#ദിനസരികള് 1226 - മതങ്ങളുടെ കടന്നു കയറ്റങ്ങള്‍

 

         

            അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലമാണ്. അതില്‍ നിന്നും  പൊതു ആവശ്യത്തിന് കുറച്ച് വേണം. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും മതമേലധികാരികളെ കണ്ടു.ആവശ്യമുന്നയിച്ചു.ചര്‍ച്ച നടത്തി. സ്വത്തു വിട്ടുതരില്ല.കാലങ്ങളായി കൈവശം വെച്ചിരിക്കുന്നതാണ്.അതില്‍ നാട്ടുകാര്‍‌ക്കോ സര്‍ക്കാറിനോ അവകാശമൊന്നുമില്ല. അതുകൊണ്ടുതന്നെ വിട്ടുതരാന്‍ ബുദ്ധിമുട്ടാണ്.മതക്കാര്‍ നയം വ്യക്തമാക്കി. തര്‍ക്കം മുറുകി. സര്‍ക്കാര്‍ പിടിമുറുക്കുമെന്നായപ്പോള്‍ പൊട്ടിമുളച്ചതുപോലെ ഒറ്റ രാത്രി കൊണ്ട് ആ സ്ഥലത്ത് ഒരു ചെറിയ ആരാധന കേന്ദ്രം ഉയര്‍ന്നു.വിഷയം സങ്കീര്‍ണമായി . ആരാധനാ കേന്ദ്രം പൊളിച്ചു നീക്കുകയെന്നത് ഒന്നുകൂടി വിഷയത്തെ സങ്കീര്‍ണമാക്കുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചു.പതിയെ ആവശ്യത്തിന്റെ തീവ്രത ഇല്ലാതായി.കൊല്ലങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ആ വിഷയം തന്നെ ആരും ഓര്‍ക്കാതായി.പൊതുസ്ഥലത്ത് മുളച്ചു പൊന്തിയ ദേവപ്രതിഷ്ഠയും കാണിക്ക വഞ്ചിയും ഇപ്പോഴും ഭക്തരില്‍ നിന്നും ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിച്ച് ആനന്ദിച്ച് ജീവിക്കുന്നു.

          മറ്റൊരു കാലം, മറ്റൊരു സ്ഥലം. ആവശ്യക്കാര്‍ പുതിയൊരു ദേവാലയം കെട്ടുകയാണ്.സംഭവം റോഡുവക്കില്‍ തന്നെയാണ്. പഴയതും റോഡുവക്കിലാണ്. അതു പൊളിച്ചു കളഞ്ഞാണ് പുതിയത് കെട്ടുന്നത്. പ്രാധാന്യമുള്ള റോഡാണ്. നിരന്തരം നിരവധി വാഹനങ്ങള്‍ ആശ്രയിക്കുന്ന തിരക്കുള്ള ഹൈവേയാണ്. അതിനു വക്കില്‍ റോഡില്‍ നിന്നും അരയടി പോലും വിട്ടുമാറാതെ പുതിയ ഭീമാകാരമായ കെട്ടിടം നോക്കി നില്ക്കേ ഉയര്‍ന്നു വന്നു. ആരും കണ്ടതായി ഭാവിച്ചില്ല.കണ്ടാല്‍തന്നെ മറ്റേയാള്‍ പറയട്ടെ എന്നു ചിന്തിച്ചു കാത്തിരുന്നു. ആരും പറഞ്ഞില്ല. നാലു നിലകെട്ടിടം ഇപ്പോള്‍ റോഡിനോടു ചേര്‍ന്ന് നിര്‍മ്മിച്ച മതിലുപോലെ ഉയര്‍ന്നു നില്ക്കുന്നു.

          ഇത്തരത്തിലുള്ള സംഭവങ്ങള്‍ എത്രയോ ഉണ്ട്. ഒരു നാല്ക്കവലയുണ്ടെങ്കില്‍ അവിടെ , റോഡിലേക്ക് ഇറക്കി പണിയാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അവിടെ , ഒക്കെയും മതങ്ങള്‍ തങ്ങളുടെ അടയാളങ്ങള്‍ പതിക്കുന്നു, കടന്നു കയറ്റം നടത്തുന്നു. നാം വിദഗ്ദമായി കണ്ണടയ്ക്കുന്നു. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചുവോ ? ഇവിടെ പറഞ്ഞ ദേവാലയങ്ങള്‍ അതേപടി അതാതു സ്ഥലങ്ങളില്‍ ഇപ്പോഴും സംസാരിക്കുന്ന തെളിവുകളായി നില്ക്കുന്നുണ്ട്. എന്നാല്‍ ഞാനാകട്ടെ അത് ഏതു മതത്തിന്റേതാണെന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ല. കാരണം എന്തിനാണ് വെറുതെ വിരോധം വലിച്ചു വെയ്ക്കുന്നത് എന്നാണ് ഞാനും ചിന്തിക്കുന്നത്.ഈ ഭയം ഒരു മതേതര സമൂഹത്തിന്റെ നിലനില്പിന് തന്നെ ഹാനികരമാകുന്നു. പൊതു ഇടങ്ങളില്‍ നിന്നും മതങ്ങളെ ഇറക്കിവിടേണ്ട ഘട്ടം എന്നേ സമാഗതമായതാണ്. എന്നാല്‍ നാം പല കാരണങ്ങളാലും കൂടുതല്‍ കൂടുതലായി അവരെ പ്രീണിപ്പിച്ച് അടുത്തുനിറുത്തി. ഇപ്പോഴാകട്ടെ ഇറക്കിവിട്ടാലും പോകാത്ത അവസ്ഥയുമായി.

          ഇനിയെങ്കിലും മതങ്ങളുടെ കടന്നു കയറ്റങ്ങളെ ഒഴിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നാം നടത്തേണ്ടതുണ്ട്.

 

 മനോജ് പട്ടേട്ട് || 20 ആഗസ്ത് 26 , 07.30 AM ||

 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1