യുദ്ധം പാടില്ല എന്ന് പറഞ്ഞാല്‍ എന്നെ ദേശവിരുദ്ധനാക്കുമോ ? രാജ്യദ്രോഹിയാക്കുമോ ? എന്നാലും സാരമില്ല, ആകാവുന്നത്ര ഉച്ചത്തില്‍ പറയട്ടെ രാജ്യം ഒരു യുദ്ധത്തിന് പിന്നാലെ പോകരുത്

          പഹല്‍ഗാമില്‍ നടന്ന നിഷ്ഠൂരമായ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പാകിസ്താന്‍ തീറ്റിപ്പോറ്റുന്ന തീവ്രവാദികളാണ് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. 26 പേരെയാണ് ഇന്ത്യയുടെ മണ്ണില്‍ വെച്ച് അവര്‍ വകവരുത്തിയത്. നിരപരാധികളായ കേവല യാത്രികരായിരുന്നു അവര്‍ ! ഇതുചെയ്തവരോട്, ചെയ്യാന്‍ പ്രേരണ നല്കിയവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. അവരെ എത്രയും വേഗം കണ്ടെത്തി പരമാവധി ശിക്ഷ നല്കുക തന്നെ വേണം എന്ന കാര്യത്തില്‍ തര്‍ക്കമേയില്ല.എന്നാല്‍ ഇപ്പോള്‍ നടക്കുന്ന മുന്നൊരുക്കങ്ങളും കൂടിക്കാഴ്ചകളും കാണുമ്പോള്‍ രാജ്യം അതിര്‍ത്തി കടന്നൊരു ആക്രമണത്തിന് കോപ്പു കൂട്ടുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

 

            ഇന്ന് പാകിസ്താന്‍ പത്രമായ ഡോണ്‍ ചെനാബ് വരണ്ടു കിടക്കുന്നു എന്നൊരു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യ നദികളുമായി ബന്ധപ്പെട്ട കരാറുകളെല്ലാം റദ്ദു ചെയ്യുകയും രാജ്യതാല്പര്യമനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെയാണ് പാകിസ്താന്‍ നദികള്‍ ജലക്ഷാമം അനുഭവിക്കുവാന്‍ തുടങ്ങിയത്. പാകിസ്താനുമായുള്ള എല്ലാത്തരം വ്യാപാര ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കുകയും നയതന്ത്ര ചര്‍ച്ചകള്‍ അവസാനിപ്പിക്കുയും ചെയ്തിരിക്കുന്നു. അതൊടൊപ്പം തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമവും ഏറെക്കുറെ വിജയത്തിലെത്തിയിരിക്കുന്നു. യു എന്‍ രക്ഷാ സമിതിയില്‍ തന്നെ ചിലപ്പോള്‍ ചൈന മാത്രമായിരിക്കും പാകിസ്താന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന ഏകരാജ്യം! ഈ വിഷയത്തില്‍ അത്രമാത്രം അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ നിലപാടുകള്‍ക്ക് സ്വീകാര്യത കിട്ടിയിരിക്കുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുവാന്‍ എല്ലാത്തരത്തിലും പാകിസ്താന്‍  ശ്രമിക്കുന്നു. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ഇന്ത്യയിലേക്ക് അനുസ്യൂതം വെടിവെപ്പ് നടത്തുന്നു. പരമാവധി പ്രകോപനമുണ്ടാക്കി ഇന്ത്യയെ ഒരു യുദ്ധത്തിലേക്ക് ആനയിക്കുവാനുള്ള സാഹചര്യമുണ്ടാക്കുവാണ് പാകിസ്താന്‍ പരിശ്രമിക്കുന്നതെന്ന് വ്യക്തമാണ്. പാകിസ്താന്‍ ആഗ്രഹിക്കുന്ന ഒരു യുദ്ധത്തിലേക്ക് ഇന്ത്യ തലവെച്ചു കൊടുക്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.  പന്നികളോട് യുദ്ധം പാടില്ല എന്നൊരു പഴമൊഴിയുണ്ടല്ലോ! അതിനു കാരണം പന്നികളോട് യുദ്ധം ചെയ്യാന്‍ ചെല്ലുന്നവനെക്കൂടി അഴുക്കിലേക്ക് വലിച്ചിടുന്നു എന്നതാണ്. നാം ഒരു യുദ്ധത്തില്‍ ഏര്‍‌പ്പെട്ടാല്‍ അതുതന്നെയാണ് പാകിസ്താന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്.

           

            പാകിസ്താന്‍ സ്വബോധമില്ലാത്ത തീവ്രവാദികളുടെ പിടിയിലാണ്. നമ്മുടെ രാജ്യം പഹല്‍ഗാമിന് പകരമായി ഒരു നിയന്ത്രിത യുദ്ധം ആരംഭിച്ചാല്‍പ്പോലും ചിലപ്പോള്‍ ഉദ്ദേശിക്കുന്നതുപോലെ പര്യവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അതൊരു സമ്പൂര്‍ണയുദ്ധത്തിലേക്ക് എത്തിയാല്‍ സര്‍വ്വനാശമായിരിക്കും ഫലം എന്ന കാര്യത്തില്‍ സംശയമില്ല. കാരണം പാകിസ്താനും ഒരു ആണവരാജ്യമാണ്. ആ ആയുധങ്ങള്‍ കുരങ്ങന്റെ കൈയ്യിലെ മുല്ലപ്പൂ എന്നതുപോലെ പ്രയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. നടപടികള്‍ ഒന്നും തന്നെ വേണ്ട എന്നല്ല. നദികളുടെ നിയന്ത്രണം തന്നെ പാകിസ്താന് വലിയ തിരിച്ചടിയാണ്. പൊടുന്നനെ വരള്‍ച്ചയുണ്ടാക്കാനും വെള്ളപ്പൊക്കമുണ്ടാക്കാനുമൊക്കെ നദിയിലെ ജലം നിയന്ത്രിക്കുന്നതിലൂടെ കഴിയുന്നു. ഫലത്തില്‍ പാകിസ്താനിലേക്ക് പ്രവേശിക്കുന്ന നദികള്‍ ജലബോംബുകളായി മാറുന്നു. അതൊടൊപ്പം കൃത്യമായി തീവ്രവാദ കേന്ദ്രങ്ങളെ ഉന്നം വെച്ച് നടത്തുന്ന നീക്കങ്ങളും നിരപരാധികളെ മരണത്തില്‍ നിന്നും രക്ഷിക്കാനും അന്താരാഷ്ട്ര തലത്തില്‍ നമുക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുവാനും കാരണമാകും.

 

            പാകിസ്താന്റെ മൃഗീയതയ്ക്ക് അതേ മൃഗീയതയല്ല പകരം നല്കേണ്ടത്. അതുകൊണ്ട് ഒരു യുദ്ധം ഒഴിവാക്കിയെടുക്കാനാണ് രാഷ്ട്ര രക്ഷകര്‍ ഇപ്പോള്‍ ശ്രമിക്കേണ്ടത്, അതോടൊപ്പം പഹല്‍ഗാം പോലെയുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാത്ത തരത്തില്‍ ആഭ്യന്തര സുരക്ഷയുടെ കാര്യത്തതില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുകയും വേണം.

           

|| ദിനസരികള് - 36 -2025 മെയ് 06, മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍