#ദിനസരികള് 1281 - രണ്ടാമത്തെ നോവല്‍

 രണ്ടു നോവലുകളാണ് ഞാന് എഴുതാന് ശ്രമിച്ചത്. ച്ഛേദങ്ങള് അഥവാ സഖാവ് വര്ഗ്ഗീസ് പെരുമനായ കഥ എന്ന നോവലിന്റെ മൂന്നു അധ്യായങ്ങള് നിങ്ങളില് പലരും വായിച്ചിട്ടുണ്ടാകും. രണ്ടാമതൊരു നോവല് കൂടി ഞാന് എഴുതിത്തുടങ്ങിയിരുന്നു. രണ്ടും എവിടെയൊക്കെയോ വെച്ച് എന്നോട് തെററിപ്പിരിഞ്ഞു പോയി. ഞാനാകട്ടെ അവയെ പിന്നീടൊരിക്കലും തിരിച്ചു വിളിക്കാനോ ഞാന് നിശ്ചയിക്കുന്ന ചട്ടക്കൂടുകളിലേക്ക് ഒതുക്കി വെയ്ക്കാനോ ശ്രമിച്ചില്ല. ഇനിയൊരിക്കലും കണ്ടാലറിയാനാകാത്ത വിധത്തില് ആ നോവലുകള് എനിക്കും ഞാന് അവര്ക്കും അപരിചിതരായിരിക്കുന്നു.

ഈ ഖണ്ഡം ഞാനെഴുതിയ രണ്ടാമത്തെ നോവലില് നിന്നാണ്. ഇന്ന് ശൂന്യമായ മനസ്സോടെ കമ്പ്യൂട്ടര് പരതുമ്പോള് വന്നു കയറി. എങ്കില് ഇന്നത്തെ ദിനസരികള് ഇതാകട്ടെ എന്ന് ഞാനും ഉറപ്പിച്ചു. സദയം വായിക്കുക
******************************************************
“അസ്വാഭാവിക കാരണങ്ങള് കൊണ്ടായിരിക്കും ഇനി നാം ഓരോരുത്തരും മരിച്ചു തീരുക.അല്ലെങ്കില് അസ്വാഭാവിക കാരണങ്ങള് സ്വാഭാവികമായി തീരുന്ന ഒരു ദശാസന്ധിയിലേക്ക് നാം പരിണമിച്ചെത്തുകയുമാകാം. ഉദാഹരണമായി... ബലാല്സംഗം ചെയ്ത് കൊല്ലപ്പെടുകയെന്നത്, അതല്ലെങ്കില് ശരീരം മുഴുവന് പെട്രോള് വിതറി തീവെച്ചു കൊല്ലപ്പെടുകയെന്നത്.... ഇതൊക്കെ മരിക്കാനുള്ള സ്വാഭാവികകാരണങ്ങളായി കണക്കാക്കപ്പെടുന്ന കാലം വരും... അതവിടെയിരിക്കട്ടെ അസീസേ , നീ എന്നെങ്കിലും ബലാല്സംഗം ചെയ്തിട്ടുണ്ടോ ? ആരെയെങ്കിലും?”
രാമചന്ദ്രന്റെ ചോദ്യത്തിനു നേരെ അസീസ് ഇല്ലെന്ന് തലയാട്ടി.എന്നുമാത്രവുമല്ല , ഈ അമ്പത്തിരണ്ടാം വയസ്സുവരെ താനിതുവരെ ഒരു സ്ത്രിയെ അറിഞ്ഞിട്ടുമില്ലല്ലോ എന്ന് അസ്സീസ് ചിന്തിച്ചു. അതുകൊണ്ടുതന്നെയാണ് സഹ അധ്യാപകനായ രാമചന്ദ്രന്റെ കൂടെ ഒരവധിക്കാല സായാഹ്നത്തിന്റെ തണുപ്പില് ഇവിടെ ഊഴം കാത്തിരിക്കേണ്ടി വന്നത്.വൈകുന്നേരം ബാറിന്റെ ഇത്തിരിവെട്ടത്തില് ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോഴാണ് രാമചന്ദ്രന് ഇത്തരമൊരു സ്ഥലത്തെക്കുറിച്ച് പറഞ്ഞത്.
“അസീസ്സേ , എടാ , നമുക്കൊരു സ്ഥലം വരെ പോയാലോ?”
“എങ്ങോട്ടു പോകാന്?”
“നീ വാ... “ ഗ്ലാസിലുണ്ടായിരുന്ന ദ്രാവകം മോന്തി സിഗററ്റു പായ്ക്കറ്റും തീപ്പെട്ടിയും കൈയ്യിലെടുത്തുകൊണ്ട് രാമചന്ദ്രനെഴുന്നേറ്റു.ആ വെപ്രാളം എത്തിനിന്നത് ഇവിടെയാണ്. പുറത്തെ ചൂടില് നിന്നും ഈ ഇരുണ്ട ഇടത്തിലെ തണുപ്പിലേക്ക് വന്നു വീഴുമ്പോഴും അസ്സീസ് വിയര്ക്കുന്നുണ്ടായിരുന്നു. ആ ഇരിപ്പിനിടയിലാണ് നീ ബലാല്സംഗം ചെയ്തിട്ടുണ്ടോയെന്നുള്ള ചോദ്യം.
“ഇല്ല.. എന്നാല് ഞാന് ബലാല്സംഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്.. എന്റെ അമ്മയെ .. അല്ല ഉമ്മയെ...” ലഹരി നുഴയുന്ന ഒരിഴച്ചിലില് അസ്സീസിനെ സ്വരം വല്ലാതെ തണുത്തിരുന്നു
കത്തിക്കാനെടുത്ത സിഗററ്റ് വിരലുകള്ക്കിടയില് തന്നെ പിടിച്ച് രാമചന്ദ്രന് അസ്സീസിനെ നോക്കി.അയാളുടെ കണ്ണുകളില് ഒരന്ധാളിപ്പ് പടര്ന്നിരിക്കുന്നത് അസ്സീസ് വായിച്ചെടുത്തു.
“ എനിക്ക് ബലാല്സംഗമെന്ന് പറയുന്നത് ആഞ്ഞുയരുകയും താഴുകയും ചെയ്യുന്ന രണ്ടു വലിയ കുണ്ടികള്‌ മാത്രമാണ്. അത്രയുമേ ഞാന് കണ്ടിട്ടുള്ളു. അതാകട്ടെ റേഷന് കടക്കാരന് കുഞ്ഞാലിയുടേതായിരുന്നു. അതിനടിയില് ഉമ്മയുടെ അടക്കിപ്പിടിച്ച കരച്ചില് കേള്ക്കാമായിരുന്നു.ഒരഞ്ചുവയസുകാരന് അതൊരു ബലാല്സംഗമായിരുന്നുവെന്നു മനസ്സിലായതുതന്നെ ഒത്തിരിക്കാലത്തിനു ശേഷമാണ്. അന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നാടുവിട്ടുപോയ ഉപ്പാനെ ചീത്തവിളിച്ചും കുഞ്ഞാലിയെ പ്രാകിയും എന്റെ
ഉമ്മ
ഒരു രാത്രി മുഴുവന് ഉറങ്ങാതിരുന്നു.പിറ്റേന്നും അതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും പിറ്റേന്നും പിറ്റേന്നും
ഉമ്മ
എന്നോടു ഒന്നും മിണ്ടിയില്ല.അതിന്റെ പിറ്റേന്നാണെന്ന് തോന്നുന്നു വീടിന്റെ ഏറ്റവും താഴെയുള്ള ഒരുത്തരത്തിന്റെ കഷണത്തില്
ഉമ്മ
തൂങ്ങി നിന്നാടിക്കളിച്ചത്..”
“ശരി വരൂ..” മുന്നിലെ മുറിയുടെ വാതില് തുറന്ന് പുറത്തേക്ക് തലനീട്ടിക്കൊണ്ട് ഒരാള് വിളിച്ചു
ഒത്തിരി നേരത്തിനു ശേഷം പട്ടണത്തിന്റെ ചൂടിലൂടെ മുറിയിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴെല്ലാം രാമചന്ദ്രന് കാറിത്തുപ്പിക്കൊണ്ടിരുന്നു.തുപ്പലിന്റെ ഇടയില് അയാള് പറഞ്ഞു “ ആ പൊലയാടിച്ചിയോട് ഞാന് പറഞ്ഞതാണ് എന്റെ ചുണ്ടില്
ഉമ്മ
വെയ്ക്കുന്നതും ഉറുഞ്ചുന്നതും എനിക്കിഷ്ടമല്ലെന്ന്.... എപ്പോഴാണ് അവളെന്റെ ചുണ്ടുകളെ വായിലാക്കിയതെന്ന് എനിക്കുതന്നെ അറിയില്ല... ത്ഥൂ...” തുടരുന്ന തുപ്പലുകള് വീണ് നഗരം വഴുക്കാന് തുടങ്ങിയിരിക്കുന്നു.
“അല്ലെങ്കില് അസീസേ “ തുപ്പലിന് ശമനമുണ്ടായപ്പോള് രാമചന്ദ്രന് സംസാരിക്കാന് തുടങ്ങി.
“അസീസേ… ചില സംഭവങ്ങളൊക്കെ .. ഏറെകാലത്തിനു ശേഷം ആലോചിക്കുമ്പോള് അസീസേ ... ശരിക്കും രസകരം തന്നെയാണ് .. ഉദാഹരണത്തിന് ഒരിക്കല്” ഏതോ വഴുവഴുപ്പാര്ന്ന സ്പര്ശത്തിന്റെ ഓര്‌മയില് അയാള് നാവ് വായിലൊന്ന് ചുഴറ്റി കൊഴുത്ത ദ്രാവകം പുറത്തേക്ക് ആഞ്ഞു തുപ്പി.. “പൊലയാടിച്ചി... ഞാന് നേരത്തെ പറഞ്ഞതാണ് അവളോട്” ചുണ്ടുകള് പുറംകൈകൊണ്ട് അമര്ത്തിത്തുടച്ചു കൊണ്ട് രാമചന്ദ്രന് തുടര്ന്നു – “അതായത് അസീസേ ജീവിതത്തില് സംഭവിക്കുന്ന എല്ലാം ശരിക്കും രസകരം തന്നെയാണ്. നമ്മള് ഇത്തിരിയൊന്ന് മാറിനിന്ന് നോക്കണമെന്ന് മാത്രം. .... ഞാന് നിനക്കത് വ്യക്തമാക്കിത്തരാം”
അയാള് ഒരു സിഗററ്റിന് തീ കൊളുത്താന് ശ്രമിച്ചുകൊണ്ട് തുടര്ന്നു –“ പണ്ട് ഞാന് കല്ക്കത്തയിലായിരുന്ന സമയം.പണിയൊന്നുമില്ല.രാവിലെ മുതല് വൈകുന്നേരം വരെ തെരുവിലങ്ങനെ അലയും. അത്തരമൊരു അലച്ചിലിന്റെ ദിവസത്തിലാണ് ഞാനാ മാജിക്കുകാരനെ കണ്ടെത്തിയത്.ശരീരം മുഴുവന് ചങ്ങലക്കിട്ടു പൂട്ടി ഒരു പെട്ടിയിലിട്ട് അടച്ച് ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക് നിക്ഷേപിക്കുക. നിഷ്പ്രയാസം മുപ്പതു നിമിഷങ്ങള്ക്കകം അയാള് കാണികളുടെ ഇടയില് നിന്നും വേദിയിലേക്കെത്തും ഇതായിരുന്നു അയാളുടെ മാജിക്ക്. മാജിക് തുടങ്ങി. കാണികളില് നിന്നും ആളുകളെ വിളിച്ചായിരുന്നു താഴുകള് പൂട്ടിയിരുന്നത്. അങ്ങനെ വിളിക്കപ്പെട്ടവരില് ഒരാള് ഞാനായിരുന്നു. പത്തോ മുപ്പതോ പൂട്ടുകളുണ്ടായിരുന്നു. എന്റെ ഊഴമെത്തി ഞാന് പൂട്ടേണ്ട ചങ്ങലക്കണ്ണികള് അയാളുടെ സഹായിയായ പെണ്കുട്ടി എന്നെ ഏല്പിച്ചു. അടുത്തയാളെ വിളിക്കാനായി അവള് തിരിഞ്ഞു. ആ സമയം എന്റെ കൈയ്യിലെ ചങ്ങലയെ മറ്റൊരു കണ്ണിയുമായി ബന്ധിപ്പിക്കാനാണ് തോന്നിയത്. പെണ്കുട്ടി എന്റെ കൈയ്യിലേല്പിച്ച ചങ്ങലയെവിട്ട ഞാന്‌ വേറൊന്ന് പിടിച്ചു പൂട്ടി. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ മാറിനിന്നു.. ചങ്ങല കൊണ്ട് വരിഞ്ഞു കെട്ടിയ അയാളെ മറ്റൊരു പെട്ടിയിലിട്ട് വീണ്ടും പൂട്ടി. ഉയരത്തില് കെട്ടി നിറുത്തിയ കപ്പിയുടെ സഹായത്തോടെ ആ പെട്ടി ഉയര്ത്തി ആളിക്കത്തിക്കൊണ്ടിരുന്ന തീയിലേക്ക് നിക്ഷേപിച്ചു. നേരത്തെ പ്രഖ്യാപിച്ചതുപോലെ മുപ്പതു നിമിഷങ്ങള് കഴിഞ്ഞു. മജീഷ്യന് എത്തിയില്ല. മുപ്പതു മിനുട്ട് കഴിഞ്ഞിട്ടും വന്നില്ല.. പൊടുന്നനെ അയാളുടെ സഹായിയായ പെണ്കുട്ടി അലറിക്കരയാന് തുടങ്ങിയപ്പോള് അവിടെ കൂടിയിരുന്നവരെല്ലാം കൂടി തീയണച്ചു പെട്ടി പുറത്തെടുത്തു തുറന്നു നോക്കി. അതിനുള്ളില് ശരീരമാസകലം ചങ്ങലയില് വരിഞ്ഞുമുറുക്കിയ മജീഷ്യന് ഉരുകിക്കിടന്നു...”
അസീസ് നടപ്പു നിറുത്തി തിരിഞ്ഞു നിന്നു. രാമചന്ദ്രനെ നോക്കി.അയാളുടെ കൈ ഉയര്ന്നു താണു. പ്രഹരത്തിന്റെ ശേഷിയില് രാമചന്ദ്രനൊന്നുലഞ്ഞു. നിലത്തേക്കൂ കൂപ്പുകുത്തി.
“ആ പെണ്കുട്ടിയെ കരയിപ്പിച്ചതിന്...” അസ്സീസ് പിറുപിറുത്തു.

മനോജ് പട്ടേട്ട്
19-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1