ഷൈന്‍ ടോം ചാക്കോ. ഊള എന്ന് മലയാള സിനിമയില്‍
ഒറ്റവാക്കില്‍ ആരെയെങ്കിലും വിശേഷിപ്പിക്കമെങ്കില്‍ അത് ഇയാളെയാണ്. കേവലം മയക്കു
മരുന്ന് ഉപയോഗിക്കുന്നു എന്നതുമാത്രമല്ല കാരണം , മറിച്ച് അഭിമുഖങ്ങളില്‍
പ്രയോഗിക്കുന്ന സ്ത്രീവിരുദ്ധതയും ദ്വയാര്‍ത്ഥ അശ്ലീല പ്രയോഗങ്ങളുമാണ് ആ
വിശേഷണത്തിന് അയാളെ സര്‍വ്വഥാ യോഗ്യനാക്കുന്നത് . ഒരു കലാകാരന്‍ എന്ന നിലയില്‍
അയാളിലെ അരാജകത്വ സ്വഭാവം നമുക്ക് മനസ്സിലാക്കാം. എന്നുമാത്രവുമല്ല , പൊതുവേ
കലാകാരന്‍മാര്‍ക്ക് വ്യവസ്ഥകളോട് ഇണങ്ങിപ്പോകുക എന്നത് ആത്മഹത്യപരമാണ് എന്നൊരു
പൊതുകാഴ്ചപ്പാട് , ശരിയാണെങ്കിലും അല്ലെങ്കിലും നിലവിലുണ്ട്. എന്നാല്‍ ഇയാള്‍
പ്രകടിപ്പിക്കുന്ന ഊളത്തരങ്ങള്‍ ഒരു കലാകാരന്റെ ലക്ഷണങ്ങളായി കണക്കാക്കണമെന്നത്
അംഗീകരിക്കുവാന്‍ ഒട്ടും കഴിയാത്തതാണ്. അയാളുടെ അഭിമുഖങ്ങളില്‍ പ്രകടമാകുന്നത് ഒരു
കലാകാരന്റെ അരാജക സ്വഭാവമല്ല , മറിച്ച് ഒരു സാമൂഹ്യവിരുദ്ധനായ ഒരുവന്റെ കുറ്റവാസനകളാണ്.
ഹിറ്റുകള്‍ക്കു
വേണ്ടി എന്തും പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ ഷൈനിനെപ്പോലെയുള്ള ആളുകള്‍ക്ക്
കൊടുക്കുന്ന പ്രചാരണവും നാം പരിശോധിക്കേണ്ടതാണ്. ഒരു കഴമ്പുമില്ലാത്ത സംസാരങ്ങളില്‍
അഭിരമിക്കുന്ന അത്തരം മുഖാമുഖങ്ങള്‍ പക്ഷേ ഒരു നാടിന്റെ സാംസ്കാരിക
പരിച്ഛേദങ്ങളിലുണ്ടാക്കുന്ന മുറിവുകള്‍ ചില്ലറയല്ല. ഇങ്ങനെയൊക്കെ പറയാമെന്നും
പെരുമാറാമെന്നുമുള്ള ബോധം സൃഷ്ടിക്കപ്പെടുന്നതിന് ഇത്തരത്തിലുള്ള ഇന്‍റര്‍വ്യുകള്‍
ഏറെ സഹായിക്കുന്നുണ്ട്. കണ്ടന്റുകള്‍ എല്ലായ്പ്പോഴും സെന്‍സര്‍ ചെയ്യണം എന്ന
അഭിപ്രായമൊന്നും എനിക്കില്ലെങ്കിലും എന്ത് ചെയ്യണം ചെയ്യരുത് എന്നൊരു ധാരണ
ഇതിനെല്ലാം പുറപ്പെടുന്നവര്‍ക്ക് ഉണ്ടാകുന്നത് തികച്ചും ഉചിതമായിരിക്കും.
ഫ്രോയിഡ് സബ്ലിമേഷന്‍ അഥലാ ഉദാത്തീകരണം
എന്നൊരു പ്രയോഗം നടത്തുന്നുണ്ട്. നമ്മിലെ ഇരുണ്ട വാസനകളെ അടിച്ചമര്‍ത്ത് സമൂഹത്തിന്
സ്വീകാര്യമായ തരത്തില്‍ ഭാവമാറ്റവും രൂപമാറ്റവും വരുത്തി
പ്രകടിപ്പിക്കുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ
കലാകാരന്മാരിലും ഈ ഉദാത്തീകരണം നടക്കണം. ഇത്തരത്തിലുള്ള ഉദാത്തീകരണമാണ്
പരിഷ്കാരത്തില്‍ നിന്നും പരിഷ്കാരത്തിലേക്ക് മാനവ സമുദായത്തെ എക്കാലത്തും
നയിച്ചിട്ടുള്ളത്. അത് കേവലം ഒരു വ്യക്തിയാണെങ്കിലും ഒരു സമൂഹമാണെങ്കിലും
സംഭവിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ്. സമൂഹം എത്രമാത്രം മാറിയിട്ടും ഇയാളെപ്പോലുള്ളവര്‍ക്ക്
ഈ ഉദാത്തീകരണം നടക്കുന്നില്ലെങ്കില്‍ നാം അവരെ കാലത്തിന് പിന്നില്‍ സഞ്ചരിക്കുന്നവരായി
കണക്കാക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള ശ്രമം നടത്തുകയും വേണം.
ആ
തിരുത്തലിന്റെ ഭാഗമായി ഇപ്പോള്‍ സര്‍ക്കാറും നിയമവ്യവസ്ഥയും ഇടപെട്ടിരിക്കുന്നു. ഈ
ഇടപെടല്‍ ഷൈന്‍ ടോം ചാക്കോയും അയാളെ പിന്തുണക്കുന്നവരും എത്രമാത്രം ഉള്‍ക്കൊള്ളുന്നു
എന്നതാണ് പൊതുസമൂഹത്തിന് ഇനി അറിയാനുള്ള പ്രധാന കാര്യം. മയക്കുമരുന്നിന് അടിമയായ ഒരാളെ
തിരിച്ച് സ്വസ്ഥ ജീവിതത്തിലേക്ക് ആനയിക്കേണ്ടത് അയാളുടെ ഉറ്റവര്‍ തന്നെയാണ്. ഷൈനിന്റേത്
സിനിമ മേഖലയിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. പുതുതലമുറയിലെ പലരും മാരകമായ മയക്കുമരുന്നുകുളുടെ
പിടിയിലാണ് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഏറ്റവും കൂടുതല്‍ ജനത ആസ്വദിക്കുന്ന ഒരു
മേഖലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ സമൂഹത്തേയും ബാധിക്കുന്നതാണ് എന്നതുകൊണ്ട് നാം കൂടുതല്‍
ജാഗ്രത കാണിക്കേണ്ട ഒരു കാലമാണ് എന്നുമാത്രം പറയട്ടെ .
||ദിനസരികള് - 19 -2025 ഏപ്രില് 19, മനോജ്
പട്ടേട്ട്||
Comments