എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ ഒരു വീട്ടമ്മയെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ കായലോടാണ് റസീന എന്ന യുവതി ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായത്. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്, അന്ന് വൈകുന്നേരം കാറിനരികില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന റസീനയേയും സുഹൃത്തിനേയും ഒരു സംഘം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വെയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഏറെ നേരത്തിനു ശേഷം യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച സംഘം , യുവാവിനേയും കൂട്ടി മര്‍ദ്ദിക്കുകയും അയാളുടെ കൈവശമുണ്ടായിരുന്ന മൊബൈലും ടാബുമൊക്കെ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. ഏറെ നേരത്തെ മര്‍ദ്ദനത്തിനു ശേഷം അയാളെ രാത്രിയില്‍ പറമ്പായിയിലെ എസ് ഡി പി ഐ ഓഫീസിലെത്തിച്ചു. അതിനുശേഷം ഇരുവരുടേയും ബന്ധുക്കളെ വിളിച്ചു വരുത്തി അവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും ഏറെ വൈകിയതിനു ശേഷം യുവാവിനെ വിട്ടയക്കുകയും ചെയ്തു. യുവാവിന്റെ കൈയ്യില്‍ നിന്നും കൊള്ളയടിച്ച സാധനങ്ങള്‍ തിരിച്ചുകൊടുക്കാന്‍ സംഘം തയ്യാറായതുമില്ല. പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയും എസ് ഡി പി ഐ പ്രവര്‍ത്തകരായ യുവാക്കള്‍ അറസ്റ്റിലാകുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.
ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായ ആ യുവതിയുടെ മാനസികാവസ്ഥ എന്തായിരിക്കും ? അവളുടെ മക്കളുടെ മുന്നില്‍ , ഭര്‍ത്താവിന്റെ മുന്നില്‍ , ബന്ധുമിത്രാദികളുടെ മുന്നില്‍ ഇല്ലാതായിപ്പോയ ആത്മാഭിമാനത്തെ തിരിച്ചെടുക്കാന്‍ സ്വന്തം ജീവിതം തന്നെ പകരം നല്കേണ്ട അവസ്ഥയുണ്ടാക്കിയ ഈ തെമ്മാടികള്‍ക്ക് തങ്ങള്‍ ചെയ്ത ക്രൂരതയുടെ ആഴം ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടോ ആവോ ? എന്തായാലും ഈ തെമ്മാടിത്തരം ഇനിയും ആവര്‍ത്തിക്കുവാന്‍ പാടില്ല. വിചാരണക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ ലഭിക്കണം. എന്നാലും എത്ര ശിക്ഷിച്ചാലും മകന് /മകള്‍ക്ക് അമ്മയേയോ , അച്ഛന് മകളേയോ മടക്കിക്കൊടുക്കാന്‍ ഇവര്‍ക്കു കഴിയുമോ ?
എസ് ഡി പി ഐക്കാരോട് പൊതുവേ പറയട്ടെ. ഈ കാടത്തം അവസാനിപ്പിക്കുവാനും ആവര്‍ത്തിക്കാതിരിക്കാനുമുള്ള കര്‍ശനമായ നടപടി ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ നിങ്ങള്‍ സ്വീകരിക്കണം. ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക എന്നതല്ല നിങ്ങളുടെ വഴിയെന്ന് തിരിച്ചറിയാനുള്ള ആര്‍ജ്ജവമുണ്ടാകണം. രാജ്യം ഭരണഘടനാപരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന സന്ദിഗ്ദഘട്ടമാണ്. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ കരടാകുന്ന , കൂടുതല്‍ ഒറ്റപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായാല്‍ അത് നിങ്ങളെ മാത്രമല്ല ബാധിക്കുക, മറിച്ച് മുഴുവന്‍ മുസ്ലിം സമൂഹത്തെക്കുറിച്ചും തെറ്റായ ധാരണയുണ്ടാക്കാന്‍ സഹായകമായ ഒരു പ്രവര്‍ത്തിയാകും അത്. പൊതുവേ നമുക്കു ചുറ്റും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുവാനുള്ള ഗൂഢശ്രമങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. അവര്‍ക്ക് വഴിമരുന്നായി മാറേണ്ടതുണ്ടോ എന്ന് ആഴത്തില്‍ ചിന്തിക്കുക തന്നെ വേണം.
ഇനി പ്രതികളായി അറസ്റ്റു ചെയ്യപ്പെട്ട തെമ്മാടികളോട് എസ് ഡി പി ഐയ്ക്ക് ഒരു ബന്ധവുമില്ലെങ്കില്‍ അത് പ്രഖ്യാപിക്കുവാന്‍ ഒരു നിമിഷംപോലും അമാന്തിക്കരുത്. ഉണ്ടെങ്കില്‍ അവരെ സംഘടനയില്‍ നിന്നും പുറത്താക്കി മാതൃകാപരമായ നടപടി നിങ്ങള്‍ സ്വീകരിക്കുമോയെന്ന് പൊതുസമൂഹം ഉറ്റുനോക്കുകയാണ്.
||ദിനസരികള് - 76 -2025 ജൂണ് 19 , മനോജ് പട്ടേട്ട് ||
Comments