#ദിനസരികള്‍ 1284 - സി എ ജിക്കെതിരെ ചരിത്രപരമായ മുന്നറിയിപ്പ്

 

സി എ ജിയുടെ കിഫ്ബി റിപ്പോര്‍ട്ടിനെ മുന്‍നിറുത്തി നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുക എന്നത് പ്രതിപക്ഷനേതൃനിരയിലെ ആരുടെ ബുദ്ധിയായിരുന്നു ? എന്തായാലും അങ്ങനെ ചിന്തിക്കാന്‍ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് ആ പ്രതിപക്ഷാംഗം സ്വന്തം തലതല്ലിയിരിക്കുന്നുണ്ടാകുമെന്നുറപ്പാണ്. സി എ ജിയുടെ വക കിഫ്ബിയിലേക്ക് നടന്ന 'രാഷ്ട്രീയ കൈയേറ്റത്തെ' തുറന്നു കാണിക്കാനും ഭരണഘടനാവിരുദ്ധയ അത്തരംനീക്കങ്ങള്‍‌ക്കെതിരെ ഭരണപക്ഷത്തിന് ശക്തമായി പ്രതിഷേധിക്കാനും ആ പ്രമേയം വഴിയൊരുക്കി. അതുകൊണ്ടാകണം ദേശാഭിമാനി ഇന്നത്തെ മുഖപ്രസംഗം , ആ ബുദ്ധിക്കു നന്ദി പറഞ്ഞുകൊണ്ടുതന്നെ ആരംഭിച്ചത്. ദേശാഭിമാനി എഴുതുന്നു - "യഥാർഥത്തിൽ പ്രതിപക്ഷത്തിന് കേരളം നന്ദി പറയണം. കിഫ്ബി എന്ന സംവിധാനത്തെപ്പറ്റി പലരീതിയിൽ ഏറെക്കാലമായി അവർതന്നെ പരത്തിയ പുകമറ  നീക്കാൻ സ്വയം അവസരമൊരുക്കിയതിന്. കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ മുൻനിർത്തി നിയമസഭയിൽ ബുധനാഴ്ച നടന്ന അടിയന്തരപ്രമേയ ചർച്ചാ വിഷയത്തിലെ എല്ലാ അവ്യക്തതയും നീക്കാൻ സർക്കാരിനും ഭരണമുന്നണിക്കും അവസരം നൽകി. ഒപ്പം,  ബിജെപിയുടെ സഹായത്തോടെ  സംസ്ഥാനത്തിന്റെ മികവാർന്ന വികസന പരീക്ഷണങ്ങളെ തകർക്കാൻ യുഡിഎഫ് നടത്തുന്ന ശ്രമങ്ങളും സഭയിൽ തുറന്നുകാട്ടപ്പെട്ടു."

            പ്രസ്തുത പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് സി എ ജി , അനാവശ്യമായ ധൃതികാണിച്ച് പ്രതിപക്ഷത്തിന് ആയുധങ്ങള്‍ സമ്മനിക്കുന്നതിനു വേണ്ടി സംസ്ഥാനങ്ങള്‍ക്കുള്ള ഭരണഘടനാ പരമായ അവകാശങ്ങള്‍ക്കുമുകളില്‍ കുതിരകയറുകയാണെന്ന് അടിവരയിടുന്നു. എന്നു മാത്രവുമല്ല സ്വഭാവിക നീതിയുടെ നിഷേധമാണ് ഇത്തരം നീക്കങ്ങള്‍ കാരണമുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  സി എ ജിക്കെതിരെ ഇത്തരം ഒരു പ്രമേയം നിയമസഭയില്‍ കൊണ്ടുവരാന്‍ അവസരമൊരുക്കിയ പ്രതിപക്ഷത്തിന് നന്ദി പറയുക. മുഖ്യമന്ത്രി അവതരിപ്പിച്ച ചരിത്രപരമായ പ്രമേയത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു :-  സി&എജി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചിലവുകളുടെയും വരുമാനത്തിന്റെയും ആഡിറ്റ് നടത്തുന്ന ഭരണഘടനാ സ്ഥാപനമാണ്. ഈ ആഡിറ്റ് നടത്തുന്നതിന് നിയമവും കീഴ്‌വഴക്കവും ചട്ടവും നിലവിലുണ്ട്. കാലങ്ങളായി നിലവിലുള്ള നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം മറികടന്നാല്‍ എന്താണ് ഉണ്ടാവുക.?

സി&എജി ആഡിറ്റ് നടത്തുമ്പോള്‍ കരട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിന് നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്യുന്ന രീതിയുണ്ട്. അതിനുശേഷം ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് ഭരണഘടനാ സ്ഥാപനമായ സി&എജിയുടെ ഒപ്പോടുകൂടി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു.

ഇവിടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ചില ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ബാധിക്കപ്പെടുന്ന ആളിന്റെ/സ്ഥാപനത്തിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് സ്വാഭാവിക നീതി അഥവാ natural justice ന്റെ പ്രാഥമിക തത്വം. ഇത് ലംഘിക്കപ്പെട്ടതിനാല്‍ സി&എജി റിപ്പോര്‍ട്ടിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.

ഈ തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചു പോയാല്‍ എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മില്‍ നിലവിലുള്ള checks and balances അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നു എന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. അതിനാലാണ് ഈ പ്രമേയം.

            മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിക്കുകയും സി എ ജിയുടെ ഇടപെടലുകളില്‍ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തത് , കേവലം രാഷ്ട്രീയ വിജയം മാത്രമായിട്ടല്ല മറിച്ച് , സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളിലേക്ക് കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ പ്രവണതകള്‍‌ക്കെതിരെയുള്ള മുന്നറിയിപ്പു കൂടിയായിട്ടു കൂടി നാം വിലയിരുത്തേണ്ടതുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളെ അടിയറവ് വെച്ചുകൊണ്ട് കേവലം വിധേയരാകാനുമില്ല എന്ന ആര്‍ജ്ജവമുള്ള നിലപാടിന്റെ കൂടി ഫലമാണ ഈ പ്രമേയം എന്ന് പറയാതെ വയ്യ


മനോജ് പട്ടേട്ട്

22-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1