മലയാറ്റൂരിന് പോയാലോ എന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ചാടിയിറങ്ങിയതാണ്. രസകരമായ ഒരു യാത്രയാണല്ലോ എന്നതായിരുന്നു മുഖ്യ ആകർഷണം. വനവീഥികളിലൂടെ പൊന്നിൻ കുരിശു മുത്തപ്പാ പൊൻമല കയറ്റം എന്ന ശരണം വിളികളോടെ ആയിരങ്ങളാണ് അന്യ സംസ്ഥാനത്തു നിന്നടക്കം മലയാറ്റൂരിലേക്ക് എത്തുന്നത്. പുലർച്ചേ മൂന്നു മണിയോടെ ഞങ്ങൾ മല കയറാൻ തുടങ്ങി.
"ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ മലയാറ്റൂരിലുള്ള ഒരു കുന്നിൻ മുകളിലുള്ള സീറോ-മലബാർ കത്തോലിക്കാ പള്ളിയിലേക്കുള്ള നോമ്പുകാലത്തിന്റെ അവസാനത്തോടടുത്തുള്ള ഒരു വാർഷിക തീർത്ഥാടനമാണ് മലയാറ്റൂർ തീർത്ഥാടനം . അപ്പോസ്തലനായ തോമായുടെ ബഹുമാനാർത്ഥം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ തീർത്ഥാടനമാണിത് , അദ്ദേഹത്തിന്റെ പേരിലാണ് പള്ളി അറിയപ്പെടുന്നത്, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ അദ്ദേഹം തന്നെയാണ് ഇത് സ്ഥാപിച്ചത്. തീർത്ഥാടകർ മൂന്ന് കിലോമീറ്റർ മുകളിലേക്ക് നടന്ന് പള്ളിയിലേക്ക് പോകുന്നു " എന്നാണ് വിക്കിപ്പീഡിയ തീർത്ഥാടനത്തെകുറിച്ച് നല്കുന്ന ചെറുവിവരണം.
ഞങ്ങൾ വെളുപ്പിന് മൂന്നുമണിക്കാണ് മലകയറാൻ തുടങ്ങിയത്. ഈസ്റ്ററിന് ശേഷമുള്ള പുതു ഞായറായതുകൊണ്ടാകണം , കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും വലിയ തിരക്ക്. ചെറിയ കുട്ടികൾ ഓടിക്കയറുകയും അതേപോലെ തിരിച്ചിറങ്ങുകയും ചെയ്യുന്നുണ്ട്. ഞാൻ ശ്രദ്ധിച്ചത് മുതിർന്നവരുടെ മുഖങ്ങളാണ്. പലരും ഒരു വിനോദ യാത്രയുടെ 'മൂഡി ' ലായിരുന്നെങ്കിലും ഭൂരിപക്ഷം ആളുകളും അങ്ങനെയായിരുന്നില്ല. ദൈന്യതമുറ്റിയ മുഖങ്ങളോടെ പ്രാർത്ഥനാ ഭരിതമായ മനസ്സുമായിട്ടാണ് അവർ മല കയറുന്നത്. ചിലരെല്ലാം വടി കുത്തിപ്പിടിച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ ഒരു കുരിശ് സ്വന്തം ചുമലിൽ ഏറ്റിയിട്ടുണ്ട്. ഇനിയും ചിലർ വലിയ മരക്കുരിശുകൾ കൂട്ടമായി ചുമലിലേറ്റി കുന്നു കയറുന്നു.
ക്രിസ്തുവിനെ ഗാഗുൽത്തയിലേക്ക് ക്രൂശീകരിക്കാൻ കൊണ്ടു പോയപ്പോൾ സീസറിൻ്റെ പടയാളികൾ അദ്ദേഹത്തിൽ ഏല്പിച്ച പീഡനങ്ങളെ ആത്മവത്കരിക്കുകയാണ് ഇവിടെ വിശ്വാസികൾ ! കുരിശിൻ്റെ വഴിയിലെ ഓരോ പാദങ്ങളിലും അവർ പ്രാർത്ഥനാ നിമഗ്നരാക്കുന്നു . തങ്ങളുടെ പാപമേറ്റെടുത്തുകൊണ്ട് തങ്ങൾക്കായി മരിച്ച യേശുവിനെ അവർ കണ്ണീരോടെ അനുസ്മരിക്കുന്നു. തങ്ങൾ പാപികളാണെന്ന ബോധം സൃഷ്ടിക്കുന്ന പതിതചിന്തയോട് ആഭിമുഖ്യമില്ലെങ്കിലും പാപ വിമോചനത്തിനായി ഉരുകിക്കരയുന്ന വിശ്വാസികളോട് എനിക്ക് അനുതാപമുണ്ട്.
മുകളിൽ സെൻ്റ് തോമസ് പണി കഴിപ്പിച്ചത് എന്ന് വിശ്വസിക്കുന്ന ദേവാലയമുണ്ട്. വിശ്വാസികൾ അതിൽ തിങ്ങിനിറഞ്ഞ് വിശുദ്ധ കുർബാന സ്വീകരിക്കുന്നു. ദാഹിച്ചു വലഞ്ഞപ്പോൾ അദ്ദേഹത്തെ ശമിപ്പിക്കാൻ പുറപ്പെട്ടു പോന്ന ജല സ്രോതസുണ്ട്. ആ വെള്ളം കുടിച്ചാൽ രോഗപീഡാദികൾ ഉണ്ടാകില്ല എന്ന വിശ്വാസം ഇപ്പോഴും പ്രബലമായതിനാൽ ഭക്തർ ആ ജലം കുപ്പികളിൽ ശേഖരിച്ച് വീടുകളിൽ കൊണ്ടുപോകുന്നു. പെരിയാർ ടൈഗർ റിസർവ്വ് ഫോറസ്റ്റിൽപെട്ട മലമുകളിൽ നിന്നുള്ള കാഴ്ച ശാന്തവും ഭംഗിയുള്ളതുമാണ്. മഞ്ഞുമൂടി കിടക്കുന്ന താഴ് വരയെ നോക്കി നോക്കി ഞാൻ ഏറെ നേരം വെറുതെ സ്വയം നഷ്ടപ്പെട്ടു നിന്നു.
മടങ്ങാൻ നേരം വിശ്വാസികൾ ചുമന്നെത്തിച്ച കുരിശുകളിൽ നിന്നും വെറുതെ ഒരോർമ്മയ്ക്ക് ചെറിയ ഒരെണ്ണം ഞാനെടുത്തു . എന്നാൽ അടുത്തു നിന്ന പ്രായമുള്ള ഒരു വിശ്വാസി എന്നെ ഇങ്ങനെ താക്കീത് ചെയ്തു." സ്വന്തം പാപം ശമിപ്പിക്കാനാണ് വിശ്വാസികൾ കുരിശ് ചുമന്നെത്തിക്കുന്നത്. അത് നിങ്ങൾ എടുക്കുന്നുവെങ്കിൽ അവരുടെ പാപം കൂടിയാണ് ഏറ്റെടുക്കുന്നത്. അത് ചെയ്യാതിരിക്കുന്നതാണ് നല്ലത് " എന്തിനാണ് മറ്റുള്ളവരുടെ പാപം ഏറ്റെടുത്ത് ഞാൻ വെറുതെ ക്രൂശിതനാകുന്നത് എന്ന് ഒരു ചെറു ചിരിയോടെ ചിന്തിച്ചു കൊണ്ട് എടുത്ത കുരിശ് അവിടെത്തന്നെ വെച്ചതിനു ശേഷം വെയിൽ കനക്കുന്നതിന് മുന്നേ മലയിറങ്ങാൻ തുടങ്ങി.
ll ദിനസരികൾ 27
Comments