റാപ്പര്‍ വേടന്‍ കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായിരിക്കുന്നു.ഏഴു ഗ്രാം കഞ്ചാവാണ് വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റില്‍ നിന്നും ലഭിച്ചതെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നുമാണ് തൃപ്പൂണിത്തുറ പോലീസ് അറിയിച്ചിരിക്കുന്നത്.
വേടന്‍ യുവാക്കളുടെ ഹരമായി മാറിയത് ഈ അടുത്ത കാലത്താണ്. റാപ് സംഗീതത്തിലൂടെ അധകൃതന്റെ , ദളിതന്റെ രാഷ്ട്രീയം പറയുവാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ യുവാവിനെ ഏറെ വ്യത്യസ്തനാക്കുന്നത്. ജാതീയതയ്ക്ക് എതിരെയുള്ള ഓരോ പാട്ടുകളും കൂരമ്പുകളായിട്ടാണ് നമ്മളിലേക്ക് തുളഞ്ഞു കയറുക. കേവലം ഒരു സാധാരണ റാപ് സിംഗര്‍ മാത്രമായിരുന്നുവെങ്കില്‍ വേടന്‍ ഒരു ഇത്രയധികം ജനപ്രിയനാകുമായിരുന്നില്ല. വേടന്റെ ഓരോ പരിപാടികള്‍ക്കും എത്തിച്ചേരുന്ന ജനക്കൂട്ടം ആരേയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ആ ജനപ്രീതിയൊന്നും മയക്കുമരുന്നിന്റെ ഉപയോഗത്തിനുള്ള ന്യായീകരണമോ അനുമതിയോ അല്ല. കഞ്ചാവ് കൈവശം വെച്ചുവെങ്കില്‍ , അഥവാ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തുവെങ്കില്‍ എത്ര ഉന്നതനായാലും നടപടിയെടുക്കുക തന്നെ വേണം എന്നുതന്നെയാണ് എന്റേയും അഭിപ്രായം. മയക്കുമരുന്നുകളുടെ ഉപയോഗം പൊതുസമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും !
എന്നാല്‍ വേടന്റെ കാര്യത്തില്‍ പോലീസ് ഒരല്പം കൂടി ജാഗ്രത
കാണിക്കണമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്. കഞ്ചാവ് പിടിച്ചതിലോ
കേസെടുത്തതിലോ നിയമപരമായി തെറ്റുകളൊന്നും തന്നെയില്ലെന്ന് ആവര്‍ത്തിക്കട്ടെ. എത്ര
കുറഞ്ഞ അളവിലാണെങ്കിലും കഞ്ചാവ് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരം
തന്നെയാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ജനക്കൂട്ടത്തെ ആവാഹിക്കാന്‍
ശേഷിയുള്ള വേടനെ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാനുള്ള ഒരു ശ്രമം
പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമായിരുന്നുവെന്നാണ്
എനിക്ക് തോന്നുന്നത്. പൊതുവേ മയക്കുമരുന്നിനെതിരെ പ്രചരണം നടത്തുന്ന ഒരാളാണ് വേടന്‍.
തന്റെ പല വേദികളിലും അയാളത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍
അക്കൂട്ടത്തില്‍ താന്‍ മദ്യപിക്കാറുണ്ടെന്ന് വിളിച്ചുപറയാനും വേടന്‍ മടിക്കാറില്ല.
എന്നാല്‍ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ക്കെതിരെ അയാള്‍ കൃത്യമായ നിലപാട്
പറഞ്ഞിട്ടുമുണ്ട്. പറഞ്ഞു വരുന്നത് , ഈ
കഞ്ചാവ് പിടുത്തത്തിലൂടെ വേടനേയും പ്രതിപ്പട്ടികയിലാക്കി മാറ്റി വിശ്വാസ്യത
നശിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഗുണം , അയാളെ ഈ കേസിനെത്തന്നെ സമര്‍ത്ഥമായി
ഉപയോഗിച്ചു കൊണ്ട് നിയന്ത്രിക്കാനും എല്ലാത്തരം മയക്കുമരുന്നുകള്‍ക്കും എതിരെയുള്ള
പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഒരാളാക്കി മാറ്റുവാനും പോലീസ്
ഒന്നുമനസ്സു വെച്ചിരുന്നുവെങ്കില്‍ കഴിയുമായിരുന്നു എന്നാണ്. അതായത് , വിഷത്തെ
വിഷം കൊണ്ടു ചികിത്സിക്കുക എന്നു പറഞ്ഞതുപോലെ ! എന്നാല്‍ പോലീസ് ഉദ്ദേശിച്ചിട്ടുണ്ടാകുക
, എത്ര വലിയവനായാലും വിട്ടുവീഴ്ചയില്ല എന്ന സന്ദേശം കൈമാറുക എന്നതായിരിക്കണം.
എന്നാല്‍ പൊതുസമൂഹത്തില്‍ കുറച്ചു കൂടി സാധ്യത മയക്കുമരുന്നുകള്‍ക്കെതിരെയുള്ള
യുദ്ധത്തില്‍ വേടനും നമുക്കൊപ്പമുണ്ട് എന്ന് പ്രചരിപ്പിക്കുന്നതായിരുന്നു എന്നാണ്
എന്റെ ചിന്ത. ഏഴു ഗ്രാം എന്നത് നാട്ടിലെ കഞ്ചാവു വില്പനക്കാരനായ ഏതു
പെട്ടിക്കടക്കാരന്റേയും കൈയ്യില്‍ കാണുന്നതിനെക്കാള്‍ എത്രയോ ചെറുതാണ്. എന്നാല്‍ വലിയ തോതിലുള്ള ശേഖരവും
വിപണനവുമൊക്കെയായിരുന്നുവെങ്കില്‍ അഭിപ്രായം മറ്റൊന്നാകുമായിരുന്നു എന്നുകൂടി
സൂചിപ്പിക്കട്ടെ !
ഇത്രയൊക്കെ പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി പറയാതെ വയ്യ.
കള്ളും ചാരായവും കഞ്ചാവും പോലെയുള്ള പരമ്പരാഗത മയക്കുമരുന്നുകളോടും
പാരമ്പര്യേതരമായ സിന്തറ്റിക്ക് മയക്കുമരുന്നുകളോടും ഇന്നത്തെ സാഹചര്യത്തില്‍ രണ്ടു
തരം സമീപനം വേണമെന്ന ഒരവസ്ഥയുണ്ട്. മുക്കിന് മുക്കിന് ഊത്തുകുഴലുമായി നിന്ന് മദ്യം
ഉപയോഗിച്ചുവരുന്നവരെ വേട്ടയാടിപ്പിടിച്ച നമ്മുടെ പോലീസിന് മണം കിട്ടാത്ത എന്നാല്‍ “ഗുണം” ഏറെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ
പ്രചാരണത്തില്‍ പ്രമുഖ പങ്കുണ്ട്. ഊത്തുകുഴലില്‍ പെടാത്ത മരുന്നുകളുടെ അന്വേഷണമാണ്
എം ഡി എം എയും മറ്റും മറ്റും ഇത്രയും വ്യാപകമായി മാറാന്‍ കാരണമായത്. അതുകൊണ്ട്
ഒരിച്ചിരി സാവകാശം , അവധാനത കാണിക്കുന്നത് നാളേയ്ക്ക് നല്ലതായിരിക്കുമെന്ന് മാത്രം
തെര്യപ്പെടുത്തുന്നു.
||ദിനസരികള്
- 28 -2025 ഏപ്രില് 28, മനോജ് പട്ടേട്ട്||
Comments