എസ് ഡി പി ഐ ,
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിഴിഞ്ഞത്തിന്റെ പേരില്‍ അഭിനന്ദിക്കുന്ന ഒരു കാര്‍ഡ്
ഇന്നെനിക്ക് കിട്ടി. ഞാനത് ഫേസ് ബുക്കില്‍ ഇട്ടപ്പോള്‍ എന്റെ ഒരു സുഹൃത്ത്
അതിനടിയില്‍ ആ ഫോട്ടോ ഒറിജിനലാണോ എന്നൊരു ചോദ്യമുന്നയിച്ചു. അപ്പോഴേക്കും വേറെ
രണ്ടു പേര്‍ - എസ് ഡി പി ഐ യുമായി ബന്ധപ്പെട്ടവരാണെന്ന് പിന്നീട് അവരുടെ പ്രൊഫൈല്‍
പരിശോധിച്ചപ്പോള്‍ മനസ്സിലായി – അത്
കൃത്രിമമാണെന്നും എസ് ഡി പി ഐ ആ കാര്‍ഡിനെ
തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചപ്പോള്‍ ഞാന്‍ ആ പോസ്റ്റ് ടൈംലൈനില്‍ ഹൈഡ്
ചെയ്തു വെച്ചു.
ഒരു
വ്യക്തിയെക്കുറിച്ചായാലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചായാലും ഇത്തരത്തില്‍
നുണ പ്രചരിപ്പിക്കുക എന്നത് നീചമായ പ്രവര്‍ത്തിയാണ്. എത്ര ജാഗ്രതയോടെയിരുന്നാലും
പലരും ഈ നുണപ്രചരണം ശരിയാണെന്ന് ധരിച്ചുപോകുന്ന സാഹചര്യമുണ്ടാകാം. നമുക്ക് എന്തെങ്കിലും
ഒന്നിനെ – അത് ഒരു വ്യക്തിയെയാകട്ടെ
, ആശയത്തെയാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ - വെറുക്കുകയോ എതിര്‍ക്കുകയോ ചെയ്യണമെങ്കില്‍
നിലനില്ക്കുന്ന കാരണങ്ങളുണ്ടാകണം. വെറുക്കാനുള്ള കാരണങ്ങള്‍ ഒരു കാരണവശാലും
കെട്ടിച്ചമച്ചുണ്ടാക്കരുത് എന്നര്‍ത്ഥം. ഒരു നുണ കുറച്ചുകാലത്തേക്ക് നേരിന്നു പകരം
ഉലകം ചുറ്റിയേക്കാം. എന്നാല്‍ അതിന് അധികകാലം പിടിച്ചുനില്ക്കാനാകില്ല. നുണ
പൊളിയുന്നതോടുകൂടി നിങ്ങള്‍ ആര്‍ക്കെതിരെയാണോ നുണ ചമച്ചു വെച്ചത് അവര്‍ കൂടുതല്‍
ശക്തരാകുന്നു എന്നതാണ് വസ്തുത. അതുകൊണ്ട് കഴിയുന്നത്ര നുണപ്രചാരണ വേലകള്‍
നടത്താതിരിക്കുന്നതാണ് നല്ലത്.
എസ്
ഡി പി ഐ യെക്കുറിച്ചാണെങ്കില്‍ അവരെ എതിര്‍ക്കുവാന്‍ മതേതര ജനാധിപത്യ പക്ഷത്തു
നില്ക്കുന്നവര്‍ക്ക് എത്രയോ കാരണങ്ങളുണ്ട്. സൈനിക സ്വഭാവത്തില്‍ പൊളിറ്റിക്കല്‍
ഇസ്ലാമിന്റെ ആശയങ്ങളെ പിന്‍പറ്റിയും മതത്തിന്റെ തണലു പിടിച്ചും രൂപീകരിക്കപ്പെട്ട
പ്രസ്തതു സംഘടന , ആറെസ്സെസ്സിനെപ്പോലെ തന്നെ ഈ രാജ്യത്തിന് അപകടകരമാണ്. അവരുടെ
കൈവശമുള്ള ചില്ലറ വോട്ടുകള്‍ക്കു വേണ്ടി ഇക്കൂട്ടരെ മതേതര കക്ഷികളെന്ന്
അവകാശപ്പെടുന്നവര്‍പോലും കൂടെ നിറുത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്
കാണുമ്പോള്‍ അസംബന്ധം എന്നാണ് തോന്നുക. ഹിന്ദുത്വശക്തികള്‍ ഈ രാജ്യത്തുണ്ടാക്കുന്ന
അപകടകരമായ പ്രവണതകളെ എതിര്‍ക്കുവാന്‍ എന്ന നാട്യത്തില്‍ പാവപ്പെട്ട വിശ്വാസികളെ
പറഞ്ഞ് വഴിതെറ്റിച്ചാണ് എസ് ഡി പി ഐ പ്രവര്‍ത്തനം നടത്തുന്നത്. ഇതുതന്നെയാണ് ആര്‍
എസ് എസ് അടക്കമുള്ള സംഘപരിവാര സംഘടനകളും ചെയ്യുന്നത്. ഇസ്സാമിനെക്കുറിച്ച് ഭയം
വിതയ്ക്കുകയും ആ ഭയത്തെ ഇല്ലാതാക്കുവാന്‍ തങ്ങള്‍ക്കുമാത്രമേ കഴിയുകയുള്ളു എന്ന്
പ്രചരിപ്പിക്കുകയും അതുകൊണ്ട് ഹിന്ദുക്കളെല്ലാവരും ആര്‍ എസ് എസിന്റെ
കൊടിക്കൂറയ്ക്ക് കീഴില്‍ അണിനിരക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. രണ്ടു
കക്ഷികളും നില്ക്കുന്നത് വ്യാജപ്രചാരണങ്ങളുടെ പിന്‍ബലത്തിലാണ്.
ഗാന്ധിയുടെ
വധം ആറെസ്സെസ്സിനെ ഇന്ത്യയുടെ മനസ്സില്‍ നിന്നും എത്രമാത്രം അകറ്റി മാറ്റി
നിറുത്തിയെന്ന് നമുക്ക് അറിയാം. അതുതന്നെയാണ് എസ് ഡി പി ഐ ക്കാര്‍ (പി എഫ് ഐ എന്നൊക്കെ
പറയുമെങ്കിലും എല്ലാം ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ തന്നെ ) ജോസഫ് മാഷിന്റെ കൈ
വെട്ടിയപ്പോഴും സംഭവിച്ചത്. അവരും ജനസാമാന്യത്തിന്റെ മനസ്സില്‍ വെറുപ്പിന്റെ
പ്രതിരൂപമായി മാറി. ഗാന്ധിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ആര്‍ എസ്
എസിന് വളരെ നേരത്തെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാന്‍
കഴിയുമായിരുന്നു. ജോസഫ് മാസ്റ്റര്‍ക്ക് നേരെ നടന്ന അക്രമം ഈ മുസ്ലിം വാദ സംഘത്തിനെ
ഏറെ പിന്നോട്ടടിച്ച സംഭവമാണ്.
അതുകൊണ്ട് ഈ കക്ഷികള്‍ക്കെതിരെ
വ്യാജമായ പ്രചാരണങ്ങള്‍ നടത്തേണ്ട ഒരാവശ്യവുമില്ല. ഇവരെക്കുറിച്ചുള്ള വസ്തുതകള്‍
മാത്രം പറഞ്ഞാല്‍ മതി,
വിഷപ്പാമ്പുകളെയെന്നപോലെ ജനം ഇവറ്റകളെ ആട്ടിയകറ്റിനിറുത്തിക്കോളും, തീര്‍ച്ച.
|| ദിനസരികള് - 34 -2025 മെയ് 04, മനോജ് പട്ടേട്ട് ||
Comments