കുട്ടിക്കാലത്ത് ഓണം ഒരു ബാധ്യതയായിരുന്നില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന ന്യായം നിലവിലുണ്ടായിരുന്നതുകൊണ്ടും കാണമൊക്കെ കൈകാര്യം ചെയ്തിരുന്നത് മുതിര്‍ന്നവരായിരുന്നതുകൊണ്ടും ഓണത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ കുട്ടികള്‍ക്ക്  ഭീകരമായ ഒരുത്കണ്ഠയാകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഈ പറയുന്നതുകേട്ടാല്‍ ഓണം കെങ്കേമമായി കൊണ്ടാടുന്ന വമ്പന്‍ നിലവാരത്തിലൊക്കെയായിരുന്നു അക്കാലമെന്ന് തെറ്റിദ്ധരിക്കണ്ട. ഓണമായതുകൊണ്ട് പൊതുവേ ഉണ്ടാകുന്ന ഒരുണര്‍വില്ലേ ? അതിന്റെ പച്ചപ്പുകളെക്കുറിച്ചോര്‍ത്ത് പറയുന്നു എന്ന് കരുതുക.

 

          എന്നാല്‍ വിഷു കുട്ടികള്‍ക്ക് ഇത്തിരി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നായിരുന്നു.സദ്യവട്ടങ്ങള്‍ക്കു വേണ്ടിയല്ല , മറിച്ച് പടക്കങ്ങള്‍ക്കുവേണ്ടി. വീട്ടില്‍ നിന്നും ഇത്തിരി ഓലപ്പടക്കം , ഇത്തിരി ബീഡിപ്പടക്കം , ഇത്തിരി നിലച്ചക്രം ഇത്തിരി മത്താപ്പ് എന്നിവയ്ക്കുള്ള ഫണ്ട്അനുവദിച്ചു കിട്ടിയാല്‍ ഭാഗ്യം. അതും വിഷു വരുന്നതിന് ആഴ്ചകള്‍ക്കു മുമ്പേ കരയാന്‍ തുടങ്ങണം. എന്നാല്‍ മാത്രമേ ഇന്നാ ഒരിരുപത് ഇന്നാ ഒരു പത്ത് എന്ന രീതിയിലെങ്കിലും ഔദാര്യങ്ങള്‍ പുറപ്പെട്ടുപോരുകയുള്ളു. അതുകൊണ്ട് ഒന്നുമാകില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ വിഷുവിന് കാര്യങ്ങളൊക്കെയങ്ങ് നടത്തും.  അടുത്ത വീടുകളിലൊക്കെ പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ നമുക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോയെന്നതാണ് അടിസ്ഥാന ചോദ്യം.

 

          ഇത്തിരി മുതിര്‍ന്നപ്പോള്‍ പടക്കം മേടിക്കാനുള്ള പരാധീനതയെ മറികടക്കാന്‍ പല വഴികളും തെളിഞ്ഞു.അതിലൊന്ന് രണ്ടോ മൂന്നോ ചാക്കുകളിലായി വീട്ടില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന കുരുമുളക് ചാക്കിന് കിണ്ടി വെയ്ക്കുക എന്നതാണ്. വില കുറഞ്ഞിരിക്കുകയാണെങ്കില്‍ കൂടാന്‍ വേണ്ടി മുളക് പിടിച്ചു വെയ്ക്കും.എന്നാല്‍ കടക്കാരനോട് സംസാരിച്ച് ആവശ്യമുള്ള പൈസ മുന്‍കൂറായി വാങ്ങിക്കും. വില കൂടുമ്പോള്‍ അയാള്‍ക്കു തന്നെ കൊണ്ടു പോയി നിലവിലെ വിലയ്ക്ക് വില്ക്കും. ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്ന മുളുകു ചാക്കില്‍ നിന്ന് മിക്കവാറും രണ്ടുതവണയായി ചോര്‍ത്തല്‍ നടക്കും വള്ളിയൂര്‍ക്കാവ് ഉത്സവത്തിനും , വിഷുവിന് പടക്കം വാങ്ങിക്കാനും. എന്നാല്‍ ചിലപ്പോഴെങ്കിലും മുളക് നേരത്തെ വിറ്റു പോകും. അപ്പോള്‍ പ്രതിസന്ധിയാകും. അങ്ങനെ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പറമ്പിലെ കശുവണ്ടി പെറുക്കി വില്ക്കുക , പഴയ കുപ്പിക്കടലാസാദി ആക്രി വില്ക്കുക തുടങ്ങിയ കലാപരിപാടികളിലൂടെ ചില്ലറ ഒപ്പിക്കാനുള്ള ശ്രമമുണ്ടാകും . എന്നാലും പോരാതെ വരുമ്പോഴാണ് വനം കൊള്ളയ്ക്ക് രണ്ടും കല്പിച്ച് ഞങ്ങള്‍ പുറപ്പെടുക.

 

          വനം കൊള്ള എന്നു പറഞ്ഞാല്‍ ആനയെ വെടിവെച്ച് വീഴ്ത്തി കൊമ്പെടുക്കുക , പുലിയെ കെണി വെച്ച് പിടിച്ച് പല്ലും നഖവും ശേഖരിക്കുക തുടങ്ങി വന്‍ പ്രക്രിയകളൊന്നുമല്ല. പറമ്പിലും തൊട്ടടുത്ത കാട്ടുപ്രദേശങ്ങളിലും മറ്റുമായി നില്ക്കുന്ന കറപ്പയുടേയും കുളമാവിന്റേയും തോല്‍ ചെത്തി വില്ക്കുക എന്നതാണ്. പത്തു കിലോ ചെത്തിയുണക്കിയാല്‍ ഒരു രണ്ട് രണ്ടരക്കിലോ ആയിരിക്കും കിട്ടുക. കിലോയ്ക്ക് ചിലപ്പോള്‍ മൂന്നുരൂപ മുതല്‍ പന്ത്രണ്ടു രൂപ വരെയൊക്കെ കിട്ടിയിട്ടുണ്ട്. ഉണക്കാനും മറ്റും വല്യ പാടായതിനാലും ആവശ്യം നടുമുറ്റത്ത് എത്തിയതിനാലും പലപ്പോഴും പച്ചയ്ക്ക് തന്നെയാണ് വില്ക്കാറുള്ളത്. അങ്ങനെ കിട്ടുന്ന കാശിന് പടക്കമൊക്കെ മേടിച്ച് ആടിത്തുങ്ങി ഒരു വരവുണ്ട്. എന്നിട്ട് തൂക്കിപ്പിടിച്ച പ്ലാസ്റ്റിക്ക് കവറില്‍ ഐറ്റംസ് ഓരോന്നോരോന്നായി പുറത്തിട്ട് വിശദീകരിക്കും. ഇത് അങ്ങനെയാണ് അത് ഇങ്ങനെയാണ്. എന്നൊക്കെ . പിന്നെ പരിപാടി തുടങ്ങുകയായി. അപ്പുറത്തുള്ളവന്‍ ഒന്നു പൊട്ടിക്കുമ്പോള്‍ ഇപ്പുറത്ത് രണ്ടെണ്ണം പൊട്ടിക്കും. അവസാനം എല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പൊട്ടാതെ കിടന്നതൊക്കെ പെറുക്കിക്കൂട്ടി ഒരു പൊട്ടിക്കല്‍ കൂടിയുണ്ട്. ഒരു പക്ഷേ ഈ മാമാങ്കത്തില്‍ അതായിരിക്കും ഏറ്റവും രസം .

 

          ഇന്നും വിഷുവാണ്. സമയം പകല്‍ രണ്ടു മണിയായിരിക്കുന്നു. ചുറ്റിനും പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. അതൊരു രസം തന്നെയാണ്. എന്നാല്‍ ഈ കസേരയില്‍ ചാരിയിരുന്ന് സ്മൃതിപ്പരപ്പുകളുടെ ചെരിവിലൂടെ ഊളിയിട്ട് നടക്കുമ്പോള്‍ മനസ്സില്‍ക്കിടന്നു പൊട്ടുന്ന പടക്കങ്ങളുടെ ശബ്ദങ്ങള്‍ അതിരസകരമായിത്തോന്നുന്നു.

 

എന്നാല്‍ ശരി. ആഘോഷങ്ങള്‍ നടക്കട്ടെ !! വിഷുവല്ലേ ?  ഒന്ന് മുറുക്കിയേച്ചും വരാം.

 

 

||ദിനസരികള് - 14 -2025 ഏപ്രില് 14, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍