ഒരു ദുരന്തത്തില്‍ നിന്നും എങ്ങനെ മുതലെടുപ്പു നടത്താമെന്ന് മുസ്ലിം ലീഗിനെ കണ്ടു പഠിക്കണം. ലീഗിനോളം ഇത്ര സമര്‍ത്ഥമായി ദുരന്തമുഖത്ത് കളിക്കാന്‍മറ്റൊരു കക്ഷിക്കും അറിയില്ലെന്ന കാര്യം ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വീടു വെച്ചു നല്കാമെന്ന് പറഞ്ഞ് കോടികള്‍ പിരിച്ചെടുത്ത കാലം മുതലേ നമുക്ക് അറിയാവുന്നതാണ്. ഏകദേശം രണ്ടായിരത്തില്‍പ്പരം ജീവനുകള്‍ നഷ്ടപ്പെട്ട ഒരു വര്‍ഗ്ഗീയ കലാപത്തിലെ  ഇരകളെ സഹായിക്കാനെന്ന പേരിലാണ് അന്ന് ലീഗ് കോടാനുകോടികള്‍ തങ്ങളുടെ സ്വന്തം അക്കൌണ്ടിലേക്ക് പിരിച്ചെടുത്തത്. പിന്നീട് ഏറെക്കാലത്തിന് ശേഷം ലീഗിന്റെ ഉള്ളിലും പുറത്തും വീടുവെച്ചു നല്കാത്തതിനെത്തുടര്‍ന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗുജറാത്തിലെ ഏറ്റവും വൃത്തികെട്ട സ്ഥലങ്ങളിലൊന്നില്‍ 40 ഓളം തകരക്കുടിലുകള്‍‌ തട്ടിക്കൂട്ടി വീടുനല്കിയെന്ന് പ്രചരിപ്പിച്ച് നമ്മുടെയൊക്കെ കണ്ണില്‍ പൊടിയിട്ടവരാണ് ഈ ലീഗുകാര്‍. മുസ്ലിമിന്റെ പേരില്‍ മതപരമായ സാധ്യതകളെ പരമാവധി ഉപയോഗിച്ചാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നതുകൂടി പ്രത്യേകം ശ്രദ്ധിക്കണം.    അങ്ങനെയുള്ള ലീഗാണ് , ഒരു നിഷ്ഠൂര കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെപ്പോലും  പറ്റിച്ച് സ്വന്തം കീശ നിറയ്ക്കുവാന്‍ ശ്രമിച്ചത്.  അങ്ങനെയുള്ള ഈ പാര്‍ട്ടി ഒരു പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നു പോയ സാധാരണക്കാരായ ജനവിഭാഗത്തോട് എത്രമാത്രം ആത്മാര്‍ത്ഥത കാണിക്കും ? (പിന്നീട് ഗുജറാത്തിലെ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ലീഗിന് നോട്ടപ്പിശക് സംഭവിച്ചിട്ടുണ്ട് എന്ന് അന്നത്തെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ജനാബ് ഇ ടി മുഹമ്മദ് ബഷീര്‍ ഏറ്റു പറയുകയുണ്ടായി എന്ന കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. )

 

          ഗുജറാത്തിലെ ഇരകളെ സഹായിക്കാന്‍ എന്ന പേരില്‍ നമ്മുടെ നാട്ടിലും വിശിഷ്യാ രാജ്യമൊട്ടാകെയും ലീഗുകാര്‍ പിരിവിനു വേണ്ടി നടത്തിയ പ്രചണ്ഡപ്രചാരണങ്ങളെ നാം മറന്നിട്ടില്ലല്ലോ ? അതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാണ് വയനാട്ടിലെ ദുരന്തത്തിനെ മുന്‍നിറുത്തി ലീഗ് നടത്തിയ പ്രചാരണ കോലാഹലങ്ങള്‍ ! എത്രമാത്രം പ്രചാരണം നടത്തുന്നുവോ അത്രമാത്രം തുകയും അക്കൌണ്ടിലേക്കെത്തും എന്ന് ലീഗിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.  തൃക്കൈപ്പറ്റ പഞ്ചായത്തിലെ വെള്ളിത്തോട് എന്ന സ്ഥലത്ത് ലീഗ് ഏറ്റെടുത്ത 10.5 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചു നല്കുന്ന 105 വീടുകളുടെ നിര്‍മ്മാണ പ്രക്രിയയ്ക്ക് 2025 ഏപ്രില്‍ 11 ന് മുസ്ലിംലീഗ് ആരംഭം കുറിച്ചതായി ധാരാളം പരസ്യങ്ങള്‍ കണ്ടു. അങ്ങനെ ദുരന്തത്തെ മുന്‍നിറുത്തി മറ്റൊരു മെഗാത്തട്ടിപ്പിന് കൂടി ലീഗിന്റെ ആഭിമുഖ്യത്തില്‍ കളമൊരുങ്ങിക്കഴിഞ്ഞു.

 

          കേവലം രാഷ്ട്രീയ മുതലെടുപ്പിനും വിശ്വാസികളെ പറ്റിച്ച് കൂടെ നിറുത്താനും വേണ്ടി മാത്രമാണ് ലീഗ് ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുന്നത് എന്ന് വ്യക്തം. യു ഡി എഫിലെ തന്നെ മറ്റൊരു കക്ഷിയേയും വിശ്വാസത്തിലെടുക്കാതെയാണ്  കല്ലിടല്‍ മാമാങ്കം നടത്തിയത് എന്നതു കൂടി ശ്രദ്ധിക്കുക.  ( ആകെപ്പാടെ ലീഗിന് പുറത്തു നിന്നും സ്ഥലം എം എല്‍ എ ആയതുകൊണ്ട് ടി സിദ്ധിഖിനെ മാത്രമാണ് പങ്കെടുപ്പിച്ചത്. ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയുമൊക്കെ ബോധപൂര്‍വ്വം തന്നെ ലീഗ് അകറ്റി നിറുത്തിയതിന്റെ പിന്നിലെ ചേതോവികാരം , ഈ വിശാലമനസ്കതയുടെഗുണഫലം തങ്ങളുടെ അക്കൌണ്ടില്‍ മാത്രം വീഴണം എന്നതാണ്. )  സത്യത്തില്‍ ലീഗ് ചെയ്യേണ്ടിയിരുന്നത് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ഒപ്പം ചേരുക എന്നതായിരുന്നു. കോടതി വിധിയെത്തുടര്‍ന്ന് ടൌണ്‍ഷിപ്പിന് സ്ഥലം ലഭിക്കുകയും ത്വരിത ഗതിയില്‍ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് ദുരന്തബാധിതരെ സഹായിക്കാനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ഊര്‍ജ്ജിതമായി തുടങ്ങിക്കഴിഞ്ഞു. സത്യസന്ധതയുണ്ടായിരുന്നുവെങ്കില്‍ ലീഗ് ആ പ്രവര്‍ത്തിന് ഒപ്പം നില്ക്കണമായിരുന്നു. തങ്ങള്‍ നിര്‍മ്മിച്ചുകൊടുത്തത് എന്ന് അഹങ്കരിക്കാനും ഇലക്ഷനുകളില്‍ അതുവെച്ച് മുതലെടുപ്പു നടത്താനുമുള്ള സങ്കുചിത മനസ്ഥിതിയാണ് സര്‍ക്കാരില്‍ നിന്നും മാറി നില്ക്കാന്‍ ലീഗിനെ പ്രേരിപ്പച്ചത്. അതോടൊപ്പം കോടിക്കണക്കിന് രൂപ അടിച്ചുമാറ്റാനുള്ള അവസരവും കിട്ടുന്നു.

 

സര്‍ക്കാറിന്റെ ലിസ്റ്റില്‍ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എന്നാണ് ലീഗിന്റെ അവകാശവാദം. എന്നാല്‍ ലീഗിന്റെ വാഗ്ദാനങ്ങള്‍ കേട്ട് മനം മയങ്ങി ആരെങ്കിലും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കുന്ന ടൌണ്‍ഷിപ്പിലെ വീട് വേണ്ടെന്നു വെച്ചാല്‍ ജീവിതകാലം മുഴുവന്‍ വീടില്ലാത്തവരായി കഴിയാം എന്ന കാര്യമാണ് ദുരന്തത്തില്‍ പെട്ട ഹതഭാഗ്യരോട് എനിക്ക് പറയാനുള്ളത്. പ്രകൃതി ദുരന്തം നിങ്ങളുടെ ജീവിതം ഒരു തവണ നശിപ്പിച്ചതാണ്, രണ്ടാമത് ലീഗ് എന്ന ദുരന്തത്തിന് നിന്നുകൊടുത്ത് സ്വയം നശിക്കരുത് എന്ന് ഞാന്‍ നിങ്ങളെ സ്നേഹപൂര്‍വ്വം താക്കീതു ചെയ്യുന്നു. നാട്ടിലാകെ കണക്ക് പറഞ്ഞു നടക്കുന്ന ലീഗ് ഇനി അഥവാ വീടു നല്കിയാല്‍‌പ്പോലും അത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുമെന്നു കൂടി സൂചിപ്പിക്കട്ടെ !

 

 

||ദിനസരികള് - 13 -2025 ഏപ്രില് 13, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍