നേരമ്പോക്ക്എന്ന വാക്കിനെ അതുവരെയില്ലാത്ത ഒരു അര്‍ത്ഥ പരിസരത്തിലേക്ക് പറിച്ചു നട്ടത് വി കെ എന്‍ ആണ്. തന്റെ കവിതകളിലൂടെ ആ വാക്കിനെ വി കെ എന്‍ വ്യാപകമായി പ്രചരിപ്പിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയതിലൂടെ മലയാളക്കരയില്‍ നേരമ്പോക്ക് ആസ്വദിക്കാത്ത ആരുമില്ലെന്നായി. വക്രോക്തി കാവ്യജീവിതം എന്ന് പണ്ട് കുന്തകന്‍ പറഞ്ഞതുപോലെ നേരമ്പോക്കിന്റെ വക്രോക്തിപ്രയോഗങ്ങളില്‍ മലയാളക്കര കോള്‍മയിര്‍‌ക്കൊണ്ടു. നേരമ്പോക്ക് ഒരുപാട് രസങ്ങളെ ഉത്പാദിപ്പിക്കുന്ന ഒന്നായി ബഹുഭൂരിപക്ഷവും കൊണ്ടാടിയെങ്കിലും ഒ വി വിജയന് നേരമ്പോക്ക് വെറും നേരമ്പോക്കായിത്തന്നെ നിലകൊണ്ടു. എന്നാല്‍ അവിടേയും ഒരു വലിയ മാറ്റം ആ വാക്കിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. നേരമ്പോക്കിന്റെ പ്രത്യക്ഷമായ അര്‍ത്ഥത്തില്‍ നിന്നും വിഭിന്നമായി ദാര്‍ശനികമായ ഒരു പരിവേഷം നേരമ്പോക്കിന് വിജയന്‍ ചാര്‍ത്തിക്കൊടുത്തു. അതോടെ വിജയന്റെ നേരമ്പോക്കുമ്പോള്‍ മലയാളികളുടെ ബൌദ്ധിക ജീവിതത്തിന് മുതല്‍ക്കൂട്ടാകുകയും അവരുടെ ചര്‍ച്ചകളെ ചടുലമാക്കുകയും ചെയ്തു.

 

          ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന പേരില്‍ വിജയന്‍ കലാകൌമുദിയിലാണ് ഈ കാര്‍ട്ടൂണ്‍ പരമ്പര  വരച്ചു തുടങ്ങിയത്. ലാഘവങ്ങള്‍ക്കിടയില്‍ ഘനിമ തേടുന്ന ഈ വരകള്‍ അടിയന്തിരാവസ്ഥയുടെ കറുത്ത വിതാനങ്ങളില്‍ക്കു കീഴെ രാജ്യം ഭയന്നു കിടന്നിരുന്ന ഒരു കാലത്താണ് വരച്ചു തുടങ്ങിയത്. വിജയന്‍ പറയുന്നതു കേള്‍ക്കുക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ഞാന്‍ ഹാസ്യചിത്രരചന നിര്‍ത്തി വെച്ചിരുന്നു. ആ അന്തരീക്ഷത്തിലാണ് കലാകൌമുദിയുടെ കടന്നുവരവ്. എന്തെങ്കിലും ഈ പുതിയ വാരികയ്ക്ക് വേണ്ടി ചെയ്യണമെന്ന് സമ്മര്‍ദ്ദം. മനുഷ്യാവകാശങ്ങള്‍ നിഷ്കാസനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദുര്‍ബലനായ പത്രപ്രവര്‍ത്തകന്‍ എന്താണ് ചെയ്യുക ? ഒന്നുമില്ല. അടിയന്തിരാവസ്ഥയുടെ പൈശാചം എഴുത്തിന്റേയും വരയുടേയും ശാലീനതകളെ അസാധ്യമാക്കി. സാഹചര്യത്തിലാണ് ഒരു കൊച്ചു കുട്ടി കരിക്കട്ട കൊണ്ട് നിലത്തു വരയ്ക്കുന്ന ചിത്രങ്ങളെന്ന പോലെ ഒരു പരമ്പര കലാകൌമുദിയില്‍ പുറപ്പെട്ടു  പോരുന്നതെന്ന് വിജയന്‍ അനുസ്മരിക്കുന്നു.

 

          വിജയന്റെ സാമൂഹ്യ വിമര്‍ശനത്തിന്റെ കാതല്‍ കൃത്യതയില്‍ നിന്ന് വ്യതിചലിക്കാത്ത സൂക്ഷ്മതയാണ്. എന്നാല്‍ വര്‍ത്തമാന കാല സംബന്ധിയായ ഒരു ബിന്ദുവില്‍ മാത്രമായി അത് കേന്ദ്രീകരിക്കുന്നുമില്ല. അതുകൊണ്ടു തന്നെ വിമര്‍ശനം ഇന്നലെയും ഇന്നും നാളെയും പ്രസക്തമായിരിക്കുകയും ചെയ്യും. ഈ കാര്‍ട്ടൂണുകളിലും അത്തരമൊരു സര്‍വ്വകാലികത നമുക്ക് അനുഭവിക്കാം. ഒരുദാഹരണം നോക്കുക

ഒരു അമ്മക്കോഴി മുട്ടയോട് പറയുന്നു

നീ വിരിഞ്ഞ് വലിയവനാകണം

മുട്ടഎന്തിനമ്മേ

അമ്മ അതാണ് വളര്‍ച്ചയുടെ നിയമം

മുട്ട ഞാന്‍ ആ നിയമത്തെ വെല്ലുവിളിക്കുന്നു. പഴയ തലമുറയുടെ സ്ഥാപിത താല്പര്യങ്ങള്‍ ! ഞാന്‍ യുവജന രാഷ്ട്രീയത്തിലിറങ്ങും. വിരിയാതയും വളരാതെയും ഞാന്‍ ഈ രാഷ്ട്രത്തെ നയിക്കും വിജയന്റെ ഈ വിമര്‍ശനം ഇന്നും പ്രസക്തമല്ലേ എന്നാലോചിക്കുക. കാതലിന് ആവശ്യത്തിന് തിടം വെയ്ക്കാതെ എത്രയെത്ര മുട്ടകളാണ് ഇപ്പോഴും നമുക്കു ചുറ്റും രാഷ്ട്രത്തെ നയിക്കാന്‍ സേവനതല്പരരായി രംഗത്തിറങ്ങിയിട്ടുള്ളത് എന്നാലോചിച്ചു നോക്കുക. ഈ കോമാളി വേഷക്കാരെക്കണ്ടാണ് പിന്നീടു വരുന്ന ഓരോ തലമുറയും രാഷ്ട്രീയം പഠിക്കേണ്ടതും പ്രയോഗിക്കേണ്ടതും. എന്നാല്‍ ഇവരില്‍ നിന്നും തങ്ങള്‍‌ക്കൊന്നും കിട്ടുന്നില്ല എന്ന് തിരിച്ചറിയുന്ന വിവരമുള്ള ചെറുപ്പക്കാരുടെ പുതിയ തലമുറ രാഷ്ട്രീയത്തില്‍ നിന്നും അകലുകയും ഒരു തരം അരാജകത്വ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന് എന്തെങ്കിലും പോരായ്മയുള്ളതുകൊണ്ടല്ല മറിച്ച് അത് പ്രയോഗിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടുമാത്രമാണ്. വിജയന്‍ അമ്പതുകൊല്ലം മുമ്പ് വരച്ചു ഒരു നേരമ്പോക്ക്ഇപ്പോഴും പ്രസക്തമായിത്തന്നെ തുടരുകയാണ്.

                   

          അതീവ മൂര്‍ച്ചയുള്ള രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വിജയന്‍റെ വരകളിലെ ഒരു പ്രത്യേകതയാണല്ലോ. എടുക്കുമ്പോഴും തൊടുക്കുമ്പോഴും കൊള്ളുമ്പോഴും ഇരട്ടിച്ചു കൊണ്ടിരിക്കുന്ന മുനകള്‍ അവയ്ക്ക് ചടുലമായ മാനങ്ങള്‍ നല്കുന്നു, പുതുമ നല്കുന്നു. ഇന്ദിരാ ഗാന്ധി ഹിറ്റ്‍ലറോട് പറയുന്നത് കേള്‍ക്കുക ഇന്ദിര എന്തൊരു പാളിച്ചയാണ് നിങ്ങള്‍ക്ക് പറ്റിയത് അഡോള്‍ഫ് ? എന്തുകൊണ്ട് നിങ്ങള്‍ ഒരു ജൂത സംരക്ഷണ സമിതി സംഘടിപ്പിച്ചില്ല ? എന്തുകൊണ്ട് പാറ്റ്‍നയില്‍ ഞങ്ങള്‍ വിളിച്ചു കൂട്ടിയ പോലൊരു ഫാഷിസ്റ്റ് വിരുദ്ധ സമ്മളനം നിങ്ങള്‍ വിളിച്ചു കൂട്ടിയില്ല ? എന്തുകൊണ്ട് ബുഖന്‍വാഡും ഓഷ്‌വിറ്റ്സും ട്രെബ്ലിങ്കയുമൊക്കെ ദാരിദ്ര്യമകറ്റാനുള്ള ഉപാധികള്‍ മാത്രമാണെന്ന് പറഞ്ഞില്ല ? നിങ്ങളൊരു മണ്ടനാണ് അഡോള്‍ഫ്. കേവലമൊരു സത്യവാന്‍ വളരെ ചുരുങ്ങിയ നുറുങ്ങുവാചകങ്ങളില്‍ ഇന്ദിര എന്താണെന്ന് വിജയന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. ഇതിനപ്പുറം തീക്ഷ്ണമായ ഒരു രാഷ്ട്രീയ വിചാരണ എങ്ങനെയാണ് നമുക്ക് സാധ്യമാകുക ?

           

            വിജയന്റെ കാര്‍ട്ടൂണുകള്‍ ഇടക്കിടയ്ക്ക് എടുത്തുവെച്ച് വായിച്ചു നോക്കുന്നത്  എല്ലാവര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്.         

 

||ദിനസരികള് - 18 -2025 ഏപ്രില് 18, മനോജ് പട്ടേട്ട്||

 


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍