#ദിനസരികള്‍ 1280 - ബാര്‍ബറിസത്തിലേക്കുള്ള വഴികള്‍

 

ജി.മധുസൂദനന്റെ ചിന്തയുടെ നവലോകങ്ങള്‍ എന്ന പുസ്തകത്തില്‍ വളരുന്ന തീവ്രവലതുപക്ഷം എന്നൊരു ലേഖനമുണ്ട്.ലോകത്താകമാനവും പ്രത്യേകിച്ച് ഇന്ത്യയിലും തീവ്രവലതുസ്വഭാവം വ്യാപകമാകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രസ്തുതലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ് അന്ത്യശ്വാസം വലിക്കുമ്പോഴും നിലനില്പിനായി അതിന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് മുതലാളിത്തം പൊരുതും.പലപ്പോഴും പ്രതിലോമരാഷ്ട്രീയത്തിന്റേയും ഏകാധിപത്യത്തിന്റേയും ഫാസിസത്തിന്റേയും രൂപത്തില്‍ അത് വീണ്ടും പ്രത്യക്ഷപ്പെടും.നിലവിലുള്ള സൈനിക ശക്തിയും അവര്‍ക്ക് തുണയാകുന്നതാണ് ചരിത്രം.വിഭവസാമ്പത്തിക പ്രതിസന്ധികളുടേയും തൊഴിലവസരങ്ങളുടെ കുറവിന്റേയും കാലത്ത് ഒരു വിഭാഗം ജനങ്ങളെ സങ്കുചിത ദേശീയത സ്വാധീനിക്കും.അത് സാമ്പത്തിക ദേശീയത, സാമൂഹ്യ രാഷട്രീയ ദേശീയത, വിഭവ ദേശീയത എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാം.ദൌര്‍ലഭ്യത്തിന്റേയും അവസരദൌര്‍ലഭ്യത്തിന്റേയും കാലത്ത് വരത്തരും കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും അധസ്ഥിതരും ശത്രുക്കളായി മാറും

 

            വര്‍ത്തമാനകാല ഇന്ത്യയുടെ മുഖം ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വരച്ചിട്ടതാണ് നാം മുകളില്‍ കണ്ടത്.അവസരങ്ങളില്ലാതെ ജീവിതനിലവാരം തുടര്‍ച്ചയായി പിന്നോട്ടടിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെങ്കിലും പൊള്ളയായ മുദ്രാവാക്യങ്ങളുയര്‍ത്തി നാം ഏറ്റവും മികച്ച ഒരു കാലത്തിലാണ് ജീവിച്ചു പോകുന്നതെന്ന് രാജ്യം ഭരിക്കുന്ന തീവ്രവലതുപക്ഷമുന്നണി ആവര്‍ത്തിച്ച് ആണയിടുന്നു. അതൊരു വസ്തുതയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളികളെ ജനങ്ങളുടെ കണ്ണില്‍ പെടാതെ മൂടിവെയ്ക്കാനുള്ള ഒരു കേവലോപാധി മാത്രമാണ് അച്ഛേ ദിന്‍ , മേക്ക് ഇന്‍ ഇന്ത്യ , സ്റ്റാര്‍ട്ടപ്പ് ഇന്ത്യ , സബ് കാ സാഥ് സബ്ക് വികാസ് ഇത്യാദി വീരവാദങ്ങളെന്നതാണ് വസ്തുത. ഇത്തരം മുദ്രാവാക്യങ്ങളില്‍ മയങ്ങി അടിസ്ഥാനപരമായി ഉന്നയിക്കപ്പെടേണ്ട ചോദ്യങ്ങളെ നാം ചിലപ്പോഴെങ്കിലും മറന്നുപോകുന്നു. അതുകൊണ്ടുതന്നെ തിന്നാനൊന്നുമില്ലാത്തവനുവേണ്ടി രാജ്യമാകെ കക്കൂസുണ്ടാക്കിയിട്ട് എന്തു കാര്യം എന്നു നാം ചോദിക്കുന്നില്ല.ഏറെ കൊട്ടിഘോഷിച്ച ജന്‍ധന്‍ അക്കൌണ്ടുകളെക്കൊണ്ട് ഉടമയ്ക്കും ബാങ്കുകള്‍ക്കും ബാധ്യതയായി എന്നതല്ലാതെ മറ്റെന്താണ് കാര്യം എന്നു ചോദിക്കുന്നില്ല. മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ തന്നെ പൊതുമേഖലകളെ ഇല്ലാതാക്കി കോര്‍പ്പറേറ്റുകളെ പകരം കൊണ്ടുവരുന്നതെന്തിനെന്ന് നാം ചോദിക്കുന്നില്ല.ഇപ്പോള്‍ എല്ലാ ആഘോഷങ്ങളും അവസാനിക്കുകയും രാമക്ഷേത്ര നിര്‍മ്മാണം എന്ന ആത്യന്തിക ലക്ഷ്യം എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും പരിഹാരമായി അവതരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

 

          ഇവിടെയാണ് കൌട്സ്കിയും റോസ ലക്സംബര്‍ഗ്ഗും ചൂണ്ടിക്കാണിച്ച സോഷ്യലിസം അല്ലെങ്കില്‍ ബാര്‍ബറിസം എന്ന ആശയത്തിന്റെ പ്രസക്തി എന്ന് ജി. എം ചൂണ്ടിക്കാണിക്കുന്നു :” ഒരു സോഷ്യലിസ്റ്റ് കോമണ്‍ വെല്‍ത്ത് അസാധ്യമെങ്കില്‍ മനുഷ്യകുലം തുടര്‍ന്നുള്ള സാമ്പത്തിക വികസനത്തില്‍ നിന്നും ഒഴിവാക്കപ്പെടും.അങ്ങനെ വന്നാല്‍ രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പേ റോമാസാമ്രാജ്യത്തിന് സംഭവിച്ചതുപോലെ ആധുനിക സമൂഹം ജീര്‍ണിക്കുകയും ഒടുവില്‍ ബാര്‍ബറിസത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.ഇപ്പോഴത്തെ അവസ്ഥയില്‍ മുതലാളിത്ത സംസ്കാരത്തിന് തുടരാനാകില്ല.നമ്മള്‍ ഒന്നുകില്‍ സോഷ്യലിസത്തിലേക്ക് മുന്നേറണം അല്ലെങ്കില്‍ ബാര്‍ബറിസത്തിലേക്ക് നിപതിക്കുംമാധ്യമങ്ങളെ വിലയ്ക്കെടുത്ത് വ്യാജപ്രചാരണങ്ങളിലൂടെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട സ്വരൂപങ്ങള്‍ മുതലാളിത്ത സമൂഹത്തിന്റെ അജീര്‍ണതയായ ഫാസിസത്തിലേക്കാണ് നമ്മെ നയിക്കുന്നത്.അത്തരക്കാരെ പിന്തുടര്‍ന്ന് നാം എത്തിച്ചേരുന്നത് ബാര്‍ബറിസത്തിലേക്കുള്ള എളുപ്പവഴിയിലേക്കുമാണ്.


മനോജ് പട്ടേട്ട്

18-01-2021

         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1