#ദിനസരികള്‍ 1286 - ഒ വി വിജയന്റെ ദേശസ്നേഹം എന്ന കഥ

 

ദേശസ്നേഹം എന്ന പേരില്‍ ഒ വി വിജയന്‍ ഒരു കഥയെഴുതിയിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ കഥയിലാകമാനം തിളച്ചു നില്ക്കുന്നത് ദേശസ്നേഹത്തെക്കുറിച്ചുള്ള പെരുംപ്രഘോഷണങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മുടെ കാലത്തിനും എന്നല്ല ഏതുകാലത്തിനും ഈക്കഥ അനുയോജ്യമാകുന്നു. ദേശസ്നേഹത്തിനും ദേശാഭിമാനങ്ങള്‍ക്കും അസാധാരണമായ മുഴക്കങ്ങളുള്ള വര്‍ത്തമാനകാല രാഷ്ട്രീയസന്ധികളില്‍ ഏതൊരു ദേശസ്നേഹിയും ഈ കഥ വായിച്ചിരിക്കേണ്ടതാണെന്നതിനാല്‍ മുഴുവനായിത്തന്നെ ഇവിടെ പകര്‍ത്തുന്നു. വായനക്കുശേഷം നിങ്ങളുടെ ദേശാഭിമാനത്തെ പ്രോജ്വലിപ്പിക്കാന്‍ ഒ വി വിജയന് എത്രമാത്രം കഴിഞ്ഞു എന്ന ചോദ്യത്തിന് അഞ്ഞൂറുവാക്കുകളില്‍ കവിയാതെ ഉത്തരമെഴുതണം. അങ്ങനെ അരപ്പേജ് ഉത്തരമെഴുതാത്ത ആരേയും ദേശസ്നേഹത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് നിഷ്കരുണം തള്ളിക്കളയുമെന്നുകൂടി അറിയിക്കട്ടെ.അപ്പോള്‍ ശരി. കഥ വായിക്കുക :-          ദേശസ്നേഹം

 

 

വീരബാഹു എന്നു പേരുള്ള ഒരു ഭടന്‍ ഉണ്ടായിരുന്നു.ശത്രുക്കളുടെ ആക്രമണമത്തെ തടാന്‍ വീരബാഹു ഒരു നാള്‍ പടക്കളത്തിലേക്ക് പോയി.തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ വീരബാഹുവിന്റെ ലിംഗം മുറിഞ്ഞു പോയി.

          ലിംഗം എന്നാല്‍ എന്തെന്ന് വ്യാകരണത്തില്‍ നാം പഠിച്ചിട്ടുണ്ടല്ലോ

          അങ്ങനെ വീരബാഹുവിന് ശത്രുക്കളെ തോല്പിക്കാന്‍ സാധിച്ചു.ശത്രുക്കളുടെ കൈവശമായിരുന്ന ഒരു പാമ്പിന്‍പുറ്റ് അയാള്‍‌ പിടിച്ചടക്കി.സൈനികവാദ്യസംഘത്തിലെ മകുടിവിളിക്കാരനെ വരുത്തി മകുടിവിളിച്ച് അതിനകത്തെ പാമ്പുകളെ പിടിച്ചു. അവയെ കൂടകളില്‍ ശേഖരിച്ചു.

          വീരബാഹുവിന് വീരചക്രവും മറ്റു മുദ്രകളും ലഭിച്ചു.

          വീരചക്രവുമണിഞ്ഞി അയാള്‍ വീട്ടിലെത്തി.

          അയാള്‍ വീര ചക്രം തന്റെ പത്നിക്ക് കാണിച്ചുകൊടുത്തു.

          വ്യാകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന പത്നിയുടെ മുഖം വാടി.

പ്രാണനാഥാഅവള്‍ പറഞ്ഞു. ഇതുകൊണ്ടെന്തു പ്രയോജനം?”

    എന്തുപ്രയോജനമെന്നോ ?” അയാള്‍ പറഞ്ഞു മധ്യതിരുവിതാംകൂറുകാര്‍ ചക്രമുണ്ടോ എന്നു ചോദിച്ച് നമ്മെ ശല്യപ്പെടുത്തുമ്പോള്‍ എടുത്തു കാണിച്ചു കൊടുക്കാമല്ലോ

    അവളുടെ മുഖത്ത് അപ്പോഴും ദുഖമായിരുന്നു.ദേശീയനേതാക്കന്മാര്‍‌ അവളുടെ ദുഖം മനസ്സിലാക്കി. അവര്‍ അവളെ സമാശ്വസിപ്പിക്കാനെത്തി.

          ഭവതി ദുഖിക്കരുത്. അവര്‍ അവളോടു പറഞ്ഞു. വീരബാഹു നമ്മുടെ ദേശത്തിനു വേണ്ടിയാണല്ലോ ഈ ത്യാഗം ചെയ്തത്

നേതാക്കന്മാരേഅവള്‍ പ്രതിവചിച്ചു എനിക്കൊരു പോംവഴി പറഞ്ഞു തരണം

ദേശസ്നേഹം ഒന്നുമാത്രമാണ് നമുക്ക് ഏവര്‍ക്കുമുള്ള പോംവഴി അവര്‍ പറഞ്ഞു

          അന്നുമുതല്‍ വീരബാഹുവിന്റെ പത്നി ദേശസ്നേഹം എന്ന ആദര്‍ശം നടപ്പാക്കാന്‍ തുടങ്ങി.അവള്‍ ദേശത്തിലുള്ള സകല മനുഷ്യരേയും സ്നേഹിച്ചു.ജവാന്മാരേയും കിസാന്മാരേയും സ്നേഹിച്ചു.ഗോത്രവര്‍ക്കാര്‍ക്കും അവശ കൃസ്ത്യാനികള്‍ക്കും സംവരണം നല്കി.

          ദേശീയ വിരുദ്ധശക്തികള്‍ അപഖ്യാതി പരത്തിയെങ്കിലും ദേശസ്നേഹം ആ വീരപത്നിയുടെ അടിയന്തിരപ്രശ്നം പരിഹരിച്ചു.

          ഇതില്‍ നിന്നും ദേശസ്നേഹം എല്ലാവര്‍ക്കും കൂടിയേ കഴിയൂ എന്ന് നമുക്ക് മനസ്സിലാക്കാമല്ലോ.

 

കഥ സാമാപിച്ചിരിക്കുന്നു.ഈ കഥയില്‍ നിന്നും ദേശസ്നേഹത്തിന്റെ മഹത്വവും ആവശ്യകതയും എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു.മനസ്സിലാകാത്തവര്‍ ഭാഗ്യവാന്മാര്‍, കാരണം വിവരക്കേട് അവര്‍ക്കുള്ളതാകുന്നു. മനസ്സിലായവര്‍ അഞ്ഞൂറുവാക്കുകളില്‍ മഹത്വം പ്രഘോഷിക്കുക.

 


മനോജ് പട്ടേട്ട്

24-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1