സച്ചിദാനന്ദനും ബാലചന്ദ്രന്‍
ചുള്ളിക്കാടും! രണ്ടു പേരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൌമാര
കാലഭ്രാന്തുകളില്‍ രണ്ടു പേരും എന്റെ ഒപ്പം നടന്നവരുമാണ്.അവര്‍ എനിക്കു വേണ്ടി
അലറിവിളിക്കുകയും വിതുമ്പിക്കരയുകയും പൊട്ടിച്ചിരിക്കുകയും പ്രണയപ്പെടുത്തുകയും
മുറിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയുമൊക്കെ ചെയ്തു കൂടെത്തന്നെ പുലര്‍ന്നു, കാലങ്ങളോളം ! എന്നല്ല ഇപ്പോഴും
എന്നുവേണം പറയാന്‍ ! ഏതു സാഹചര്യത്തേയും നേരിടാന്‍ ഒരു സച്ചിദാനന്ദന്‍ കവിതയോ ഒരു
ചുള്ളിക്കാട് കവിതയോ കൂട്ടായി എനിക്ക് ഇപ്പോഴുമുണ്ടാകും! അത്രയും
പ്രിയപ്പെട്ട രണ്ടുപേര്‍ ! അവരില്‍ ഒരാള്‍ മറ്റൊരാളുടെ കവിതകളുടെ കൂട്ടത്തില്‍ നിന്നും
തനിക്ക് പ്രിയപ്പെട്ടതുമാത്രം വേര്‍പെടുത്തിയെടുത്താലോ ? കോഴിക്കോടുണ്ടായിരുന്ന
ബോധി ബുക്സ് അങ്ങനെ ചിന്തിക്കുകയും എന്റെ സച്ചിദാനന്ദന്‍ കവിതകള്‍ എന്ന പേരില്‍
ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്‍ കവിതകളുടെ ഒരു സമാഹാരം
1993 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എനിക്ക് ഏറെ പ്രിയങ്കരമായ ഈ പുസ്തകം ഞാന്‍
കോഴിക്കോട് ബോധിയുടെ ഓഫീസില്‍ നേരിട്ട് പോയാണ് വാങ്ങിയത്.
32 കവിതകളാണ് ഈ
സമാഹാരത്തിലുള്ളത്. ഓപ്പോള്‍ , എഴുത്തച്ഛനെഴുതുമ്പോള്‍ , ഹോചിമിന്‍ , മഴയുടെ നാനാര്‍ത്ഥം , പനി, ഒടുവില്‍
ഞാനൊറ്റയാകുന്നു, ഏകാകിയായ സാത്താന്‍ മനുഷ്യനെ വെല്ലുവിളിക്കുന്നു, കാക്കകള്‍ , ഓര്‍മ്മയില്‍
കാടുള്ള മൃഗം തുടങ്ങി ഞാന്‍ പ്രതീക്ഷിച്ചതുപോലെ പല കവിതകളും എനിക്കും ഏറെ
പ്രിയപ്പെട്ടവയായിരുന്നു. സത്യത്തില്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കവികളുടെ
പേരുമാത്രം എനിക്ക് കിട്ടിയാല്‍ മതിയായിരുന്നു. പുസ്തകം 25 രൂപ കൊടുത്ത്
വാങ്ങേണ്ടതില്ലായിരുന്നുവെങ്കിലും ഇത്തരമൊരു പുസ്തകം കൈയ്യിലുണ്ടാകണം എന്ന്
തീരുമാനിക്കുകയായിരുന്നു. ബോധി അവസാനിച്ചു പോയതിനു ശേഷം ഇപ്പോള്‍ ആ പുസ്തകം
കൈയ്യിലെടുക്കുമ്പോള്‍ അന്നത്തെ തീരുമാനം നന്നായെന്നുതന്നെ തോന്നുന്നു.
ആമുഖക്കുറിപ്പില്‍ ചുള്ളിക്കാട് എഴുതുന്നത് ഇങ്ങനെ
എഴുതുന്നു " സച്ചിദാനന്ദനിലൂടെ എന്റെ ചില സൂക്ഷ്മാനുഭവങ്ങളാണ് ഈ കവിതകള്‍.
ഇവ ഞാന്‍ പഠിച്ച കവിതകളല്ല, അനുഭവിച്ച കവിതകളാണ്. സമാനഹൃദയര്‍ക്ക് മാത്രമായി സമര്‍പ്പിക്കപ്പെടുന്ന
ഈ സമാഹാരം പാഠപുസ്തകമല്ലാത്തതിനാല്‍ കവിതകളുടെ അര്‍ത്ഥവിചാരവും ശില്പവിചാരവും
അടിക്കുറിപ്പുകളുമൊന്നും ഇവയോടൊപ്പമില്ല.അവയൊന്നും കവിതയ്ക്ക് പകരം
നില്ക്കുകയുമില്ലല്ലോ" കവിത
അനുഭവിക്കുവാനുള്ളതാണ് എന്ന കാര്യത്തില്‍ എനിക്കും തര്‍ക്കമൊന്നുമില്ല. വിമര്‍ശന
ബുദ്ധ്യാ കവിത പഠിക്കുന്നവരെ ഏതെങ്കിലും വിധത്തില്‍ ഇകഴ്ത്തുവാനല്ല ഞാനിത്
പറയുന്നത്. എന്നുമാത്രവുമല്ല അങ്ങനെ പഠിക്കുന്നത് നല്ലതാണെങ്കിലും അനുഭവിക്കുന്നത്
തികച്ചും വേറിട്ട ഒരു ഭാവതലമാണ്. കവിതയും അനുവാചകനും ഒന്നായിത്തീരുന്ന മാസ്മരികമായ
അദ്വൈതമായ ആ ഒരു വിതാനത്തിലാണ് കവിത ഏറെ വൈയക്തികമായ ഒരു ആനന്ദാനുഭൂതിയായി
മാറുന്നത്. ഞാനും ആ തലത്തിലുള്ള അനുഭൂതിയെയൊണ് തേടുന്നത്. സച്ചിദാനന്ദനാകട്ടെ ,
എനിക്ക് അത്തരത്തിലുള്ള ആത്മാനുരാഗങ്ങളെ പ്രോജ്വലിപ്പിച്ചു തരാന്‍ ഏറെ സമര്‍ത്ഥനാണു
താനും.
എന്തായാലും എന്റെ ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ
കൂട്ടത്തില്‍ ഇതും എക്കാലത്തേക്കും ഇടംപിടിച്ചിരിക്കുന്നു.
|| ദിനസരികള്‍ - 32 -2025 മെയ് 02, മനോജ് പട്ടേട്ട് ||
Comments