വൈലോപ്പിള്ളിയുടെ ഏറെ പ്രസിദ്ധമായ ഒരു കവിതയാണ് മലതുരക്കല്‍. പക്ഷികള്‍ക്കുപോലും മറികടന്നു പോകാന്‍ കഴിയാത്തത്ര തലപൊക്കമുള്ള ഭീമാകാരമായ ഒരു മല ! ആ മല തുരന്നു വേണം അതിലെ കടന്നുപോകുന്ന ആവിയന്ത്രത്തിന് വഴിയൊരുക്കേണ്ടത്. അത് അപ്രാപ്യമായ ഒരു ലക്ഷ്യമാണെന്ന് പണിക്കൂട്ടത്തിന് തോന്നുന്നു. എത്ര തുരന്നാലും ഈ മലയെ മുറിച്ച് കടക്കുന്നത് അസാധ്യമാണ്. എന്നാല്‍ പണി ഏറ്റെടുത്തേ പറ്റൂ എന്ന ചെറുപ്പക്കാരുടെ പക്ഷത്തിനെ പിന്‍പറ്റി മലതുരക്കല്‍ തുടങ്ങുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ അവരുടെ നേതാവായ യുവാവിനോട് അച്ഛന്‍ തന്റെ നിരാശ പങ്കുവെയ്ക്കുന്നു :-

എന്മകനേ, യിതെന്തൊരു യത്നം ?

പക്ഷികള്‍ക്കും മുറിച്ചു പാറീടാന്‍

പറ്റുകി,ല്ലത്ര പോരുമീ ശൈലം

ആകവേ നാം തുരക്കണം പോലും

ആവിവണ്ടികള്‍ക്കൂളിയിട്ടോടാന്‍.

നെറ്റി വേര്‍പ്പിലുരുകുവാനുപ്പിന്‍

കട്ടയോ കുലപര്‍വ്വകൂടം ?” എന്ന നിരുന്മേഷദായകമായ ആ ചോദ്യത്തിനെ പുത്രനാകട്ടെ വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് നേരിടുന്നത്. എത്ര വലുപ്പമുണ്ടെങ്കിലും മനുഷ്യന്റെ വീര്യം , അധ്വാനശേഷി , ഈ ഈ മഹാശൈലത്തിനെ തുരന്നു കടന്നുപോകുക തന്നെ ചെയ്യും. അതുകൊണ്ട് നാം കൂടുതല്‍ കൂടുതല്‍ ഉന്മേഷത്തോടെ തുരക്കുക തന്നെ വേണം ! മകന്റെ മറുപടി വേണ്ടത്ര തൃപ്തി നല്കിയില്ലെങ്കിലും അച്ഛന്‍ വേറൊന്നും പറയാതെ പണി തുടരുന്നു.

 

          ഒരു കൊല്ലക്കാലത്തിന് ശേഷവും മലയെ കീഴടക്കാനാകാതെ ഹതാശനായ പിതാവ് തന്റെ നിരാശ പ്രകടിപ്പിക്കുന്നു. ഏറ്റെടുത്ത ഈ ജോലി പൂര്‍ത്തിയാക്കാനാകില്ലെന്ന് ആണയിടുന്നു. ഇത്ര നാളും നടത്തിയ അധ്വാനം മുഴുവന്‍ പാഴായിപ്പോകുമെന്ന് ആണയിടുന്നു. എന്നാല്‍ മകന്റെ പ്രതികരണം മറ്റൊന്നായിരുന്നു

പുത്രനോതി ഞാന്‍ വിശ്വസിക്കുന്നു

മര്‍ത്യവീര്യമീയദ്രിയെ വെല്ലും

കാരിരുമ്പിനും കല്ലിനും മീതെ

നീറി നില്പീലേ പൌരഷനാളം?

അല്പമെങ്കിലും ചെയ്തു നാ, മത്ര

ലബ്ദമായി ജയത്തില്‍ പിടിവള്ളി

നാമിരുവശം നിന്നിതേ മട്ടില്‍

ത്തീമരുന്നുമുരുക്കുമായ് നേര്‍ക്കില്‍

ഹാ ! വഴിതരും അബ്ദങ്ങളേറെ

യാകിലാകട്ടെ പര്‍വ്വതഭിത്തി

 

            മകന്റെ വാക്കുകളിലെ ശുഭാപ്തി വിശ്വാസം നോക്കൂ ! എത്ര കാലം കഴിഞ്ഞാലും മനുഷ്യപ്രയത്നത്തിന് മുന്നില്‍ ആ മല തോല്ക്കുക തന്നെ ചെയ്യും എന്ന ഉറപ്പ് !

 

            പിന്നേയും കാലം കടന്നു പോകുന്നു. കൂട്ടത്തില്‍ പലരും മരിച്ചു വീഴുന്നു. ചിലരൊക്കെ വയ്യാതാകുന്നു. പലരും വരുന്നു, ചിലരെല്ലാം പോകുന്നു. എന്നാലും പണിക്കാര്‍ നിരന്തരമായി തങ്ങളുടെ അധ്വാനശേഷിയെ മലതുരക്കാന്‍ ഉപയോഗിക്കുന്നു.  ഒരു ദിവസം കല്ലുവെട്ടുമ്പോള്‍ ഇപ്പുറത്തു നില്ക്കുന്നവര്‍ ഒരു ശബ്ദം കേട്ടുവോ എന്ന് സംശയിക്കുന്നു. മകന്‍ ഗുഹയുടെ അപ്പുറത്തേക്ക് ഉച്ചത്തില്‍ വിളിച്ചു ചോദിക്കുന്നു

 

അപ്പനെന്നൊച്ചയങ്ങ് കേള്‍ക്കാമോ ?

അപ്പനേ എനിക്ക് അസ്സലായി കേള്‍ക്കാം

 

 

അധ്വാനത്തിന്റെ സ്വപ്നങ്ങള്‍ക്ക് മഹിത വര്‍ണം ചാലിച്ച മഹാത്മാവിന് സ്മരണാഞ്ജലികള്‍ !

 

 

|| ദിനസരികള് - 35 -2025 മെയ് 05, മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍