ചോദ്യോത്തരങ്ങള്‍
ചോദ്യം 1 – മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണോ ?
ഉത്തരം - പ്രത്യക്ഷമായും പരോക്ഷമായും അല്ല. മുസ്ലിം
മതത്തിന് സ്വന്തം അനുയായികളിലുണ്ടായിരിക്കുന്ന സ്വാധീന ശേഷിയെ ഏറ്റവും സമര്‍ത്ഥമായി
രീതിയില്‍ രാഷ്ട്രീയമായി വിനിയോഗിക്കുന്ന ഒരു മതാധിഷ്ടിത പാര്‍ട്ടി മാത്രമാണ്
മുസ്ലിംലീഗ്. ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച എന്ന പേരില്‍ മതന്യൂനപക്ഷങ്ങളില്‍
നിന്നുള്ള ആളുകളെ ചേര്‍ത്ത് മതേതര സ്വഭാവം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതുപോലെ
ലീഗിലും ഇതര മതസ്ഥരെ അവിടവിടെയായി കാണാം. മതേതരത്വ പാര്‍ട്ടി എന്ന മേനി
നടിക്കാനുള്ള കൌശലം മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ! മത ജാതി ചിന്തകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന
ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ശിഥിലീകരിക്കുകയാണ്
ചെയ്യുന്നത്. ലീഗ് ഒരു ചെറിയ പാര്‍ട്ടിയാണ്. ബി ജെ പിയേയോ അതുപോലെ ഹിന്ദുത്വ
അടിത്തറയാക്കി പ്രവര്‍ത്തിക്കുന്ന മറ്റു സംഘപരിവാര്‍ പ്രസ്ഥാനങ്ങളെപ്പോലെയോ
അപകടകരമല്ലെങ്കിലും ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു
കൂടാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ബി ജെ പി അടക്കമുള്ള സംഘപരിവാര സംഘടനകളില്‍ നിന്നും രാജ്യത്തെ
മുക്തമാക്കിയതിനുശേഷം മാത്രമേ ലീഗില്‍ നിന്നും മുസ്ലിം മത വിശ്വാസികളേയും ഈ
നാടിനേയും രക്ഷിച്ചെടുക്കുവാന്‍ ബദ്ധപ്പെടേണ്ടതുള്ളു എന്നതുകൂടി രേഖപ്പെടുത്തട്ടെ !
ചോദ്യം 2 - സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യരുടെ ചില അഭിപ്രായങ്ങള്‍
വിവാദമായിരിക്കുകയാണല്ലോ ? എന്താണ് അഭിപ്രായം
ഉത്തരം : ദിവ്യ
എസ് അയ്യര്‍ വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞ അഭിപ്രായങ്ങളോട് എതിര്‍പ്പ്
പ്രകടിപ്പിക്കുന്നത് കേവലം രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രം വെച്ചുകൊണ്ടാണ്.
അതിനപ്പുറം അവരുടെ അഭിപ്രായങ്ങള്‍ക്ക് എതിരെ ഇത്തരമൊരു ആക്രമണം അഴിച്ചു
വിടുന്നതിന് പിന്നില്‍ മറ്റൊന്നുമില്ല. കെ മുരളിധരനെപ്പോലെയുള്ള
കിങ്ങിണിക്കുട്ടന്മാര്‍ക്ക് ഈയൊരു സൂക്കേട് ഇത്തിരി കൂടുതലാണ് താനും . അയാളുടെ
പ്രസ്താവന നോക്കുക. കൂടുതല്‍ സോപ്പിട്ടാല്‍ ഭാവിയില്‍ ദോഷം ചെയ്യും എന്നു
പറയുമ്പോള്‍ അതിലൊരു ഭീഷണിയുണ്ട് എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഞങ്ങള്‍
അധികാരത്തില്‍ വരുമ്പോള്‍ കാണിച്ചുതരാം എന്നുതന്നെയാണ് മുരളി ഉദ്ദേശിക്കുന്നത്.
അതിലും അധമചിന്തയോടെ അയാള്‍ പ്രയോഗിച്ച ഒരു പദമുണ്ട്. പാദസേവ ! എത്രമാത്രം സ്ത്രീവിരുദ്ധതയും ജാതീയതയും
നിറഞ്ഞതാണ് ആ പ്രയോഗമെന്ന് ചിന്തിച്ചു നോക്കുക.
ഈ മുരളിയൊക്കെ രാഷ്ട്രീയത്തില്‍ നിന്നും റിട്ടയര്‍ ചെയ്യേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു.
ചോദ്യം 3 – കേന്ദ്രസര്‍ക്കാറിന്റെ
വഖഫ് നിയമത്തെക്കുറിച്ച് ?
കേന്ദ്രത്തിലെ ഹിന്ദുത്വ സര്‍ക്കാര്‍ ഈ
രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെ നിരന്തരം നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നുണ്ട്.
പൌരത്വ നിയമം കഴിഞ്ഞാല്‍ മുസ്ലിം സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് പുതിയ
വഖഫ് ഭേദഗതികളെന്ന കാര്യത്തില്‍ സംശയമേയില്ല. എന്നാല്‍ വഖഫ് ഭേദഗതിയെ പരിശോധിച്ചപ്പോള്‍
സുപ്രിംകോടതി പ്രാഥമികമായും ഉന്നയിച്ച ചില ചോദ്യങ്ങള്‍ ഇന്ത്യയിലെ പൊതുസമൂഹത്തിന് ഏറെ
പ്രതീക്ഷ നല്കുന്നതാണ്. കോടതിയുടെ നിരീക്ഷണങ്ങള്‍
എന്തുകൊണ്ട് വഖഫ് ഭേദഗതി റദ്ദു ചെയ്യണം എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. കോടതിയെ ഒരു
പ്രതീക്ഷയായി കാണാമെങ്കില്‍ ഇന്ത്യയിലെ മുസ്ലിംവിശ്വാസ സമൂഹത്തിന് ഏറെ ഹാനികരമായ ഈ
നിയമം പാസ്സാക്കപ്പെടുകയില്ല. ഇനി അഥവാ കോടതി പ്രതികൂലമാകുന്നുവെങ്കില്‍ പൌരസമൂഹം പ്രതിഷേധവുമായി
തെരുവിലിറങ്ങുക തന്നെ വേണം.
||ദിനസരികള് - 17 -2025 ഏപ്രില് 17, മനോജ്
പട്ടേട്ട്||
Comments