എന്തുകൊണ്ടാണ് സംവരണം നിറുത്തരുത് എന്ന് നാം പറയുന്നത് ? സ്വാതന്ത്ര്യം കിട്ടി അമ്പതോ അറുപതോ വര്‍ഷം കഴിയുമ്പോഴേക്കും സംവരണം അവസാനിപ്പിക്കണം എന്നുതന്നെയല്ലേ നമ്മുടെ ഭരണഘടനയും സങ്കല്പിക്കുന്നത് ? എന്നിട്ടും എന്താണ് നമുക്കത് അവസാനിപ്പിക്കാന്‍ കഴിയാത്തത് ?

 

          സംവരണം എന്നാല്‍ കേവലം സാമ്പത്തിക സംവരണം എന്നല്ല ഉദ്ദേശിക്കുന്നത് എന്ന് നമുക്കറിയാം. പിന്നോക്ക സമുദായങ്ങളുടെ സമൂലപരിവര്‍ത്തനത്തിന് സഹായകമായ രീതിയില്‍ സാമൂഹിക ജീവിതത്തില്‍ പുനക്രമീകരണങ്ങള്‍ നടത്തുക എന്നതാണ് സംവരണം കൊണ്ട് അഭിജ്ഞന്മാര്‍ ഉദ്ദേശിച്ചത്. അല്ലാതെ കുറേ സമ്പത്ത് വാരിക്കോരിനല്കി പുരോഗമനമുണ്ടാക്കുക എന്നല്ല. ആ പിന്നോക്കാവസ്ഥയ്ക്കാകട്ടെ ചരിത്രപരമായ കാരണങ്ങളുമുണ്ട്. നിറത്തിന്റേയും ജാതിയുടേയും സവര്‍ണ സങ്കല്പങ്ങളുടേയും പേരില്‍ അവര്‍ ആയിരത്താണ്ടുകളായി അനുഭവിച്ചുപോന്ന പീഢനങ്ങളുടെ മഹാപ്രവാഹത്തില്‍ പൊടുന്നനെ ഒരു മോചനം അസാധ്യമാണ് എന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ചിന്തിച്ചു. അപ്പോള്‍ അവരെ കൈ പിടിച്ചു പൊതുധാരയിലേക്ക് എത്തിക്കേണ്ടതിന്റെ ബാധ്യത ഭരണഘടനാപരമായ ചുമതലയായി രാഷ്ട്രത്തിനു മുകളില്‍ ചാര്‍ത്തപ്പെട്ടു. അതുകൊണ്ട് ആ മുന്നോക്കാവസ്ഥ ഉണ്ടാകുന്നതു വരെ സംവരണം തുടരുക തന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ ഇവിടെ ഇപ്പോഴും ആ അര്‍ത്ഥത്തിലുള്ള സംവരണം നിലനില്ക്കുന്നുവെങ്കില്‍ സാമൂഹിക പിന്നോക്കാവസ്ഥയില്‍ നിന്നും ഇനിയും മോചിപ്പിക്കപ്പെട്ടിട്ടില്ലാത്ത സമൂഹങ്ങള്‍ ഉണ്ട് എന്നല്ലേ വെളിവാകുന്നത്?  

         

          അപ്പോള്‍ ആ സമൂഹത്തില്‍ നിന്നും വല്ല കാരണവും കൊണ്ട് മുന്നിലേക്കെത്തിയവരെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത് ? തുല്യരായിത്തന്നെയാണോ ? ആണെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എനിക്ക് മറുപടിയൊന്നുമില്ല. ഒരു പേരു പറയട്ടെ : കെ ആര്‍ നാരായണന്‍ . പരിചയപ്പെടുത്തേണ്ടതില്ലല്ലോ ? അദ്ദേഹം ഇന്ത്യയുടെ പ്രഥമപൌരനായ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എതിരാളിയായിരുന്ന ടി എന്‍ ശേഷന്‍ എന്ന തമിഴ് ബ്രാഹ്മണന്‍ പ്രതികരിച്ചത് എങ്ങനെയായിരുന്ന് നിങ്ങളൊന്ന് ഓര്‍ത്തു നോക്കണം. കെ ആര്‍ നാരായണന്‍ ദളിതനായതുകൊണ്ട് എല്ലാവരും വോട്ടു ചെയ്തത് എന്ന ആ പ്രതികരണത്തില്‍ നമ്മുടെ ജാതി വ്യവസ്ഥയുടെ സര്‍വ്വപ്രതാപങ്ങളേയും കാണാം. ആ കെ ആര്‍ നാരായണനെ നമ്മള്‍ മലയാളികള്‍ മറന്നത് എങ്ങനെയാണ് ? ഒന്നാം റാങ്കില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ നാരായണന് അയാളുടെ ജാതി കാരണം വേദിയില്‍ കയറ്റാന്‍ പോലും സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിരുന്നില്ല എന്ന ചരിത്ര വസ്തുത കൂടി ഇവിടെ ചേര്‍ത്തു വായിക്കണം. ആ കെ ആര്‍ നാരായണന്റെ പേരില്‍ തുടങ്ങിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ത്തന്നെ ജാതിവിവേചനത്തിന്റെ വിവാദങ്ങള്‍ ഉയരുന്നതും നാം കണ്ടതാണ്.

 

          സൂചിപ്പിച്ചതുപോലെ ആയിരത്താണ്ടുകളായി അടിമജീവിതം നയിച്ചിരുന്ന ഒരു ജനതയുടെ സമഷ്ടി മനസ്സില്‍ ആ അടിമബോധം ഉറഞ്ഞു കിടക്കുന്നുണ്ടാകും. അത് വ്യക്തികളിലേക്കും വ്യാപിച്ചു നില്ക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ! അവനെ ആ ചിന്തയില്‍ നിന്നും മോചിപ്പിച്ചെടുക്കുക എന്ന് പറഞ്ഞാല്‍ നല്ല പ്രയാസമുള്ള പണിയാണ്. ( എത്ര പറഞ്ഞാലും എന്റെ മുന്നില്‍ ഇരിക്കില്ല എന്ന മാമന്നന്‍ രംഗം ഓര്‍ക്കുക ) ഇക്കാലത്ത് അവന്‍ നേടിയ തങ്ങള്‍ തുല്യരാണ് എന്ന അധുനിക ജീവിതാവബോധവും അവനിലെ അടിമ ചിന്തയും നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്.  അതിനെ അതിജീവിക്കുവാന്‍ അവന്‍ എല്ലാ തരത്തിലുള്ള പ്രതിരോധവും തീര്‍ത്തു വെയ്ക്കും. ചിലപ്പോള്‍ തന്റെ ജന്മിയുടെ വര്‍ണശബളമായ കസേരമയക്കങ്ങളിലേക്ക് ഒരു തെറിപ്പാട്ടായി അവന്‍ വന്നു കേറിയിട്ടാകാം

 

തള്ളിയേറുമെൻ കാതി,ലോരൂറ-

ക്കള്ളു നാറും തെറിയുടെ പൂരം.

നീ തൊഴിലാളി,യെൻ കുടിക്കാര

പാതിരാവിൻ തെരുവി നിന്നെത്തി

ചാട്ടവാറണിനാവിനാൽ,ക്കൈയാൽ,

വേട്ട പെണ്ണിനെത്തല്ലിടും മേളം. - എന്ന് വൈലോപ്പിള്ളി എഴുതുന്നത് ആ അര്‍ത്ഥത്തിലാണ്.

 

മറ്റു ചിലപ്പോള്‍ ഒരു കാട്ടാളന്റെ തീക്ഷ്ണമായ പ്രതികാരമായിട്ടാകാം :

 

വേട്ടക്കാരവരുടെ കൈയ്യുകൾ വെട്ടും ഞാമഴുവോങ്ങി
മലതീണ്ടിയശുദ്ധം ചെയ്തവർ തലയില്ലാതൊഴുകണമാറ്റി
മരമൊക്കെയരിഞ്ഞവരെന്നുടെ കുലമൊക്കെ മുടിച്ചവരവരുടെ
കുടൽമാലകകൊണ്ടു ജഗത്തി നിറമാലക തൂക്കും ഞാൻ.
കുരലൂരിയെടുക്കും ഞാനാക്കുഴലൂതി വിളിക്കും വീണ്ടും
മത്താടി മയങ്ങിയ ശക്തികൾ എത്തും ഞാൻ വില്ലുകുലയ്ക്കു
കുലവില്ലിനു പ്രാണഞരമ്പുകൾ പിരിയേറ്റിയ ഞാണേറ്റും ഞാ
ഇടിമിന്നലൊടിച്ചമ്പഗ്നിത്തിരയായക്കരിമുകിലിൽ ചെ-
ന്നുരയും പൊരി പേമഴയായിപ്പൊഴിയും
പൊടിവേരുകളായിപ്പടരും മുള പൊട്ടിവിളിക്കും കിരണം
ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വളരും വളരും
വനമോടികളാടിത്തെളിയും വനമൂർച്ഛയി ദുഃഖം തകരും ഞാനന്നു ചിരിക്കു

         

          നിങ്ങള്‍ എങ്ങനെയാണ് ഇവയോട് പ്രതികരിക്കുക ?  സുഖസുഷുപ്തിയില്‍ മയങ്ങിക്കിടക്കുന്ന ഒരാളിലേക്ക് തെറിയെറിഞ്ഞതിന്റെ ശിക്ഷയായി ആ അടിയാനെ തുറുങ്കിലടയ്ക്കുമോ ? കൊല്ലും എന്ന് ആര്‍ത്തട്ടഹസിച്ചു ശപഥമിടുന്ന കാട്ടാളനെ നിയമത്തിന്റെ ചങ്ങല കൊണ്ട് പൂട്ടിയിടുമോ ?  എത്ര നൂറ്റാണ്ടുകളായി അവന്‍ അനുഭവിച്ചു ഖേദങ്ങളുടെ ബഹിര്‍പ്രകടനങ്ങളാണ് ആ തെറിയെന്നും വെല്ലുവിളിയെന്നും നിങ്ങള്‍ക്ക് അറിയാമോ ? അങ്ങനെ ആരാണ് അവരെ അടിമയാക്കി തളച്ചു നിറുത്തിയത് എന്ന് നിങ്ങള്‍ക്ക് അറിയാമോ ? ഇവിടെ എങ്ങനെയാണ് നിങ്ങള്‍ നിങ്ങളുടെ നീതിബോധം കൊണ്ട് ഈ വേദനകളോട് പ്രതികരിക്കുക ? ഈ ചോദ്യത്തിന് കടമ്മനിട്ടയുടെ ഉത്തരം ഇങ്ങനെയാണ് :-

 

ഒരു കുടം താറുണ്ട്‌, ഒരു കുറ്റിച്ചൂലുണ്ട്‌
പെരുവാ നിറയെ തെറിയുമുണ്ട്‌
തലയിൽ ചിരങ്ങുണ്ട്, കാലിൽ വ്രണമുണ്ട്‌
തൊലിയാകെ ചൊറിയുവാൻ ചുണലുമുണ്ട്‌.
ഉലകിന്റെ ഉമ്മറത്തെത്തി ഞാൻ നിക്കവേ
പുലയാട്ടി നിൽക്കുന്നോ പോക്രികളേ?
വാതിലു കൊട്ടിയടയ്ക്കുവാൻ നിങ്ങട
വീതത്തിൽ മാത്രമോ പുണ്യവേദി?
എന്തിനീ നാട്യങ്ങളെന്തിനീ വഞ്ചന
മുന്തിരിത്തോപ്പിലെ മുള്ളുകളെ?
വരികയാണിന്നു ഞാൻ ഒരു കുടം താറുമായ്
ഉലകിന്റെ ഭിത്തിയിൽ താറടിക്കാ
തടയാൻ വരുന്നവ വന്നോളൂ നിങ്ങട
വിളറും മുഖത്തും കരിപുരട്ടും.

 

അസഹനീയമായ തിരസ്കാരത്തിന്റെ പരമാവധിയില്‍ നിന്നും പുറപ്പെട്ടു പോരുന്ന ഈ പ്രതിഷേധത്തിന് പക്ഷേ ചരിത്രപരമായ കാരണങ്ങളുണ്ട്. നിങ്ങളുടെ വെള്ളച്ചുമരുകളില്‍ ചെളി പുതഞ്ഞു എന്നൊരൊറ്റക്കാരണം കൊണ്ട് ആ പ്രതിഷേധങ്ങളെ റദ്ദു ചെയ്യാനാകില്ല. കള്ള കുടിച്ചിട്ടുണ്ട് എന്നതോ കഞ്ചാവ് വലിച്ചിട്ടുണ്ട് എന്നതോ അവയുടെ പ്രസക്തിയ്ക്കു മങ്ങലേല്പിക്കാന്‍ പോന്നതുമല്ല. കാരണം നിങ്ങളാണ് , തിരുത്തേണ്ടതും നിങ്ങള്‍ തന്നെയാണ്.

 

         

 

||ദിനസരികള് - 30 -2025 ഏപ്രില് 30, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍