നമ്മുടെ നവമാധ്യമങ്ങള് വഴി കിട്ടിയ ഒരു സന്ദേശം വായിക്കുക :-
ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലേക്ക് അയച്ച മിസൈലുകളുടെ എണ്ണം - 58
റിപ്പോർട്ടർ ചാനൽ അയച്ചത് - 256
ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനങ്ങൾ - 4
റിപ്പോർട്ടർ വെടിവെച്ചു താഴെ ഇട്ടത് – 114
റിപ്പോർട്ടർ ചാനലിന്റെ പിടിയിലായത് - കണ്ടമാനം.
ഇന്ത്യ ആക്രമിച്ച പാക്കിസ്ഥാൻ തുറമുഖങ്ങൾ - 1
റിപ്പോർട്ടർ വളഞ്ഞിട്ട് ആക്രമിച്ചത്- 12.
കൂടാതെ കറാച്ചി തുറമുഖ ആക്രമണത്തിന് ഇന്ത്യൻ സൈന്യത്തിനും മുൻപേ ആദ്യം എത്തിയത് റിപ്പോർട്ടർ സംഘം.
ഇന്ത്യയിലെ എല്ലാ വിമാനതവളങ്ങളും റിപ്പോർട്ടർ ഇന്നലെ 8.30 ന് അടച്ചു പൂട്ടിച്ചു –
മുകളിലെ സന്ദേശം കേവലമൊരു തമാശയാണ് എന്ന് തോന്നാം. എന്നാല് തികച്ചും വ്യാജമായ വാര്ത്തകളെ പ്രചരിപ്പിക്കുന്ന ഒരു രീതിയുടെ ശരിയായ ആവിഷ്കാരമാണത് എന്നതാണ് വസ്തുത. പാകിസ്താനുള്ള തിരിച്ചടികള് ആരംഭിച്ച ദിവസംമുതല് നമ്മുടെ ചാനലുകള് ശ്രദ്ധിച്ചവര്ക്കറിയാം, തൃശ്ശൂര്പ്പൂരം അല്ലെങ്കില് ആവേശകരമായ ഒരു സെവന്സ് ഫുട്ബോള് റിപ്പോര്ട്ട് ചെയ്യുന്ന ലാഘവത്തോടെ വായില് വരുന്നതെല്ലാം കോതയ്ക്ക് പാട്ട് എന്ന നിലയില് അവതാരകര് വാരി വിതറുകയാണ് എന്ന്. അതും ഏറെയും വസ്തുതാവിരുദ്ധമായ കാര്യങ്ങള് ! ഇതിനിടയില് എത്ര തവണ ഈ റിപ്പോര്ട്ടര് തന്നെ മാപ്പു പറഞ്ഞു കഴിഞ്ഞു ?
കാഴ്ചക്കാരെ ആകര്ഷിക്കുവാനുള്ള കുറുക്കുവഴി അവര്ക്ക് താല്പര്യമുള്ള വിഷയങ്ങളെ അതിശയോക്തി പരമായി അവതരിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് തങ്ങളിലേക്ക് വരുന്ന ഓരോ വിഷയങ്ങളേയും ജനങ്ങളുടെ ശ്രദ്ധ കിട്ടുന്ന വിധം അവതരിപ്പിച്ചെടുക്കുവാന് വാര്ത്താ ചാനലുകള് പരിശ്രമിക്കുന്നത്. എന്നാല് അത് ന്യൂസ് റൂമുകളുടെ പണിയല്ല എന്ന് എന്നാണ് നമ്മുടെ ചാനലുകള് തിരിച്ചറിയുക ? ഒരു ഫിക്ഷന് ചമച്ചെടുക്കുന്നതുപോലെയാണ് ഇപ്പോള് വാര്ത്ത അവതരിപ്പിക്കുന്ന രീതിയും എന്ന് പറയാതാരിക്കുവാനാകില്ല.
|| ദിനസരികള് - 40 -2025 മെയ് 10, മനോജ് പട്ടേട്ട് ||
Comments