#ദിനസരികള്‍ 1224 - ആറെസ്സെസ്സിനെ പ്രതിരോധിക്കാന്‍ പുതുവഴികളാണ് വേണ്ടത്

 


 

            ഡോക്ടര്‍ കെ എന്‍ പണിക്കര്‍ 2019 ല്‍ നല്കിയ ഒരു  അഭിമുഖത്തില്‍ പറയുന്നു :-“ ഫാഷിസം നിലനില്ക്കണമെങ്കില്‍ യുക്തിബോധം തകരണം.ജനം ബുദ്ധി ഉപയോഗിക്കരുത്.അന്ധവിശ്വാസങ്ങളിലേക്ക് അവരെ തള്ളിവിടുന്നത് അതിന്റെ ഭാഗമാണ്.ചിന്തിക്കാത്ത ജനസഞ്ചയമാണ് ലക്ഷ്യം.വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലുമെല്ലാം കൈകടത്തുന്നത് ആ അജണ്ടയുടെ ഭാഗമാണ്.പഠനത്തില്‍ ഹിന്ദുത്വ ശക്തികള്‍ കൈകടത്തുവാന്‍ തുടങ്ങിയ കാലംമുതല്‍ ചരിത്രകാരന്മാര്‍ പ്രതിഷേധിച്ചിട്ടുണ്ട്.പാഠപുസ്തകങ്ങളിലേക്ക് വര്‍ഗ്ഗീയ അജണ്ടകള്‍ കടന്നു ചെല്ലാന്‍ തുടങ്ങുന്നത് പീന്നീടാണ്. ഇന്ന് പ്രധാനപ്പെട്ട ചരിത്രസ്ഥാപനങ്ങളിലെല്ലാം ആര്‍ എസ് എസ് നോമിനികള്‍ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ചരിത്രം മാറ്റിയെഴുതുക എന്നതാണ് അവരുടെ ലക്ഷ്യംചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെഴുതുക എന്ന ആര്‍ എസ് എസിന്റെ ഉദ്ദേശത്തിന് ഒരു നൂറ്റാണ്ടുകാലത്തോളം പഴക്കമുണ്ട് എന്നു നമുക്കറിയാം.ഹിന്ദുത്വ അജണ്ടകള്‍ക്ക് അനുകൂലമായി അവര്‍ പുതിയ ചരിത്രങ്ങളെ ആരചിക്കുന്നു. രാമായണ മഹാഭാരതാദി ഇതിഹാസങ്ങളെ ചരിത്രമായി കാണുന്ന രീതി വ്യാപകമായി സ്വീകരിക്കപ്പെടുന്നത് അത്തരമൊരു ഉദ്ദേശത്തോടെയാണ്. വസ്തുതകളെക്കാള്‍ കഥകള്‍ ചരിത്രമാകുന്നു.

 

ഏറ്റവും അപകടമായ കാര്യം ചിന്താശേഷിയില്ലാത്ത , അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ പിന്‍പറ്റുന്ന ജനതയെക്കൂടി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ്. കേന്ദ്രകാബിനറ്റ് മന്ത്രിമാരടക്കമുള്ള ആര്‍ എസ് എസ് ബി ജെ പി  നേതാക്കന്മാര്‍ കോവിഡുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ നോക്കുക. വസ്തുതകളുമായി ഒരു ബന്ധവുമില്ലെങ്കിലും ആ പ്രസ്താവനകളെ സ്വീകരിക്കാനും അനുസരിക്കാനും അനുയായികളുണ്ട് എന്ന കാര്യം നാം നേരിട്ടു കണ്ടതാണ്. ചാണകത്തില്‍ കിടന്നുരുളുന്നതിന്റേയും ജാഥയായി പാത്രം മുട്ടി കൊറോണയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ അതിന്റെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ദൃശ്യങ്ങളാണ്.

 

ഇങ്ങനെ ചരിത്രത്തേയും വിശ്വാസത്തേയുമൊക്കെ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് ആറെസ്സെസ്സിന് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അവര്‍ സൃഷ്ടിച്ച ആയുധങ്ങളില്‍ ഏറ്റവും നിര്‍ണായകമായത് മുസ്ലിമിനെ എതിരാളിയായി സൃഷ്ടിക്കാനും നിലനിറുത്താനും കഴിഞ്ഞതാണ്.ഹിന്ദുവിന് ആരെങ്കിലും ശത്രുവായിട്ടുണ്ടെങ്കില്‍ അത് മുസ്ലീമാണെന്ന ചിന്തയെ പ്രചരിപ്പിക്കാനും അണികളിലേക്ക് അടിച്ചേല്പിക്കാനും ആറെസ്സെസ്സിന് കഴിഞ്ഞു. അതിന്റെ മറവില്‍ അവര്‍ക്ക് സമൂഹത്തിന്റെ എല്ലാ തലത്തിലും ഇടപെടാനും രാജ്യത്തിന്റെ ജനാധിപത്യ മതേതര സങ്കല്പങ്ങളെ അട്ടിമറിയ്ക്കാനും സാധിച്ചു. മാനവിക മൂല്യങ്ങള്‍ക്കു പകരം മതമൂല്യങ്ങള്‍ പകരം വെച്ചുകൊണ്ടുള്ള ഈക്കളിയില്‍ ഒരെതിരാളിയില്ലാത്ത വിധം സംഘപരിവാരം അധീശത്വം നേടിയിരിക്കുന്നു. ഇനിയും എത്രകാലത്തേക്കും മുന്നോട്ടു പോകാവുന്ന ഇന്ധനം അവര്‍ ഇപ്പോഴേ സംഭരിച്ചു കഴിഞ്ഞുവെന്നതാണ് നാം കാണേണ്ടത്.

 

ഇന്ത്യയില്‍ നടപ്പിലാക്കിക്കഴിഞ്ഞ ഫാസിസത്തെ ഇറ്റലിയിലോ ജര്‍മ്മനിയിലോ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പേ നില നിന്നിരുന്ന ഫാസിസവുമായി താരതമ്യപ്പെടുത്തുന്നത് ശരിയാകുമെന്ന് കരുതുന്നില്ല. ഇന്ത്യയില്‍ സവിശേഷവും സങ്കീര്‍ണവുമായ , മാതൃകകളില്ലാത്ത ഒരു രീതിയെയാണ് ആറെസ്സെസ്സ് ഫാസിസത്തെ അനുവര്‍ത്തിക്കാന്‍ നടപ്പിലാക്കുന്നത്. അതില്‍ ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും പരിധിക്കുള്ളില്‍ ഒതുങ്ങി നില്ക്കുന്നുവെന്ന അഭിനയമാണ് പ്രധാന സംഗതി. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അങ്ങനെ തോന്നാന്‍ നിരവധി കാരണങ്ങളുണ്ടെങ്കിലും ആഭ്യന്തരമായി എല്ലാ സ്ഥാപനങ്ങളും ഹിന്ദുത്വവത്കരിക്കപ്പെട്ടിരിക്കുന്നു. നിയമപരമായിത്തന്നെ നിയമത്തെ അട്ടിമറിയ്ക്കുന്ന ഈ രീതിയെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. ഉദാഹരണത്തിന് കോടതികളെത്തന്നെ എടുക്കുക. ആറെസ്സെസ്സ് അനുകൂല വിധികള്‍ അവര്‍ പുറപ്പെടുവിക്കുകയും എന്നാല്‍ ഭരണഘടനാപരമായി കോടതികള്‍ക്കുള്ള സാധ്യത പരിഗണിച്ച് ജനാധിപത്യവാദികള്‍്ക് നിശബ്ദരായിരിക്കേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെ ജനാധിപത്യ സ്ഥാപനങ്ങളെത്തന്നെ ഉപയോഗിച്ച് ആറെസ്സെസ്സ് താല്പര്യങ്ങളെ അടിച്ചേല്പിച്ചുകൊണ്ടാണ് ഫാസിസം ഓരോ മേഖലയിലും പിടിമുറുക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്  വേണ്ടിയുള്ള പ്രശാന്ത് ഭൂഷന്റെ പോരാട്ടം ഏറ്റവും അവസാനത്തെ ഉദാഹരണമാണ് എന്നതും ശ്രദ്ധിക്കുക.

 

ഇതുമനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാം ഇനിയെങ്കിലും അനുരൂപമായ ചട്ടക്കൂടുകള്‍ പരുവപ്പെടുത്തേണ്ടിയിരിക്കുന്നു.

 

 

 

മനോജ് പട്ടേട്ട് || 20 ആഗസ്ത് 24, 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം