#ദിനസരികള്‍ 1282 തിരിച്ചെത്തുന്ന ഉമ്മന്‍ ചാണ്ടി

 

അങ്ങനെ ചക്രം വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ കൈകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ ഇലക്ഷനിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് ഒഴിഞ്ഞു മാറി നിന്ന മഹാനുഭാവനാണ് അഞ്ചുവര്‍ഷത്തിനു ശേഷം മറ്റൊരു തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരിക്കുന്ന സന്ദര്‍ഭത്തില്‍ വീണ്ടും ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.തിരഞ്ഞെടുപ്പ് മേല്‍ നോട്ടത്തിനെന്ന പേരില്‍ ഒരു കഷായ സമതിയുണ്ടാക്കി അതിന്റെ ചെയര്‍മാനായിട്ടാണ് ഉമ്മന്‍ ചാണ്ടി തിരിച്ചെത്തുന്നത്. ഫലത്തില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിനെ കേരളത്തിലെ ജനതയ്ക്ക് വിശ്വാസമില്ലെന്നും യു ഡി എഫിനെ രക്ഷിക്കാന്‍‌ ഉമ്മന്‍ ചാണ്ടിക്കു മാത്രമേ കഴിയൂവെന്നുമാണ് ഹൈക്കമാന്റ് മുന്‍‌‌കൈയ്യെടുത്ത് നടത്തിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന സമിതിയുടെ രൂപീകരണത്തിന് പിന്നിലുള്ളത്. രമേശ് ചെന്നിത്തലയ്ക്ക് ജനങ്ങളുടെ ഇടയില്‍ സ്ഥാനമില്ലെന്ന വാദം ശരിയായിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയാണ് പകരക്കാരന്‍ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ചിന്തിക്കുന്നുവെങ്കില്‍ കേരളത്തെക്കുറിച്ച് അക്കൂട്ടര്‍ക്ക് എത്ര ദയനീയമായ ധാരണകളാണ് നിലവിലുള്ളതെന്ന് ഒന്നാലോചിച്ചു നോക്കുക.

            ഇവിടെ നാം ആലോചിക്കേണ്ട ഒരു കാര്യം എത്ര സമര്‍ത്ഥമായാണ് ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കുന്നതെന്നാണ് ! മുഖ്യമന്ത്രിയായിരുന്ന അഞ്ചുകൊല്ലക്കാലത്തെ അഴിഞ്ഞാട്ടത്തിനു ശേഷം , അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഒരു നെറി കെട്ട ഭരണകാലത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആത്മാഭിമാനമുള്ള പൊതുജനം അദ്ദേഹത്തെ നിഷ്കരുണം എഴുതിത്തള്ളിയതാണ്. മുഖ്യമന്ത്രി മാത്രമല്ല , അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എല്ലാവരും തന്നെ കളങ്കിതരാണെന്ന് ജനം വിശ്വസിച്ചു. സോളാര്‍ കേസ് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായി മാറി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാപവാദമടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. അന്വേഷണ കമ്മീഷന്റെ മുമ്പാകെ പന്ത്രണ്ടു മണിക്കൂറോളം ഒടിഞ്ഞു കുത്തിയിരുന്നു കൊടുക്കേണ്ടിവന്ന കേരളത്തിന്റെ മുഖ്യമന്ത്രിയേയും നാം കണ്ടു. ജനസമ്പര്‍ക്കമെന്ന പേരില്‍ നടത്തിയ നീക്കങ്ങളുടെ പൊളളത്തരവും ജനം തിരിച്ചറിഞ്ഞതോടെ ഉമ്മന്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനായി.

            ഇലക്ഷനുശേഷം കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനില്ക്കാനുള്ള തീരുമാനം തീരുമാനം കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തോടുള്ള സ്നേഹം കൊണ്ടോ ജനാധിപത്യത്തോടുള്ള പ്രതിപത്തികൊണ്ടോ അല്ല മറിച്ച് തല്ക്ലാലം മാറി നിന്നു കഴിഞ്ഞാല്‍ സ്വന്തം മുഖം രക്ഷിക്കാന്‍ കഴിയുമെന്ന കുടിലതന്ത്രത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ആ തന്ത്രം ഒരു പരിധിവരെ ഫലിച്ചുവെന്നു വേണം വിലയിരുത്താന്‍. കുറ്റമേറ്റെടുത്ത് മാറി നിന്നതോടെ വിമര്‍ശകര്‍ അടങ്ങി.പകരം വന്ന രമേശ് ചെന്നിത്തലയാകട്ടെ കുറഞ്ഞ കാലം കൊണ്ടുതന്നെ തന്റെ പ്രാപ്തിയില്ലായ്മ തെളിയിച്ചപ്പോള്‍ വളരെ സമര്‍ത്ഥമായി കരുക്കള്‍ നീക്കി ഉമ്മന്‍ ചാണ്ടി വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വന്നു.കരുണാകരനെ വെട്ടിനിലംപരിശാക്കിയ കൌശലക്കാരന് രമേശ് ചെന്നിത്തലയൊക്കെ ഒരു എതിരാളിയേയല്ലല്ലോ.

          എന്‍ എസ് എസ് എന്ന പിടിവള്ളി മാത്രം കൈമുതലായുള്ള രമേശിന് എത്രമാത്രം ഉമ്മന്‍ ചാണ്ടിയുടെ കളികളെ പ്രതിരോധിക്കാനാകും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കേരളം കാത്തിരിക്കുന്നത്.അടുത്ത അഞ്ചുകൊല്ലത്തെ പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള എ , ഐ നീക്കങ്ങളില്‍ നാം ഇനി കാണാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ അവസാന നാളുകളെയാണ് എന്നതാണ് വസ്തുത.


മനോജ് പട്ടേട്ട്

20-01-2020

         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1