പതിവുപോലെ അന്നും എന്റെ ഉച്ചമയക്കത്തെ ഞെട്ടിച്ചുകൊണ്ട് അയ്യപ്പപ്പണിക്കര് മുറിയിലേക്ക് കയറി വന്നു. തലയിലെ തൂവല്‌ത്തൊപ്പിയൂരി മേശപ്പുറത്തേക്കിട്ടു. നരച്ച താടിരോമങ്ങള്ക്കിടയിലൂടെ രണ്ടും കൈയ്യും മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. പിന്നെ ഇടതുകൈകൊണ്ട് ഉഴിഞ്ഞ് ഒതുക്കിവെച്ചു. ചാരു കസേരയുടെ കൈയ്യിലേക്ക് രണ്ടുകാലും കയറ്റി വെച്ച് മയക്കത്തിലായിരുന്ന ഞാന് അപ്പോഴേക്കും കാലുകള് താഴ്ത്തി എഴുന്നേറ്റിരുന്നു. പണിക്കര് സര് എപ്പോഴും അങ്ങനെയാണ്. ഒന്ന് മയങ്ങുമ്പോഴായിരിക്കും കയറി വരിക.അത് മനപ്പൂര്വ്വം ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളതെങ്കിലും ഞാന് ഈര്ഷ്യ പുറത്തു കാണിക്കാതെ പറഞ്ഞു “ഇരിക്ക് സര്”
അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. മനസ്സു വായിച്ചപോലെ പറഞ്ഞു “ ഞാന് നിന്റെ മയക്കം കളഞ്ഞു അല്ലേ ? “
“ഓ സാരമില്ല സര്.. “
“ഉം... പൊതുവേ മയക്കങ്ങള് കൂടി വരുന്നുണ്ട്.. മയങ്ങിക്കിടക്കാന് നല്ല സുഖമാണല്ലോ “
ആ വാക്കുകളില് കേള്ക്കുന്നതിനുമപ്പുറം അദ്ദേഹം എന്തോ ഒന്ന് കോര്ത്തു വെച്ചിരിക്കുന്നതായി എനിക്ക് തോന്നി...
“സര് ഇരിക്കൂ.. “ ഞാന് വീണ്ടും പറഞ്ഞു.
അദ്ദേഹം ഞാനിരുന്ന കസേരയിലേക്ക് ചാഞ്ഞു. മേശപ്പുറത്തിരുന്ന പുസ്തകങ്ങള് ഓരോന്നോരോന്നായി വെറുതെ എടുത്തു മറിച്ചുനോക്കി.
വൈലോപ്പിള്ളിയുടെ കവിതാ സമാഹാരം, ആ രാമചന്ദ്രന്റെ പിന്നെ , ഇംഗ്ലീഷ് ഗ്രാമര് , ഒരു ഓക്സ്ഫഡ് ഡിക്ഷണറി , ശബ്ദതാരാവലി , പിന്നെ കുറച്ച് ചരിത്രപുസ്തകങ്ങള് - ഇത്രയുമായിരുന്നു എന്റെ മേശപ്പുറത്തുണ്ടായിരുന്നത്.
ഞാന് സംസാരിച്ചു തുടങ്ങാന് ഒരു വിഷയം മനസ്സില് പരതുന്നതിനിടയില് അദ്ദേഹം പൊടുന്നനെ ചോദിച്ചു “ നിനക്ക് എന്റെ പുതിയ രണ്ടുമൂന്ന് കവിത കേള്ക്കണോ ?” ചോദ്യം എന്നെ ഏറെ സന്തോഷിപ്പിച്ചു. കവിത കേള്ക്കണോ എന്ന് അദ്ദേഹം ചോദിക്കുന്നത് അപൂര്വ്വത്തില് അപൂര്വ്വമാണ്. വന്നാല് പൊതുവേ സംസാരിക്കാറുള്ളത് സാഹിത്യമായിരിക്കില്ല. പക്ഷേ ഇന്ന് നേരെ കവിത കേള്ക്കണോ എന്നാണ് ചോദ്യം. “വേണം സര് .. വേണം“ ഞാന് മറുപടി പറഞ്ഞു
അദ്ദേഹം തന്റെ കണ്ണടയൂരി തുണിത്തുമ്പുകൊണ്ട് ഗ്ലാസ് തുടച്ച് തിരിച്ചു വെച്ചു. പിന്നെ ഒരു നിമിഷം എന്തോ പരതുന്നതു തല താഴ്തിയിരുന്നു .പിന്നെ പതിയെ ഒരല്പം ചിലമ്പിച്ച ശബ്ദത്തില് അദ്ദേഹം ചൊല്ലിത്തുടങ്ങി.
“ പേര് ഒരു കാലമുണ്ടായിരുന്നു
പെരുവഴിയെ നടന്നാൽ
അടിച്ചോടിക്കുമായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
നീ വിശ്വസിക്കുമോ?
ഭരണകൂടത്തിനു ഭരണീയരോട്
ഉത്തരവാദിത്വം വേണമെന്നു പറഞ്ഞാൽ
തുറുങ്കിലടയ്ക്കുമായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
നീ വിശ്വസിക്കുമോ?
അധികാരസ്ഥാനങ്ങളിൽ
അഴിമതിയുണ്ടെന്നു തോന്നുന്നു
എന്നു ചൂണ്ടിക്കാണിച്ചാൽ
നാടു കടത്തുമായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
നീ വിശ്വസിക്കുമോ?
ഉന്നതന്മാരുടെയിടയിൽ
സന്മാർഗം നശിച്ചുകൊണ്ടിരിക്കുന്നു
എന്നുറക്കെപ്പറഞ്ഞുപോയാൽ
വേട്ടയാടപ്പെടുമായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
നീ വിശ്വസിക്കുമോ?
മോഷണം തൊഴിലാക്കിയവർ
പൊതുസ്വത്തു കയ്യടക്കുന്നവർ
അഭിമാനം വിറ്റു കാശാക്കുന്നവർ
സൗന്ദര്യം കമ്പോളവത്കരിക്കുന്നവർ
അവർ രാജ്യത്തെ കീഴടക്കിയിരുന്ന
ഒരു കാലമുണ്ടായിരുന്നു.
നീ വിശ്വസിക്കുമോ?
ആ കാലം മുഴുവൻ പോയ് മറഞ്ഞിട്ടില്ല
എന്നു പറഞ്ഞാൽ
അങ്ങു വിശ്വസിക്കുമോ, ഗുരോ? “
അദ്ദേഹം ഒന്നു നിറുത്തി എന്റെ മുഖത്തേക്ക് സാകൂതം വെറുതെ നോക്കി. അടുത്ത കവിത വായിക്കുവാനായി ഒന്ന് മുരടനക്കി തയ്യാറെടുത്തപ്പോള് ഞാന് പറഞ്ഞു “ മതി. ഇനി വേണ്ട. ഒന്നുതന്നെ ധാരാളം “
|| ദിനസരികള് - 38 -2025 മെയ് 08, മനോജ് പട്ടേട്ട് ||
Comments