ചൈനയെക്കുറിച്ച് വേടന്റെ ഒരു വരി ഇങ്ങനെയാണ് :- “ചീനാ നിന്‍ ചെങ്കൊടിത്താഴെ ഖുറാനെരിഞ്ഞതിന്‍ മണം പരന്നു ഈ വരിയെ മുന്‍നിറുത്തി പലരും എന്നോട് ഉന്നയിക്കുന്ന ഒരു ചോദ്യം, ഇത്രയും കഠിനമായ വിമര്‍ശനം ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിന് എതിരെ നടത്തിയിട്ടും എന്തിനാണ് നിങ്ങള്‍ വേടനെ ഇത്രയ്ക്ക് പിന്തുണയ്ക്കുന്നത്? “ എന്നാണ്. അവരുടെ ചോദ്യം കൃത്യമാണ്. വസ്തുതാവിരുദ്ധവും അതുകൊണ്ടുതന്നെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം പ്രയോഗങ്ങളുടെ ആവിഷ്കര്‍ത്താവിനെ ഞാനെന്തിനാണ് പിന്തുണയ്ക്കുന്നത് ?

 

            നമുക്ക് ഒരാള്‍ പ്രിയങ്കരനാകുന്നത് അയാള്‍ നമുക്ക് അഥവാ നമ്മുടെ ആശയങ്ങളോട് പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെട്ടു നില്ക്കുമ്പോഴാണ്. മറിച്ച് നാം പുലര്‍ത്തിപ്പോരുന്ന ആശയങ്ങള്‍ ആരോട് കൂടുതലായി അടുത്തു നില്ക്കുന്നുവോ അവര്‍ നമുക്ക് കൂടുതല്‍ പ്രിയങ്കരരാകും. ആ അര്‍ത്ഥത്തില്‍ എനിക്ക് മഹാത്മാഗാന്ധിയെക്കാള്‍ കാള്‍ മാര്‍ക്സിനോടാണ് ഇഷ്ടം. വി ഡി സതീശനെക്കാള്‍ പിണറായി വിജയനെയാണ് ഇഷ്ടം. എന്നാലും ഗാന്ധിയ്ക്ക് മാര്‍ക്സിനെയോ വി. ഡി സതീശന് പിണറായി വിജയനേയോ വിമര്‍ശിക്കുവാന്‍ പാടില്ല എന്ന നിലപാടൊന്നും എനിക്കില്ല. വിമര്‍ശിക്കുന്നത് വസ്തുതാപരമായിരിക്കണം എന്നുമാത്രം. അടിസ്ഥാനമില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങളാകരുത് എന്നുമാത്രം. അത്തരത്തില്‍ വേടനും ചൈനയെ എന്നല്ല എന്നെപ്പോലെയുള്ള ആരുടേയും വിശ്വാസങ്ങളേയും ചോദ്യചെയ്യാനും വിമര്‍ശിക്കാനും കഴിയണം. വേടന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെങ്കില്‍ അത് അംഗീകരിച്ചുകൊടുക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല. എന്നുമാത്രവുമല്ല , വേടന്‍ ആ തെറ്റുകളെ തിരുത്തുവാന്‍ തയ്യാറാകുകയും വേണം. ഇവിടെ ഉദ്ധരിച്ച വരികളും വേടന്‍റെ തെറ്റിദ്ധാരണയില്‍ നിന്നോ ആരുടേയോ ഉപദേശങ്ങള്‍ സ്വീകരിച്ചതില്‍ നിന്നോ വന്നതാകാം. രണ്ടായായലും തിരുത്തപ്പെടേണ്ടതു തന്നെയാണ്. വേടനെന്നല്ല ആര്‍ക്കുംതന്നെ വിമര്‍ശിക്കാനും പ്രശംസിക്കാനും കൂവിവിളിക്കാനും അലറിച്ചിരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിക്കൂടിയാണ് എന്റെ നിലപാട്.

         

          അനുബന്ധമായി ഒരു കാര്യം കൂടി പറയട്ടെ. വേടന്റെ വിഷയം വന്നതു വളരെ നന്നായി എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. കാരണം ജാതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കേരളത്തിലെ വളരെ കുറഞ്ഞ ശതമാനം ആളുകള്‍ക്കു മാത്രമേ മനസ്സിലായിട്ടുള്ളു എന്ന് വ്യക്തമാക്കിയ ഒന്നാണ് വേടന്റെ അറസ്റ്റും തുടര്‍പ്രക്രിയകളും. അതില്‍ എന്നെ ഏറെ ഞെട്ടിച്ചത് പ്രഖ്യാപിത ഇടതുപക്ഷക്കാര്‍ക്കുപോലും ഈ ജാതിയുടെ രാവണന്‍ കോട്ടയില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ വഴിയറിയില്ല എന്നതാണ്. അത് ഏറെ അപകടകരമാണ്. മതത്തിന്റേയും ജാതിയുടേയും പേരില്‍ രാജ്യത്ത് ഏറ്റവും അധികം വേര്‍തിരിക്കലുകള്‍ നടക്കുന്ന ഇക്കാലങ്ങളില്‍ പ്രത്യേകിച്ചും ഈ തിരിച്ചറിവ് അനുപേക്ഷണീയമാണ്. കേരളത്തിന്റെ കാര്യത്തിലാകട്ടെ , വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്ന കുറുനരികള്‍ ഏറെയുണ്ട്. കടല്‍ വെള്ളം വന്നുകയറി സര്‍വ്വവും നശിപ്പിക്കാന്‍ ഒരു ചെറിയ വിള്ളലുണ്ടായാല്‍ മതി എന്ന ജാഗ്രത നമുക്ക് വിട്ടുകൂട ! വിള്ളലുകളുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഒരു സാഹചര്യം കൂടി ഇവിടെയുണ്ട്. അതുകൊണ്ട് ഇടതുപക്ഷത്ത് നില്ക്കുന്നവര്‍ ഒരു ചെറുതിരി വെളിച്ചത്തെപ്പോലും കൈവിട്ടുകൂട. പിടിച്ച് കൂടെ നിറുത്തി തിരുത്തി പൊലിപ്പിച്ചെടുക്കണം. ഉന്തിമാറ്റിക്കളയാന്‍ എളുപ്പമാണ്, കൂടെ നിറുത്താനാണ് വിഷമം !

||ദിനസരികള് - 31 -2025 മെയ് 01, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍