"ബുദ്ധിമാന്‍ എത്തി നോക്കാന്‍ മടിക്കുന്നിടത്ത് വിഡ്ഢികള്‍ ഓടിക്കയറും" എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഇന്നലെ വിഴിഞ്ഞം പോര്‍ട്ടിന്റെ ഉദ്ഘാടന വേദിയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്. കേരളത്തിലെ ബി ജെ പിയുടെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട ഒരു മനുഷ്യന്‍ സ്വയം ഒരു  അല്പനാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ആ സ്റ്റേജ് ഷോ നടന്നത് , പക്ഷേ നന്നായി എന്നേ ഞാന്‍ പറയൂ. കാരണം അയാള്‍ എന്താണെന്നും അയാളുടെ ശേഷി എന്താണെന്നും കേരള ജനതയ്ക്ക് പ്രത്യേകമായും ബോധ്യപ്പെടാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെട്ടല്ലോ !  

 

            സംസ്ഥാനത്തിന് പുറത്തു നിന്നൊരു രാഷ്ട്രീയ ഭിക്ഷാംദേഹിയെ കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്നപ്പോള്‍ അയാളുടെ സംഘടനാ ശേഷിയും ബോധ്യങ്ങളും എത്രയുണ്ട് എന്നറിയാതെ ഒരല്പം കുഴങ്ങിപ്പോയ പലരേയും എനിക്കറിയാം. 'ഒന്നുമില്ലാത്ത ഒരാളെ ഇത്തരത്തിലെഴുന്നള്ളിക്കുമോ അയാള്‍ എന്തെങ്കിലുമൊക്കെ ചെയ്യും ഭയപ്പെടണം' എന്ന് ഭീതിപ്പെട്ടവരൊക്കെ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാകണം. ഇയാള്‍ തന്റെ മുന്‍ഗാമിയെക്കാള്‍ എത്രയോ ദുര്‍ബലനാണ് എന്ന് ഇപ്പോള്‍ അവരൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. നാല്ക്കവലയില്‍ തുണിയുരിക്കപ്പെട്ടവന്റെ അവസ്ഥയില്‍ തങ്ങളുടെ നേതാവ് ഇളിഭ്യനായി നില്ക്കുന്നതുകണ്ട്  ഓരോ ബി ജെ പിക്കാരനും ജാള്യത കൊണ്ട് തല താഴ്ത്തിയിട്ടുണ്ടാകണം.

 

            എന്തായാലും ഈ അമ്പത്താറിഞ്ചുകാരനും ഇനി കേരളത്തില്‍ വിശേഷിച്ചൊന്നും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. കാലാവധിയെത്തുന്നതിനു മുന്നേ തന്നെ ഈ മനുഷ്യന്‍ തന്റെ പെട്ടിയുമായി മടങ്ങിപ്പോകാനാണ് സാധ്യത. അതോടൊപ്പം സുരേന്ദ്രാദി വേന്ദ്രന്മാരുടെ കുത്തുകൂടിയാകുമ്പോള്‍ ഈ മടക്കത്തിന് വേഗം കൂടും. അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാക്കുവാന്‍ ഒരു കസേരപിടിച്ചിരക്കല്‍ നമുക്ക് കാണാം. രണ്ടായാലും ഈ അപഹാസ്യ കഥാപാത്രത്തിന് കേരളത്തില്‍ പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ല എന്നുറപ്പാണ്.

 

            കേരളത്തിന്റെ ചരിത്രത്തെ സംഘപരിവാരം ഇനിയും വേണ്ടത്ര അവധാനതയോടെ വിലയിരുത്തിയിട്ടില്ല എന്ന കാര്യം വ്യക്തമാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ കേരളത്തിലേക്ക് പറിച്ചു നടാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും ഇവിടെ പുലര്‍ന്നു പോകുന്ന ഒന്നാവില്ല. കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക അന്തരീക്ഷത്തെ മലിനപ്പെടുത്തുവാന്‍ ബി ജെ പിയും ആറെസ്സെസ്സും കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിന്റെ അതിശക്തമായ  ഒരു കവചം സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് നാം നന്ദി പറഞ്ഞു തുടങ്ങേണ്ടത് അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നാണ്.ഈ നാടിനെ അത്ര വേഗം സംഘിക്കോമരങ്ങള്‍ക്ക് തുള്ളാനുള്ള ഒരിടമാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം നമ്മുടെ സാംസ്കാരിക ബോധത്തിന്റെ വേരുകള്‍ അത്രത്തോളം ആഴത്തില്‍ ചെന്നെത്തുന്നു എന്നുള്ളതുകൊണ്ടാണ്. ചില വിള്ളലുകളുണ്ടായിട്ടുണ്ടെങ്കിലും ആ വേരുകളെ അത്ര വേഗം പറിച്ചു മാറ്റുവാന്‍ കഴിയുന്ന ഒന്നല്ല.

 

|| ദിനസരികള് - 33 -2025 മെയ് 03, മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍