ജമാ അത്തെ ഇസ്ലാമി ഒരു മതസംഘടനയാണ്.
ലോകത്താകമാനം ഒരു മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപിച്ച് രാഷ്ട്രീയ അധികാരം കൈയ്യാളുക
എന്ന ചിന്തയാണ് ആ സംഘടനയുടെ കാതല്‍. ഈ ഉദ്ദേശത്തോടെ ഓരോ രാജ്യത്തും നിലനില്ക്കുന്ന
രാഷ്ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് തങ്ങളുടെ നയങ്ങള്‍
രൂപീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ് ജമാ അത്തെ ഇസ്ലാമി
ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക്
ഭൂരിപക്ഷം , അഥവാ രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കഴിയുന്നിടത്ത് അവര്‍
ഒട്ടും മടിക്കാതെ അതിനു തുനിയുകയും പൊളിറ്റിക്കല്‍ ഇസ്ലാം എന്ന സങ്കല്പം പ്രവര്‍ത്തിപഥത്തില്‍
കൊണ്ടു വരികയും ചെയ്യുന്നു. മേല്‍ക്കൈ ഇല്ലാത്ത ഇടങ്ങളിലാകട്ടെ സന്ദര്‍ഭാനുസരണം
ഓരോരോ തന്ത്രങ്ങള്‍ പയറ്റി അവസരം കാത്തിരിക്കുന്നു .അത്തരം ഇടങ്ങളില്‍ അവര്‍
മതേതരത്വവും മാനവികതയും ഇതരമതപ്രണയവുമൊക്കെ വാരിവിതറി കടുത്ത മനുഷ്യസ്നേഹത്തിന്റെ പ്രവാചകരാകുന്നു.
എന്നാല്‍ അടിസ്ഥാനപരമായി ഒരു മത സംഘടനയായതുകൊണ്ടുതന്നെ അവരുടെ കാതലായ ആശയങ്ങളെ
മൂടിവെയ്ക്കുന്നു എന്നല്ലാതെ മാറ്റി മറിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത.
ഇത്
മനസ്സിലാക്കാന്‍ ഒരുദാഹരണം പറയാം. ഹിന്ദുത്വയാണ് ആര്‍ എസ് എസിന്റെ തത്വശാസ്ത്രം
എന്ന് നമുക്കറിയാം. അവിടെ ഇതരമതവിശ്വാസികള്‍ക്ക് യാതൊരു തരത്തിലുള്ള
പ്രാധാന്യവുമുണ്ടാകില്ല എന്നത് സ്വഭാവികമാണല്ലോ ! എന്നാല്‍
അവര്‍ പലപ്പോഴായി പ്രകടിപ്പിക്കുന്ന ന്യൂനപക്ഷ പ്രണയം നോക്കുക. എല്ലാ
മതന്യൂനപക്ഷങ്ങളുടേയും സ്നേഹിതരാണ് തങ്ങള്‍ എന്ന് അഭിനയിക്കുകയും അവരെയെല്ലാം കൂടെ
നിറുത്തുവാനുള്ള അപ്പക്കഷണങ്ങള്‍ അതാത് മതവിഭാഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നു.
തങ്ങളോടുള്ള സ്നേഹത്തിന്റെ ദൃഷ്ടാന്തമാണ് ഈ അപ്പക്കഷണങ്ങള്‍ എന്ന് അവര്‍ ധരിച്ചാല്‍
ആര്‍ എസ് എസിനെ അക്കൂട്ടര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നല്ലേ വിവരമുള്ളവര്‍
ചിന്തിക്കുക ? ആര്‍
എസ്സ് എസ് എത്ര ആള്‍മാറാട്ടം നടത്തിയാലും അവരുടെ അടിസ്ഥാന സ്വഭാവമായ
മതാധിപത്യപ്രവണത അവസാനിക്കുകയില്ലല്ലോ ! ഇന്ന്
സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ആര്‍ എസ് എസ് കൂടാരങ്ങളില്‍ എച്ചില്‍ നക്കുവാന്‍
ചേക്കേറിയിരിക്കുന്ന ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവര്‍ വഞ്ചിക്കുന്നത് ,
ഒറ്റിക്കൊടുക്കുന്നത് നാളെ വരാനിരിക്കുന്ന അവരുടെ അടുത്ത തലമുറയെക്കൂടിയാണ്.
ഹിന്ദുത്വയെ വേണ്ടത്ര മനസ്സിലാക്കാത്ത അല്പന്മാര്‍ക്ക് ബി ജെ പിയുടെ അഖിലേന്ത്യാ
വൈസ് പ്രസിഡന്റായോ നിലമ്പൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായോ ഒക്കെ വേഷം
കെട്ടാമെങ്കിലും ഒരവസരം കിട്ടിയാല്‍ ആര്‍ എസ് എസ് കുടഞ്ഞു കളയുന്നവരുടെ പട്ടികയിലെ
ആദ്യത്തെ ഇനം ഇക്കൂട്ടര്‍ തന്നെയായിരിക്കും.
ഹിന്ദുത്വ
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തന്ത്രപരമായ അതേരീതി തന്നെയാണ് ബലക്കുറവുള്ള
മേഖലകളില്‍ ജമാ അത്തുകാരും പയറ്റുന്നത്. അവര്‍ ഇപ്പോള്‍ മതേതര ജനാധിപത്യ വിശ്വാസികളായി
മേനി നടിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്നത് തങ്ങളുടെ തേറ്റകളെ മറച്ചു
വെയ്ക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗം മാത്രമായാണ്. ഇര കുടുങ്ങിക്കഴിഞ്ഞു എന്ന്
ബോധ്യമായിക്കഴിഞ്ഞാല്‍ അവരുടെ തേറ്റകള്‍ പുറത്തുവരുന്നത് നമുക്ക് കാണാനാകും. അപ്പോഴേക്കും
ഒന്ന് പിടയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും നമ്മള്‍ .
എന്താണ്
ഈ ജമാ അത്തെ ഇസ്ലാമി ? 1941 ആഗസ്ത് 26 ന് പാകിസ്താനിലെ ലാഹോറില്‍
വെച്ചാണ് അബുല്‍ ആലാ മൌദൂദി എന്ന മതതീവ്രവാദി ഈ പ്രസ്ഥാനത്തിന് രൂപം നല്കിയത്.
ലോകത്താകമാനം വിശിഷ്യാ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെങ്കിലും ഹുക്കുമത്തെ ഇലാഹി അഥവാ
വിശിഷ്ടമായ ദൈവഭരണം സ്ഥാപിക്കുക എന്നതായിരുന്നു അത്തരമൊരു സംഘടന രൂപീകരിക്കുമ്പോള്‍
മൌദൂദി ഉദ്ദേശിച്ചിരുന്നത്. മതനിരപേക്ഷതയും ബഹുസ്വരതയും ജനാധിപത്യവുമൊക്കെ
ദൈവവിരുദ്ധമാണെന്ന് മൌദൂദി അടിവരയിട്ടു പറഞ്ഞു. അടിമുടി മതാത്മകമായ ഈ സംഘടന 1947
ല്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ജമാ അത്തെ ഇസ്ലാമി എന്ന പേരിനൊപ്പം
അതാതുരാജ്യങ്ങളുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അങ്ങനെ
പാകിസ്താന്‍ ജമാ അത്തും ബംഗ്ലാദേശ് ജമാ അത്തും ഇന്ത്യന്‍ ജമാ അത്തുമൊക്കെയുണ്ടായി.
കൂടെ മറ്റൊരു മാറ്റവും കൂടിയുണ്ടായി. അത്
ഇന്ത്യ എന്ന രാജ്യത്തെ ബഹുസ്വര സമൂഹം എന്ന സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രപരമായ
നീക്കമായിരുന്നുവെന്ന് അടിവരയിട്ടു പറയണം. ഹുക്കുമത്തെ ഇലാഹി എന്നതിനു പകരം ഇഖാമത്തൂദ്ദീന്‍
എന്നൊരു ആശയം കൊണ്ടുവന്നു. എന്നാല്‍ ആ ആശയവും അടിസ്ഥാനപരമായി ഹുക്കുമത്തെ ഇലാഹി
തന്നെയാണ് എന്ന് മൌദൂദി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക ദീനിന്റെ സംസ്ഥാപനം തന്നെയാണ് ഇഖാമത്തൂദ്ദീനും
ലക്ഷ്യം വെയ്ക്കുന്നത്!
അപ്പോള്‍ ഉള്ളില്‍ കൊടിയ വിഷവുമായി അവസരം കാത്തിരിക്കുന്ന
മറ്റൊരു ആര്‍ എസ് എസ് തന്നെയാണ് ജമാ അത്തെ ഇസ്ലാമിയും. ജനാധിപത്യം പതിച്ചു നല്തിയിരിക്കുന്ന
അവകാശങ്ങളില്‍ നിന്നുകൊണ്ട് ആവോളം അവര്‍ ജനങ്ങളെ തമ്മില്‍ തെറ്റിക്കുവാനും തങ്ങളുടെ
താല്പര്യത്തിനനുസരിച്ച് പരിവര്‍ത്തിപ്പിച്ചെടുക്കുവാനും പരിശ്രമിക്കുന്നുണ്ട്. മലയാളത്തില്‍
തന്നെ മൌദൂദി ചാനലും മൌദൂദി പത്രവും ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. അതുകൊണ്ട് ഞാന്‍
നേരത്തെ സൂചിപ്പിച്ചതുപോലെ താല്ക്കാലിക ലാഭത്തിനുവേണ്ടി ഇത്തരം വിഷക്കുടുക്കകളില്‍
കൈയ്യിട്ട് നക്കാതിരിക്കുകയാണ് ജനാധിപത്യത്തിനും മതേതരത്വത്തിനും നല്ലത്.
||ദിനസരികള്‍ - 73 -2025 ജൂണ്‍ 15 , മനോജ്
പട്ടേട്ട് ||
Comments