എനിക്ക്
പ്രിയപ്പെട്ട മലയാള സിനിമാ ഗാനങ്ങളുടെ ഒരു പട്ടിക തന്നെ ഞാന്‍
തയ്യാറാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു പക്ഷേ ഒട്ടും മോശമില്ലാത്ത ഒരു സ്ഥാനം
അലങ്കരിക്കുന്നത് കിന്നരിപ്പുഴയോരം എന്ന സിനിമയ്ക്കുവേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണന്
എഴുതി, എം ജി രാധാകൃഷ്ണന് ചിട്ടപ്പെടുത്തി, എം ജി ശ്രീകുമാര്‍ ആലപിച്ച രാഗ ഹേമന്ദ സന്ധ്യ
പൂക്കുന്ന എന്നു തുടങ്ങുന്ന ഗാനമാണ്. എന്തൊരു മനോഹരമായിട്ടാണ് ആ ഗാനം
എഴുതപ്പെട്ടിരിക്കുന്നത് ? കല്പനാ
വൈഭവത്തിന്റെ പരകോടിയില്‍ എത്തി നില്ക്കുമ്പോള് മാത്രം ഒരു കവിയ്ക്ക് / കലാകാരന് സാധ്യമാകുന്ന അനുപമമായ രചനാ ചാതുരിക്ക്
ആ ഗാനം നിദര്‍ശനമാകുന്നു. ഒരു തവണ കേട്ടാല്‍ മതി നമ്മള് ഈ ഗാനത്തിന് അടിപ്പെടും
എന്ന കാര്യത്തില്‍ ഞാനാണ് സാക്ഷി.
ഇത്തരമൊരു ഗാനം പക്ഷേ ആ സിനിമയില്‍
എങ്ങനെയാണ് ഇണക്കിവെച്ചിരിക്കുന്നത് എന്ന് ഞാനിതുവരെ കണ്ടിട്ടില്ല , കാണാന്‍
ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം . അത്
സിനിമയോടുള്ള അവഗണന കൊണ്ടൊന്നുമല്ല,
മറിച്ച് ആ പാട്ടിനെ ചുറ്റിപ്പറ്റി എന്റേതായ വിധത്തില്‍ ഞാനൊരു സങ്കല്പലോകം
തന്നെ തീര്‍ത്തു വെച്ചിട്ടുണ്ട്. ആ ലോകത്തിന്റെ വിഷാദമധുരമായ ഭാവകാന്തിക്ക്
ഏതെങ്കിലും തരത്തില്‍ കോട്ടം വന്നേക്കുമോ എന്ന ഭയമാണ് സത്യത്തില്‍ ഈ സിനിമ
കാണുന്നതില്‍ നിന്നും ഞാന്‍ പ്രധാനമായും മാറിനില്‍ക്കാനുള്ള കാരണം. അങ്ങനെ
ചിലതുണ്ടല്ലോ ? ഹാ ചാരി നില്പോന്
മല കാണ്മതില്ല എന്നു പറയുന്നതുപോലെ സിനിമ കണ്ട് അവിടെ
ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങള്‍ കണ്ട് എന്റെ ഭാവനാ ലോകങ്ങളില്‍ പടംവിടര്ത്തിയാടുന്ന
മായാമയൂഖങ്ങള്ക്ക് ഭാവഭേദം ഉണ്ടായാലോ ? അതുകൊണ്ടുതന്നെ
ഇനിയും ഞാന്‍ കിന്നരിപ്പുഴയോരം എന്ന സിനിമ കാണണം എന്ന് ചിന്തിക്കുന്നുമില്ല.
വെറുതെ കണ്ണടിച്ചിരുന്ന് ഈ പാട്ടിന്റെ
തേനരുവിയിലൂടെ ചുമ്മാ ഒരു യാത്ര പോകുക! അപ്പോള്‍ മനുഷ്യര്‍ അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്
എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടാതെ വരില്ല.
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നിനെ എം3ഡിബിയില്‍
നിന്നും പൂര്‍ണമായിത്തന്നെ ഇവിടെ പകര്‍ത്തി വെയ്ക്കുന്നു. മങ്കൊമ്പിന് ഒരു
സ്നേഹപ്രണാമം അര്‍പ്പിക്കുന്നു.
രാഗഹേമന്ത
സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും പൌർണ്ണമാസിയെ കണ്ടു ഞാൻ
ശ്യാമമേഘ സദസ്സിലെ സ്വർണ്ണ വ്യോമഗംഗയെ കണ്ടു ഞാൻ
കയ്യിൽ കാഞ്ചനതാലമേന്തുന്ന
കുങ്കുമോദയം കണ്ടു ഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും ഇന്ദ്രകാർമുഖം കണ്ടു ഞാൻ
കണ്ടതില്ലതിലൊന്നിലും – സഖീ
കണ്ടതില്ലിതിലൊന്നിലും..
നിന്നനുപമ ചാരുത...
രാഗഹേമന്ത
സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ.
ദേവഗന്ധർവ്വ വീണതന്നിലെ രാഗമാലിക
കേട്ടു ഞാൻ
തെന്നൽ വന്നിളം മഞ്ജരികളിൽ ഉമ്മവെയ്ക്കുന്ന വേളയിൽ
ഉന്മദങ്ങളുയർത്തിടും ദലമർമ്മരങ്ങൾ ശ്രവിച്ചു ഞാൻ
രാക്കുയിലുകൾ പാടിടുന്ന കീർത്തനങ്ങൾ കേട്ടു ഞാൻ
തേനരുവികൾ പാടിടും സാന്ദ്രഗാന
ശീലുകൾ കേട്ടു ഞാൻ
കേട്ടതില്ലതിലൊന്നിലും സഖീ
കേട്ടതില്ലിതിലൊന്നിലും..
നിന്റെ കാവ്യമാധുര്യ കാകളി....
രാഗഹേമന്ത
സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ.
മഞ്ഞുതുള്ളികൾ വീണു പൂവിന്റെ മെയ്
തരിച്ചതറിഞ്ഞു ഞാൻ
ആര്യനെതേടൂം ഭൂമികന്യതൻ സൂര്യദാഹമറിഞ്ഞു ഞാൻ
മൂകരാവിലും ചക്രവാകത്തിൻ പ്രേമതാപമറിഞ്ഞു ഞാൻ
കൊമ്പൊരുമ്മാനിണയ്ക്കു
പേടമാൻ കൺകൊടുത്തതറിഞ്ഞു ഞാൻ
കണ്ണനെകാത്തിരിക്കും രാധതൻ..
കാമനയറിഞ്ഞു ഞാൻ
ഞാനറിഞ്ഞതിലൊന്നിലും..
സഖീ..
ഞാനറിഞ്ഞതിലൊന്നിലും… നിന്റെ ദീപ്തരാഗത്തിൻ സ്പന്ദനം...
രാഗഹേമന്ത
സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും പൌർണ്ണമാസിയെ കണ്ടു ഞാൻ
ശ്യാമമേഘ സദസ്സിലെ സ്വർണ്ണ വ്യോമഗംഗയെ കണ്ടു ഞാൻ
കയ്യിൽ കാഞ്ചനതാലമേന്തുന്ന
കുങ്കുമോദയം കണ്ടു ഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും ഇന്ദ്രകാർമുഖം കണ്ടു ഞാൻ
കണ്ടതില്ലതിലൊന്നിലും – സഖീ
കണ്ടതില്ലിതിലൊന്നിലും..
നിന്നനുപമ ചാരുത...
രാഗഹേമന്ത
സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും പൌർണ്ണമാസിയെ കണ്ടു ഞാൻ..
||ദിനസരികള് - 16 -2025 ഏപ്രില്‍ 16, മനോജ് പട്ടേട്ട്||
Comments