#ദിനസരികള്‍ 1225 ചോദ്യോത്തരങ്ങള്‍

 

ചോദ്യം :- കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനേയും ഇന്നത്തെ എല്‍ ഡി എഫ് സര്‍‌ക്കാറിനേയും കഴിയുന്നത്ര കുറഞ്ഞ വാക്കില്‍ വിലയിരുത്താമോ ?

ഉത്തരം :- കേരളത്തിനു വേണ്ടി നാലുമണിക്കൂര്‍ സമയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിയമസഭയില്‍ നിന്നത്. സരിത ഉന്നയിച്ച ലൈംഗികാപവാദ കേസിനു വേണ്ടി പതിന്നാലു മണിക്കൂറാണ് മുന്‍‌മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂഡീഷ്യല്‍ കമ്മീഷന്റെ മുമ്പില്‍ നിന്നത്. യു ഡി എഫിന്റേയും എല്‍ ഡി എഫിന്റേയും സര്‍ക്കാറുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ഈയൊരൊറ്റ താരതമ്യം തന്നെ മതിയെന്നാണ് എനിക്കു തോന്നുന്നത്.

 

ചോദ്യം :- പരജയപ്പെട്ട അവിശ്വാസ പ്രമേയത്തെക്കുറിച്ച് പറയൂ?

ഉത്തരം :- അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും അതിന്റെ സത്തയില്‍ പരാജയപ്പെടുകയല്ല ചെയ്തത് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം കുറച്ചു കാലമായി ഇടതു സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്ന നുണ പ്രചാരണങ്ങളെല്ലാം തന്നെ വസ്തുതകളെ മുന്‍നിറുത്തി പരിശോധിക്കാനും വാസ്തവമെന്തെന്ന് ജനതയുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇടതുപക്ഷത്തിന് സൃഷ്ടിച്ചു കൊടുത്തത്. അത് അസ്സലായി ഉപയോഗിക്കുകയും ചെയ്തു. അടുത്തു വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയേണ്ടിവരില്ല. മറിച്ച് സ്വരാജിനെപ്പോലെയുള്ളവര്‍ നടത്തിയ പ്രസംഗം ഒന്നു കേള്‍പ്പിച്ചു കൊടുത്താല്‍  മാത്രം മതിയാകും. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍‌ക്കുള്ള ഉത്തരം എണ്ണിയെണ്ണിപ്പറഞ്ഞ പിണറായി വിജയന്‍ അവസനമായി കഴിഞ്ഞ നാലുകൊല്ലക്കാലത്തെ ഇടതു സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ നാലുകൊല്ലക്കാലം കൊണ്ട് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്ര കണ്ടു നടപ്പിലാക്കിയെന്ന് ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നു. ഇതിനെല്ലാം തന്നെ ഒരവസരം ലഭിച്ചത് ഇത്തരത്തിലൊരു അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടു വന്നതുകൊണ്ടാണ്. അതുകൊണ്ട് ഇടതുപക്ഷം പ്രതിപക്ഷത്തോടു നന്ദി പറയുക.

 

ചോദ്യം :- പ്രതിപക്ഷത്തോട് വല്ലതും ?

ഉത്തരം : സര്‍വ്വകലാശാലകളില്‍ കുട്ടികള്‍ കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് പരാതി പറഞ്ഞ ഗുരുവായൂരപ്പനോട് അവര്‍ പിള്ളേരല്ലേ ഗുരുവായൂരപ്പാ എന്ന് ഒ വി വിജയന്റെ പി കെ മറിയാമ്മ ചോദിച്ച ചോദ്യമാണ് ഓര്‍മ്മ വരുന്നത്. അതേ ഉത്തരവും. അവര്‍ പിള്ളാരല്ലേ ? കളിക്കട്ടെ.

 

 

മനോജ് പട്ടേട്ട് || 20 ആഗസ്ത് 25 , 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം