. രാപകല്‍
മദ്യപിച്ചുനോക്കി.ആ വാക്കു കിട്ടുന്നില്ല.ഉറക്കമില്ലാതായി. ഭ്രാന്താവുമോ? ഭയം
തോന്നി. വേണ്', കവിതയും വേണ്ട ഒരു കോപ്പും വേണ്ട.
മനസ്സമാധാനം മതി. ഒന്നുറങ്ങിയാല്‍ മതി." ഒരു വാക്കിനെപ്രതി കവി
ചെന്നെത്തിയിരിക്കുന്ന സങ്കീര്‍ണമായ ഒരവസ്ഥയാണ് നാം അദ്ദേഹത്തിന്റെ തന്നെ
വാക്കുകളിലൂടെ അനുഭവിച്ചത്. പിന്നീട് ഏതോ ഒരു ദിവസം
രാവിലെ ബസ്സിന്റെ കമ്പിയില്‍ തൂങ്ങി യാത്ര ചെയ്തുകൊണ്ടിരിക്കവേ ഇടിമിന്നല്‍ പോലെ ആ
വാക്ക് മനസ്സിലേക്ക് വന്നുവീണു. കവിത ഇങ്ങനെ പൂര്‍ത്തിയാക്കപ്പെട്ടു
" നിന്നെഞാനോര്‍ക്കുന്നു നീ പാതിരാത്തീവണ്ടിയില്‍
എന്റെയീരടി
തീണ്ടി
ഉറങ്ങാതിരിപ്പുണ്ടാം
"
മൂളി എന്നതിന് പകരം കവി കണ്ടെത്തിയ
തീണ്ടി എന്ന വാക്കിന്റെ തീക്ഷ്ണ സൌന്ദര്യം ആ കവിത വായിക്കുമ്പോള്‍ തന്നെ
അനുഭവപ്പെടുന്നില്ലേ ? വിഷം തീണ്ടുക , കാവു തീണ്ടുക
തുടങ്ങിയ നിഷേധാത്മകമായ അര്‍ത്ഥപരിസരങ്ങളോടൊപ്പമാണ് പൊതുവേ ഈ വാക്ക്
ഉപയോഗിക്കാറുള്ളത്. കവിത ആ അര്‍ത്ഥത്തില്‍ നാം, തീണ്ടിക്കണ്ടിട്ടില്ല. എന്നാല്‍ ഇവിടെ
കവി ആ വാക്ക് പകരം വെയ്ക്കുക വഴി
അവാച്യമായ അനുഭൂതി ഉല്പാദിപ്പിക്കപ്പെടുന്നു എന്ന് നിസ്സംശയം പറയാം. കവിത
ഒരേ സമയം അമൃതും വിഷവുമാണല്ലോ ! ( അമൃതിന്‍ മണമെന്റെ ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍ പാട്ടിന്‍
വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വൈലോപ്പിള്ളി. )
ഇത്തരത്തില്‍
ഒരു പദത്തിന് പിന്നാലെ ഭ്രാന്തുപിടിച്ചതുപോലെ അലയുന്ന എത്ര എഴുത്തുകാര്‍ ഇപ്പോള്‍
നമുക്കുണ്ട് ? അക്കൂട്ടര്‍ സ്വയം പരിശോധിക്കട്ടെ
||ദിനസരികള് - 77 -2025 ജൂണ് 20
, മനോജ് പട്ടേട്ട്
||
Comments