#ദിനസരികള്‍ 1283 - ഇടശേരിയുടെ കവിത

 

ചിലപ്പോള്‍ കവിക്കു തോന്നും മരിക്കാന്‍ പോകുകയാണെന്ന്. അപ്പോള്‍ പേന കയ്യിലെടുക്കും. വേര്‍പിരിഞ്ഞു പോകുന്നവന്റെ യാത്രാമൊഴി പോലെ ഒരു കവിത വിരിഞ്ഞു വരും. അങ്ങനെ തീമൊഴികളായി പുറപ്പെട്ടുപോന്ന കവിതകളില്‍ കക്കാടിന്റെ സഫലമീയാത്രയും സുഗതകുമാരിയുടെ നന്ദിയും സച്ചിദാനന്ദന്റെ സമയമായച്ഛായും പോലെയുള്ള കവിതകളുമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ പിരിഞ്ഞു പോകുക അല്ലെങ്കില്‍ ഇങ്ങിനി തിരിച്ചുവരാത്തവണ്ണം ഒടുങ്ങിപ്പോകുക എന്ന ഖേദത്തോട് എനിക്കുള്ള പൊരുത്തമാകണം ഇത്തരം കവിതകളിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നത്. കവിതകള്‍ മാത്രമല്ല മൈഥിലീ യാത്ര , കാമുകാ ശാന്തി എന്ന വിജയന്‍ പ്രയോഗം വായിച്ച് എത്ര നാള്‍ ഞാന്‍ കരഞ്ഞു നടന്നിട്ടുണ്ടെന്നോ. നോവലിലും കഥകളിലും നാടകങ്ങളിലുമൊക്കെയുള്ള ഇത്തരം സന്ദര്‍ഭങ്ങളുടെ ഭംഗി ആ കൃതികളെ ആവര്‍ത്തിച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതുമാണ്.

          ഏറെ പ്രിയപ്പെട്ട കവി ഇടശ്ശേരിയും അത്തരത്തിലൊരു കവിതയെഴുതിയിട്ടുണ്ട്. ഉറങ്ങണം എന്നാണ് കവിതയുടെ പേര്. വായിക്കുക

          കഥകള്‍ പറഞ്ഞു പറഞ്ഞു തീര്‍ന്നു

          കവിതകള്‍ പാടിയും ഞാന്‍ തളര്‍ന്നു

          വിരുതരേ നിങ്ങള്‍ക്കുറക്കമില്ല

          വിളയാട്ടംനിര്‍ത്താനും ഭാവമില്ല

         

          പനിമതി വെച്ച കെടാവിളക്ക -

          ത്തിനി നിങ്ങള്‍ താനേയിരുന്നു കൊള്‍വിന്‍

          കഥകള്‍ പറയുവിന്‍ മാറി മാറി

          കവിതകള്‍ പാടുവിന്‍ നിങ്ങള്‍ തന്നെ

          താരകിരണങ്ങള്‍ താണുവന്നി

          ത്താരണിമൂര്‍ദ്ധാവിലുമ്മവെയ്ക്കും

          അരിമുല്ലപ്പൂക്കള്‍ തന്‍ നിശ്വാസങ്ങള്‍

          തഴുകുമേ നിങ്ങളെ പ്രമേപൂര്‍വ്വം

 

          നിഴലില്‍ നിന്നെങ്ങാനപസ്വരങ്ങള്‍

          നീളുന്നുവെങ്കില്‍ ബ്ഭയപ്പെടേണ്ട  

          വളരെ നാളത്തെപ്പരിചയത്താല്‍

          പ്പറയുന്നു മുത്തച്ഛന്‍ കേട്ടുകൊള്‍ക :

    ചെറുമനുഷ്യന്മാരെപ്പേടിയാര്‍ക്കും

          വെറുതെ നാമെന്തിനെപ്പേടിക്കണം?

   

          ഇമകളിലെന്തോ കനത്തപോലെ

          ചെവികളിലേതാണ്ടിരമ്പല്‍ പോലെ

          മുതുകുനിവര്‍ത്തിക്കിടന്നു വേഗം

          മുത്തച്ഛനൊന്നുറങ്ങാതെ വയ്യ

          നാളെപ്പുലരുമ്പോളെല്ലാമെല്ലാ

          മാവര്‍ത്തിക്കേണ്ടേ , പുതിയതായി .

21-01-2020

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1