#ദിനസരികള്‍ 1230 - ശശി തരൂരും കോണ്‌ഗ്രസും

 



 

            ശശി തരൂരിനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ ഒരു തരം അപകര്‍‌ഷതയില്‍ നിന്നും ഉടലെടുക്കുന്ന അസൂയയാണ് പലപ്പോഴും മുന്നിട്ടു നില്ക്കുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്.തരൂരിന്റെ മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്ന ചിന്ത അദ്ദേഹത്തിനെതിരെയ ഓരോ അവസരത്തിലുമുണ്ടാകുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളു. കൊടിക്കുന്നില്‍ സുരേഷിന്റെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗത്തിലും കെ മുരളീധരന്റെ വിശ്വപൌരന്‍ പ്രയോഗത്തിലും ഞാന്‍ പറയുന്നത് സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താനാകും.

 

          നേതൃമാത്രം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരുപത്തിമൂന്നോളം നേതാക്കള്‍ എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ചത് പുറത്തു വന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടത്.രാഹുലിനോടും സോണിയയോടുമുള്ള വിധേയത്വം അരക്കിട്ടുറപ്പിക്കാനുള്ള ഒരവസരമായി കൊട്ടാരം വിപ്ലവകാരികള്‍ ഈ കത്തിനെ കണ്ടു. അതുകൊണ്ടുതന്നെ കത്ത് ചര്‍ച്ച ചെയ്യുന്ന ഗുണപരമായ കാര്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഗാന്ധികുടുംബത്തിനെതിരെ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതായി വരുത്തിത്തീര്‍ക്കാനാണ് അക്കൂട്ടര്‍ കിണഞ്ഞു പരിശ്രമിച്ചത്.അതിന്റെ ഭാഗമായാണ് ശശി തരൂരിനേയും ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറിയത്.

 

          കത്തെഴുതിയവര്‍ ചിന്തിച്ചത് വളരെ വിശാലമായ അര്‍ത്ഥത്തിലാണ്. അതൊരിക്കലും കോണ്‍ഗ്രസിനെ ഏതെങ്കിലും വിധത്തില്‍ ദുര്‍ബലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടിയോ രാഹുലിനോ സോണിയയ്ക്കോ എതിരായിട്ടാണെന്നോ ഞാന്‍ കരുതുന്നില്ല.ദേശീയ സമര മുന്നേറ്റങ്ങളില്‍ നെടുനായകത്വം വഹിച്ച കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല പതനത്തില്‍ വേദനിക്കുന്നവരും ആത്മാര്‍ത്ഥമായി പ്രതിവിധി തേടുന്നവരുമാണ് കത്തെഴുതിയ നേതാക്കന്മാര്‍. എന്നാല്‍ അവരുന്നയിച്ച നിര്‍‌ദ്ദേശങ്ങളെ ആക്ഷേരപിച്ചുകൊണ്ടും തള്ളിക്കളഞ്ഞുകൊണ്ടും സ്തുതിപാഠകരായ ഒരു പറ്റം ഭിക്ഷാംദേഹികള്‍ സോണിയക്കു ചുറ്റും ആര്‍പ്പോ വിളിച്ച് വലതു വെച്ചു കീജെ വിളിച്ചു.വലിയൊരു പരിധിയോളം സോണിയ ആ ജയ് വിളികളില്‍ മയങ്ങിപ്പോയി എന്നാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായ നടപടികള്‍ വിലയിരുത്തുമ്പോള്‍ നമുക്കും തോന്നുക.

 

          കോണ്‍ഗ്രസിന്റെ പ്രസക്തി അവര്‍‌ക്കെങ്കിലും ഏറ്റവും ശക്തമായി ബോധ്യപ്പെടേണ്ടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്.ഒരു ക്രിയാത്മക പ്രതിപക്ഷമാകാനോ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനോ ഏകദേശം ഒന്ന നൂറ്റാണ്ടുകാലത്തിന്റെ അനുഭവ സമ്പത്തുള്ള ആ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്.രോഗഗ്രസ്തവും ദുര്‍ബലവുമായ ഈ ശരീരവും കൊണ്ട് ഇനിയൊരു തിരഞ്ഞെടുപ്പില്‍ എഴുന്നേറ്റു നില്ക്കാന്‍ പോലുമാകില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ നേതൃമാറ്റം ,സംഘടനാ തെരഞ്ഞെടുപ്പ് എന്നീ രണ്ട് ആവശ്യങ്ങളെ അതീവ ഗൌരവത്തോടെ നേതൃത്വം ചര്‍‌‌ച്ചക്കെടുക്കേണ്ടതുണ്ട്.

 

          നേതൃമാറ്റം എന്നു കേള്‍ക്കുമ്പോള്‍ രാഹുലിനേയും സോണിയയേയും ഒഴിവാക്കുന്നതിനുള്ള എന്നല്ല ആലോചിക്കേണ്ടത്.മറിച്ച് അവര്‍ രണ്ടുപേരും സ്വയം ഒഴിഞ്ഞു നില്ക്കുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ മറ്റൊരാളെ കണ്ടെത്തുക എന്നതാണ്. ലോകസഭാ ഇലക്ഷനു ശേഷം സോണിയാ ഗാന്ധി രാഹുലിന്റെ ഒഴിവില്‍ താല്ക്കാലിക പ്രസിഡന്റായിട്ടാണ് തുടരുന്നതെന്ന് ഓര്‍ക്കുക. തിരിച്ച് രാഹുല്‍ വരുന്നതിന് ആരും തന്നെ എതിര്‍ക്കുന്നില്ലെങ്കിലും അദ്ദേഹം അതിനു തയ്യാറാകാത്തിടത്തോളം കാലം അനിശ്ചിതമായി നീട്ടുകയെന്നത് സംഘടനക്ക് ഭൂഷണമാകില്ല. രാഹുലിന്റെ മനം മാറ്റവും നേതൃത്വത്തിലേക്കുള്ള തിരിച്ചു വരവും പ്രതീക്ഷിച്ച് അനന്തകാലത്തോളം കാത്തിരിക്കുകയെന്നതും ആത്മഹത്യാപരമാണ്. അധ്യക്ഷപദവി  ഒഴിഞ്ഞതിനു ശേഷം വീണ്ടും സോണിയയെത്തന്നെ താല്ക്കാലികമായി അവരോധിക്കുക എന്ന ഗതികേടിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്.

 

          അതോടൊപ്പംതന്നെ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം നാം ആദ്യം ചര്‍ച്ച ചെയ്ത വിഷയത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇപ്പോള്‍ വിവിധ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട് അധികാരത്തിലിരിക്കുന്ന പലര്‍ക്കും ജനങ്ങളുമായോ അവരുടെ പ്രശ്നങ്ങളുമായ നേരിട്ട് ബന്ധമില്ലാത്തവരാണ്. നേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള പ്രാപ്തി മാത്രമാണ് അവരെ ആ സ്ഥാനത്തേക്ക് എത്തിച്ചത്. എ ഐ സി സി വര്‍ക്കിംഗ് കമ്മറ്റിയില്‍ പോലും അത്തരക്കാര്‍ നിറഞ്ഞിരിക്കുന്നു. ഈ ദുസ്ഥിതി മാറണം. പുകഴ്ത്തിപ്പാടാനുള്ള ശേഷിയാണ് നേതൃഗുണമെന്ന് ചിന്തിക്കരുത്. ജനങ്ങളുടെയിടയില്‍ കുറച്ചെങ്കിലും പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ കണ്ടെത്തണമെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടക്കണം. ബുത്തുതലം മുതല്‍ എ ഐ സി സി വരെ തിരഞ്ഞടുപ്പുകള്‍ നടന്നാല്‍ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ കണ്ടെത്താനും താല്ക്കാലിക ലാഭത്തിനു വേണ്ടി അടുത്തു കൂടിയവരെ അകറ്റി നിറുത്താനും കഴിയും. അതുവഴി അത് ആ പ്രസ്ഥാനത്തിന്റെ ഉള്ളുറപ്പ് വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് എല്ലാവരും അംഗീകരിക്കുന്ന ഒരു നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധിക്ക് നിര്‍ണായകമായ പങ്കു വഹിക്കാനുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന് അവര്‍ നേതൃത്വം കൊടുക്കണം. ഒരാറുമാസക്കാലത്തേക്ക് മറ്റെല്ലാം മറന്ന് സംഘടനയെ ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പുകള്‍ നടത്താനും അവര്‍ കച്ചകെട്ടിയിറങ്ങണം. എങ്കില്‍ കോണ്‍ഗ്രസിന് ഇനിയും ഒരങ്കത്തിനുള്ള ബാല്യം തിരിച്ചു കിട്ടുക തന്നെ ചെയ്യും.അതുകൊണ്ട് തരൂരിനെ വെറുതെ തെറി പറഞ്ഞ് പൊതുജനമധ്യത്തില്‍ സ്വയം അപഹാസ്യരാകാതെ അദ്ദേഹം പറഞ്ഞതെന്താണെന്ന് ആഴത്തില്‍ ചിന്തിക്കുകയാണ് കോണ്‍ഗ്രസിന്റെ നന്മ കാംക്ഷിക്കുന്നവര്‍ ചെയ്യേണ്ടത്.

 

          തീവ്രഹിന്ദുത്വയുടെ കാലത്ത് കോണ്‍ഗ്രസിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഈ കുറിപ്പ്. അല്ലാതെ അവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് എല്ലാമായി എന്നൊന്നും ഇതെഴുതുന്നയാള്‍ ചിന്തിക്കുന്നില്ല.മറിച്ച് മറ്റാരു വന്നാലും ആറെസ്സെസ്സിന് ഇനി ഇന്ത്യയില്‍ ഒരവസരം കിട്ടരുത് എന്നുമാത്രമേയുള്ളു.

 

മനോജ് പട്ടേട്ട് || 20 ആഗസ്ത് 30 , 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം