ഈ രാജ്യം നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഒരു പങ്കാളിത്തവുമില്ല ! ജനത ചോരചിന്തി നടത്തിയ സായുധ സമരങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഒരു മുദ്രാവാക്യം പോലും വിളിക്കുകയോ ഏറ്റു വിളിക്കുകയോ ചെയ്തിട്ടില്ല . എന്നാലോ കൊളോണിയൽ ശക്തികൾ ഭരിക്കുന്നതാണ് ഈ നാടിന് നല്ലത് എന്ന് പ്രഖ്യാപിച്ചു കൊണ്ട് അവരുടെ ദയാദാക്ഷിണ്യങ്ങൾക്കുവേണ്ടി ഷൂസ് വരെ നക്കിത്തുടയ്ക്കാൻ അവർക്ക് മടിയില്ലായിരുന്നു. എന്നാലോ ജാതിയുടേയും മതത്തിൻ്റേയും പേരിൽ ജനതയെ പരസ്പരം തമ്മിലടിപ്പിക്കാൻ അവർ എന്നും മുന്നിലായിരുന്നു. എന്നാലോ ഈ രാജ്യം ഇന്നു കാണുന്ന തരത്തിൽ ഒരു രാജ്യമായി നിലവിൽ വന്നുകൂടെന്നും നാട്ടു രാജ്യങ്ങളായി നിലനില്ക്കണമെന്നും തീവ്രമായി വാദിക്കുവാൻ അവർക്ക് മടിയില്ലായിരുന്നു . എന്നാലോ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി പ്രഖ്യാപനം ചെയ്തപ്പോൾ ആ നീക്കത്തെ മുക്തകണ്‌ഠം പ്രശംസിക്കുവാനും രാജവെടുത്ത തീരുമാനത്തെ അഭിനന്ദിക്കുവാനും അവർക്ക് മടിയില്ലായിരുന്നു. എന്നാലോ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ ഈ രാജ്യത്തെ രണ്ടായി പകുക്കുവാനും ഐക്യത്തെ ചിന്നഭിന്നമാക്കുവാനും തങ്ങളുടെ ശേഷിയെ സമർത്ഥമായി വിനിയോഗിക്കാൻ അവർക്ക് മടിയേതുമില്ലായിരുന്നു. അങ്ങനെ വിഭജിക്കപ്പെട്ട ഒരു രാജ്യത്തു നിന്നു കൊണ്ട് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നെടുനായകത്വം വഹിച്ച മഹാത്മാവിനെ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന വ്യാജ നരേറ്റീവ് സൃഷ്ടിച്ച് വെടിവെച്ച് കൊല്ലുവാനും അവർക്ക് മടിയേതുമുണ്ടായിരുന്നില്ല ! എന്നാലോ ഒന്നിച്ചു നിന്ന ഒരു രാജ്യത്തെ ഭാരതത്തിലുടനീളം തെക്കുവടക്ക് രഥയാത്ര നടത്തി ഭിന്നിപ്പിക്കുവാനും അങ്ങനെ ചിന്തിയ ചോരയിൽ ചവിട്ടി അധികാരത്തിലെത്താനും അവർക്ക് മടിയേതുമില്ലായിരുന്നു .
ഈ രാജ്യം അതുവരെ സംഭരിച്ചു വെച്ച മൂല്യങ്ങളെല്ലാം കുഴമറയ്ക്കപ്പെട്ടു! അപരവത്കരണം അവരുടെ രാഷ്ട്രീയ അജണ്ടയായി മാറി . രാജ്യതാല്പര്യങ്ങൾ ബലികഴിക്കപ്പെട്ടു. പ്രതിസന്ധികളിൽ / തിരഞ്ഞെടുപ്പ് കാലങ്ങളിൽ കപട മതാത്മക ദേശീയത അരങ്ങു കീഴടക്കി. അങ്ങനെ അവർ വീണ്ടും വീണ്ടും അധികാരത്തിൽ വന്നു.
എന്നാൽ നേരാം വണ്ണം ആഭ്യന്തര സുരക്ഷ പോലും ഉറപ്പാക്കാൻ അവർക്കു കഴിഞ്ഞില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ മതം പറഞ്ഞ് തമ്മിൽ തല്ലി. മധ്യേന്ത്യയിൽ മുസ്ലിംങ്ങളും ദളിതരും നിരന്തരം നിഷ്കരുണം പീഡിപ്പിക്കപ്പെട്ടു . രാജ്യത്തെങ്ങും സവർണ മേൽക്കോയ്മ കെട്ടിയെഴുന്നള്ളിക്കപ്പെട്ടു! ആഭ്യന്തരമായി ഛിദ്രത തുടരുമ്പോൾ തന്നെ രാജ്യത്തിന് പുറത്തു നിന്നും ഏറ്റവും കൂടുതൽ ആക്രമണമുണ്ടായതും ഇക്കാലത്താണ്. അതിൽ ഏറ്റവും അവസാനത്തേതാണ് പഹൽഗാം. രാജ്യത്തിന് അകത്തേക്ക് കടന്ന് പാവപ്പെട്ട സഞ്ചാരികളെ കൊന്നൊടുക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞത് ഭരണകൂടത്തിൻ്റെ പരാജയം തന്നെയായിരുന്നു. ആ നാണക്കേടിൽ നിന്നും മുക്തി നേടാൻ രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു .
ഈ രാജ്യത്തിൻ്റെ ഭാഗധേയത്തിൽ ഒരു പങ്കുമില്ലാത്ത ആ കൂട്ടർ നടത്തുന്ന ഈ കങ്കാണി യുദ്ധത്തിൽ അഭിമാനമുള്ള ഒരിന്ത്യക്കാരനും ആഹ്ളാദിക്കുകയില്ല , തീർച്ച
ll ദിനസരികൾ 37, 07 മെയ് 2025 മനോജ് പട്ടേട്ട് ||
Comments