തമിഴ്നാട് സ്വയംഭരണം
അവകാശപ്പെട്ടുകൊണ്ട് പ്രത്യേക പ്രമേയം പാസ്സാക്കിയിരിക്കുന്നു. ഫെഡറല്‍ തത്വങ്ങളെ
വിസ്മരിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ
ഭരണഘടനാ വിരുദ്ധമായ നിലപാടുകളില്‍ പെട്ട് പല സംസ്ഥാനങ്ങളും ഉഴലുന്നതിനിടെയാണ്
തമിഴ്നാടിന്റെ ഈ നീക്കം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരമൊരു നീക്കത്തിന് തമിഴ്നാടിനെ
പ്രേരിപ്പിച്ച പ്രധാന ഘടകം കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകളാണ്. കേന്ദ്രം തികച്ചും
ഭരണഘടനാ വിരുദ്ധമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവരുന്നു എന്ന ആക്ഷേപത്തിന് ഏറെ
കാലത്തെ പഴക്കമുണ്ട്. അര്‍ഹതപ്പെട്ടത് നല്കാതെയും പലപ്പോഴും പിടിച്ചു വെച്ചും
തങ്ങളില്‍ നിന്നും വിഭിന്നമായ അഭിപ്രായങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനങ്ങളെ
കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറുകള്‍ വരുതിയ്ക്ക് നിറുത്താന്‍ ശ്രമിക്കാറുണ്ട്. സ്റ്റേറ്റ്
ലിസ്റ്റില്‍ പെട്ടവ സ്വതന്ത്രമായി നടപ്പിലാക്കുവാന്‍ അനുവദിക്കാത്ത കേന്ദ്ര
നിലപാട് പലപ്പോഴും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
ഇപ്പോള്‍
തമിഴ്നാടിന്റെ പ്രമേയത്തെ ഒരു സ്വയം ഭരണ പ്രദേശത്തിന്റെ പ്രഖ്യാപനമായി
വ്യാഖ്യാനിക്കുന്നവരുണ്ട്. സത്യത്തില്‍ അവര്‍ കാര്യം മനസ്സിലാക്കിയിട്ടില്ല.
സ്വയംഭരണം എന്ന് കേള്‍ക്കുമ്പോള്‍ സമാന്തര രാജ്യം എന്നാണ് നമ്മളില്‍ പലരും
ചിന്തിക്കുക.എന്നാല്‍ അതല്ല ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന് ഭരണഘടനാപരമായി
ലഭ്യമായിരിക്കുന്ന അവകാശങ്ങശ്‍ - പ്രത്യേകം സ്റ്റേറ്റ് ലിസ്റ്റ് - സ്വതന്ത്രമായി
നടപ്പിലാക്കുവാന്‍ അനുവദിക്കുകയും ഭാഷാപരവും സാംസ്കാരികവുമായ വ്യക്തിത്വങ്ങളെ
നിലനില്ക്കുവാന്‍ അനുവദിക്കുകയും ചെയ്യുക. സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ രൂപകരിക്കപ്പെടുന്ന
കാലത്ത് ഒരേ ഭാഷ സംസാരിക്കുന്ന ജനത എന്നതിലപ്പുറം മറ്റൊന്നും തന്നെ
പരിഗണിക്കപ്പെട്ടിരുന്നില്ല. കേരളവും തമിഴ്നാടും കര്‍ണാടകയും ആന്ധ്രയും
ഒറീസ്സയുമൊക്കെ ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളാണ്. ആ
സംസ്ഥാനങ്ങളുടെ വ്യക്തിത്വം എന്ന് പറയുന്നത് ഭാഷ തന്നെയാണ്. ആ ഭാഷയെ
ഇല്ലാതാക്കുന്ന വിധത്തില്‍ ഹിന്ദിയെ അടിച്ചേല്പിക്കാനുമുള്ള ശ്രമങ്ങളെയാണ്
തീവ്രവാദം എന്ന് വിളിക്കേണ്ടത്.
അപ്പോള്‍ തമിഴ്നാടിന്റെ സ്വയംഭരണാവകാശ
പ്രമേയത്തെ നാം വായിക്കേണ്ടത് സംയമനത്തോടെയാണ്.അല്ലാതെ മറ്റൊരു രാജ്യപ്രഖ്യാപനമാണ്
നടന്നത് എന്ന മട്ടില്‍ സംഘി കാഴ്ചപ്പാടിലല്ല. അതൊരു പ്രതിഷേധമാണ്. അടിച്ചമര്‍ത്തപ്പെടുന്നവന്‍
നടത്തുന്ന അതീജീവന പ്രതിഷേധം! ഇപ്പോള്‍ നമ്മുടെ
വാട്സാപ്പ് യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന പ്രചാരണം കേന്ദ്രത്തെ
വെല്ലുവിളിക്കുന്ന പ്രമേയം എന്ന മട്ടിലാണ്. അത്തരത്തില്‍ ഈ നീക്കത്തെ
വ്യാഖ്യാനിക്കുന്നത് പ്രമേയത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തതുകൊണ്ടു മാത്രമാണ്.
അതുകൊണ്ട് അമിത വികാരത്തിന്റെ അടിസ്ഥാനത്തിലല്ല ഭരണഘടനാ മൂല്യങ്ങളുടെ
അടിസ്ഥാനത്തിലാണ് ഈ പ്രമേയത്തെ വിലയിരുത്തേണ്ടത് എന്നു മാത്രം സൂചിപ്പിക്കട്ടെ !
||ദിനസരികള് - 14 -2025 ഏപ്രില് 14, മനോജ് പട്ടേട്ട്||
Comments