#ദിനസരികള്‍ 1285 വീരേന്ദ്രകുമാര്‍ ഓര്‍മ്മകളിലൂടെ

 

എം പി വീരേന്ദ്രകുമാറുമായി എനിക്ക് വ്യക്തിപരമായ അടുപ്പമൊന്നുമില്ല. അദ്ദേഹത്തെ ധാരാളം കാണുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒരടുപ്പമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിന് വേണ്ടി ഒരു തവണ മാതൃഭൂമിയിലെ ടി വി രവീന്ദ്രന്‍ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. അന്ന് പ്രൊജക്ട് വെച്ചുകൊള്ളൂ നമുക്ക് വേണ്ടത് ചെയ്യാം എന്ന അനുകൂല മറുപടിയാണ് രവിയേട്ടന്‍ വഴി ലഭിച്ചതെങ്കിലും മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ചില കാരണങ്ങളാല്‍ അതു നടക്കാതെ പോയി. അങ്ങനെ വ്യക്തിപരമായി ഒട്ടും തന്നെ അടുപ്പമില്ലെങ്കിലും ഞാന്‍ പുസ്തകങ്ങളുമായി പരിചയപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ എം പി വീരേന്ദ്രകുമാര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍മാത്രമല്ല പ്രചോദനവുമാകുന്നു. അതിനൊരു പ്രധാന കാരണം ഒരു കുറഞ്ഞ കാലയളവൊഴിച്ച് തന്റെ ജീവിതകാലം മുഴുവനും തന്നെ അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു എന്നതുമാണ്.

            ഇപ്പോള്‍ വീരേന്ദ്രകുമാറിനെക്കുറിച്ച് ആലോചിക്കാന്‍ കാരണം അദ്ദേഹത്തെക്കുറിച്ച് കല്പറ്റയിലെ പത്മപ്രഭാ ഗ്രന്ഥാലയം  ഒരുക്കിയ സുവനീറാണ്. സാംസ്കാരികപ്രവര്‍ത്തകനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും എത്താവുന്ന നിലകളിലൊക്കെ എത്താന്‍ കഴിഞ്ഞ വീരേന്ദ്രകുമാറിനെ അടുത്തറിഞ്ഞവരുടെ അനുസ്മരണങ്ങളാണ് 'വീരേന്ദ്രകുമാര്‍ ഓര്‍മ്മകളിലൂടെ'  എന്നു പേരിട്ടിരിക്കുന്ന  സുവനീറിലുള്ളത്. അതുകൊണ്ടുതന്നെ ഒരു വിശ്വപൌരന്‍ നടത്തിയ ജീവിതമഹായാത്രയുടെ ഒരു പരിച്ഛേദമായിരിക്കുന്നു ഈ സുവനീര്‍ എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെടാവുന്നതുമാണ്.

            ഉക്രൈന്‍ എഴുത്തുകാരനായ ആന്ദ്രേ കുര്‍ക്കോവ് മുതല്‍ ( റഷന്‍ ഭാഷയിലെഴുതുന്ന ഇദ്ദേഹത്തിന്റെ പേര് ഒരു പക്ഷേ വയനാട്ടുകാര്‍ കേള്‍ക്കുന്നത് പത്മപ്രഭാപുരസ്കാരവുമായി ബന്ധപ്പെട്ടാകണം. ) രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണന്‍ സിംഗ് വരെയുള്ളവര്‍ തങ്ങളുടെ വീരേന്ദ്രകുമാര്‍ അനുഭവങ്ങള്‍ സുവനീറില്‍ എഴുതിയിരിക്കുന്നു. പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്ന ശാന്തസ്വരൂപിയായ ഈ മനുഷ്യന്‍ എങ്ങനെയാണ് കര്‍ഷകരുടേയും മറ്റും നാനാവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രതിരോധ ജാഥകളില്‍ ഊര്‍ജ്ജമാകുന്നത് എന്ന് അത്ഭുതം കൊള്ളുന്ന ആന്ദ്രേ കുര്‍‌‍ക്കോവ് “Humanity was his Hallmark” എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ വീരേന്ദ്രകുമാര്‍ എന്താണെന്ന് വരച്ചിടുന്നു. Veerendra Kuamr was a man of tremendous energy , which had to be judged not by the strength of his voice but by his deeds and their results” എന്നാണ് അദ്ദേഹം എഴുതുന്നത്.

            വി എസ് അച്യുതാനന്ദന്‍ , ശശി തരൂര്‍ , കെ പി ഉണ്ണികൃഷ്ണന്‍ , ടി പദ്മനാഭന്‍ , എം മുകുന്ദന്‍, കാരശേരി മാസ്റ്റര്‍ , ഖദീജ മുംതാസ് , ഒ കെ ജോണി , ആലങ്കോട് ലീലാകൃഷ്ണന്‍ , കെ ജയകുമാര്‍ തുടങ്ങി പ്രഗല്ഭരായവരെ അണിനിരത്തി തയ്യാറാക്കിയ പ്രസ്തുത  സുവനീറീന്  അക്കാരണം കൊണ്ടുതന്നെ മികച്ച ഒരു വായനാനുഭവം പകര്‍ന്നുതരുവാന്‍ കഴിയുന്നുമുണ്ട്.

            ഇത്തരമൊരു പ്രയത്നത്തിന് മുതിര്‍ന്ന പത്മപ്രഭാ ഗ്രന്ഥാലയം പ്രവര്‍ത്തകരെ അഭിന്ദിക്കുന്നതോടൊപ്പം , വീരേന്ദ്രകുമാറിന്റെ സ്മരണ ഈ സുവനീറിനപ്പുറം എക്കാലവും നിലനിറുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുകൂടി ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. വയനാട് കേന്ദ്രീകരിച്ച് ആസേതു ഹിമാചലം പ്രഭ പരത്തുന്ന വീരേന്ദ്രകുമാര്‍ സ്മാരക അക്ഷര സമ്മാനം എന്നൊരു ആശയം ഞാനിവിടെ മുന്നോട്ടു വെയ്ക്കുകയും ചെയ്യട്ടെ.

 


മനോജ് പട്ടേട്ട്

23-01-2021

           

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1