ബര്ട്രന്ഡ് റസ്സല് 1954 ല് Man’s Peril എന്ന പേരില് ബി ബി സിക്ക് വേണ്ടി ഒരു പ്രസംഗം നടത്തി “There lies before us, if we choose, continual progress in happiness, knowledge, and wisdom. Shall we, instead , choose death, because we cannot forget our quarrels? “ തിരഞ്ഞെടുക്കാനാണെങ്കില് നമുക്കു മുന്നില് സന്തോഷത്തിന്റേയും വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പാതകളുണ്ട്. എന്നാല് അതിനു പകരം നമുക്ക് മറന്നു കളയനാകാത്ത വക്കാണങ്ങളുടെ പേരില് മരണമാണോ തിരഞ്ഞെടുക്കേണ്ടത് ? “ ലോകം സമാധാനത്തിലൂടെയാണ് പുലരേണ്ടത് എന്ന് അതിഗാഢമായി ആഗ്രഹിച്ച ഒരു മനുഷ്യന് എവിടെ കലാപങ്ങള് കണ്ടാലും ഇടപെടാതിരിക്കാനാകില്ല , നിങ്ങള് കലഹിക്കരുത് എന്ന് പറയാതിരിക്കാനാകില്ല. വിഖ്യാതമായ ക്യൂബന് ക്രൈസിസിന്റെ കാലത്തും 1962 ലെ ഇന്ത്യാ ചൈന യുദ്ധകാലത്തും ബര്ട്രന്ഡ് റസ്സലിന്റെ ഇടപെടലുകള് അന്തരീക്ഷത്തെ തണുപ്പിക്കുകയും രാജ്യങ്ങള് യുദ്ധത്തിന്റെ വക്കില് നിന്നും സന്തോഷത്തിന്റെ മഹാസാന്ത്വനങ്ങളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യാ ചൈന സംഘര്ഷം ലഘൂകരിക്കപ്പെട്ട ശേഷം റസ്സല് എഴുതിയതില് നിന്നും രണ്ടു കാര്യങ്ങള് നമ്മള് വളരെ ആഴത്തില് മനസ്സിലാക്കണം. ഒന്ന് മറ്റു രാഷ്ട്രങ്ങളുടെ കാര്യത്തില് നാം ഇടപെടുമ്പോള് കാണിക്കാറുള്ള നിഷ്പക്ഷത സ്വന്തം രാജ്യത്തിന്റെ ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുമ്പോള് ഉണ്ടാകുന്നില്ല എന്നതാണ്. രണ്ടാമത്തേതും ഏറ്റവും പ്രധാനമായതുമായ അഭിപ്രായം , യുദ്ധകാലത്തുപോലും ഇന്ത്യന് പത്രങ്ങള് അവയുടെ പ്രചാരം കൂട്ടുക എന്ന ഉദ്ദേശത്തോടെ സ്വീകരിക്കുന്ന അയവില്ലാത്തതും കര്ശനവുമായ നിലപാടുകള് സര്ക്കാറിനെ സമ്മര്ദ്ദത്തിലാക്കുകയും പത്രമാധ്യമങ്ങള് നയിക്കുന്ന വഴികളിലൂടെ പോകേണ്ടിവരികയും ചെയ്യുന്നു. റസ്സല് ചൂണ്ടിക്കാണിച്ച ആപത്കരമായ രണ്ടു പ്രവണതകള്ക്കും നമ്മുടെ മുന്നില് എത്രയോ ഉദാഹരണങ്ങളുണ്ട്. യുദ്ധം വേണം എന്ന ആക്രോശത്തിന് പത്രങ്ങള് മാത്രമല്ല അവകാശികളായിട്ടുള്ളത്. കപട ദേശീയവാദികളും അതേ മുദ്രാവാക്യത്തിന് ജയ് വിളിക്കുന്നവരാണ്.
വലിയ വലിയ ആദര്ശങ്ങളുടേയും ആശകളുടേയും കൊടി ഉയര്ത്തിക്കൊണ്ട് പൊരുതിയ വിപ്ലവങ്ങള്ക്കും യുദ്ധങ്ങള്ക്കും ശേഷം തരിശായി കിടക്കുന്ന കുരുക്ഷേത്രമാണ് ഇന്നത്തെ ലോകം..... ആയുധ വിപ്ലവം ലോകത്തിന്റെ നിലനില്പിനെക്കുറിച്ച് സംശയങ്ങള് ഉയര്ത്തി. വ്യാപകമായ അനിശ്ചിതത്വം വായുവില് തങ്ങി നിന്നു.അനിശ്ചിതത്വം ലോകത്തില് എന്നുമുണ്ടായിരുന്നു.പക്ഷേ മുമ്പ് മനുഷ്യ മനസ്സുകളില് അവയെ പരസ്പരം യോജിപ്പിക്കുന്ന ചില ആശയങ്ങളോ മോഡലുകളോ ഉണ്ടായിരുന്നു. അവ ആവിയായിപ്പോയപ്പോള് മാനവ സമുദായം ശിഥിലീകൃതമായി. തുണ്ടം തുണ്ടമായിത്തീരലിനെക്കാള് വലിയ ദുരന്തം അങ്ങനെ തുണ്ടം തുണ്ടമായ അവസ്ഥയെ പ്രഘോഷിക്കുകയും ആദര്ശവത്കരിക്കുകയും ചെയ്യുന്ന മനുഷ്യനെ ആവേശിക്കുവാന് തുടങ്ങി - എന്നെഴുതിയത് വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്തകത്തില് ആനന്ദാണ്.
അവസാനിപ്പിക്കാം. സമര്ഖണ്ഡിലേയും ധര്മ്മപുരിയിലേയും അണുയുദ്ധത്തെക്കുറിച്ചുള്ള തമാശകള് ഒ വി വിജയന് ധര്മപുരാണത്തില് വിശദമാക്കുന്നുണ്ട്. യുദ്ധം ഉളവാക്കുന്ന ദേശസ്നേഹം ഒരു മഹാജ്വരം പോലെ ഇരുരാജ്യങ്ങളിലേയും ജനതയെ മൂടിപ്പിടിക്കുന്നത് അദ്ദേഹം ഭയപ്പാടോടെ ആവിഷ്കരിക്കുന്നുണ്ട്. തദ്ദേശീയരായ മാധ്യമങ്ങള് യുദ്ധത്തെ പൊലിപ്പിച്ച് കീര്ത്തനങ്ങള് എഴുതിയപ്പോള് ധര്മ്മപുരിയുടേയും സമര്ഖണ്ഡിന്റേയും യുദ്ധങ്ങള് ഒരു അന്താരാഷ്ട്ര ഫലിതം മാത്രമാണ് എന്ന് പരിഹസിച്ച വിദേശ മാധ്യമങ്ങളെക്കുറിച്ച് വിജയന് അവതരിപ്പിക്കുന്നുണ്ട്. ഒരു യുദ്ധത്തില് ആദ്യം ചത്തുവീഴുന്നത് സത്യവും ധര്മ്മവുമാണ് എന്നെഴുതിയത് നമ്മുടെ സ്വന്തം ശ്രീകണ്ഠന് നായരാണ് എന്നതുകൂടി ഇവിടെ ഓര്മ്മിക്കുക.
യുദ്ധങ്ങള് വേദനകള് മാത്രമാണ് മനുഷ്യകുലത്തിന് നല്കിയിട്ടുള്ളത്. യുദ്ധത്തില് മരിച്ചവര് ഭാഗ്യവാന്മാരാണ്. എന്നാല് അതിജീവിച്ച് ജീവിച്ചിരിക്കുന്നവരോട് നിങ്ങള് വീണ്ടുമൊരു യുദ്ധത്തെക്കുറിച്ച് ചോദിക്കുക. ആ ഉത്തരമാണ് യുദ്ധം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
|| ദിനസരികള് - 39 -2025 മെയ് 09, മനോജ് പട്ടേട്ട് ||
Comments