#ദിനസരികള്‍ 1227 ട്രംപിനെക്കുറിച്ചൊരു പുസ്തകം
അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ജെ ട്രംപിനെക്കുറിച്ച്
ട്രംപിന്റെ സഹോദരപുത്രിയായ മേരി എല്‍ ട്രംപ് എഴുതിയ Too
Much and Never Enough: How My Family Created the World's Most Dangerous Man എന്ന പുസ്തകം വിപണിയിലെത്തിയിട്ട്
ഒരുമാസം കഴിഞ്ഞിരിക്കുന്നു. അമേരിക്ക പുതിയൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ
പടിവാതില്ക്കല്‍ എത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ മേരിയുടെ ഈ പുസ്തകത്തിന്റെ
പ്രസക്തി ഏറെയാണ്. അതുകൊണ്ടുതന്നെ ഏറെ വിവാദമുണ്ടാക്കിയ പുസ്തകം ഈ ചെറിയൊരു
കാലത്തിനുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റു പോയത്. ട്രംപിനെക്കുറിച്ചും അദ്ദേഹത്തിന്റെ
കുടുംബത്തെക്കുറിച്ചും അതേ കുടുംബത്തിലെ തന്നെ മറ്റൊരംഗത്തിന്റെ
വെളിപ്പെടുത്തലുകള്‍ ആ Toxic Family ലോകത്തിനു മുന്നില്‍ ഒളിപ്പിച്ചു വെച്ച പല
കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഈ പുസ്തകം വിപണിയിലെത്താതിരിക്കാന്‍
സ്വന്തം സഹോദരനെ മുന്നില്‍ നിറുത്തി ട്രംപും കൂട്ടരും കോടതികളെ വരെ
സമീപിച്ചുവെങ്കിലും പുസ്തകം പുറത്തിറങ്ങുന്നത് തടയാനായില്ല. എന്‍ ഇ സുധീര്‍
മാതൃഭൂമി വരാന്തപ്പതിപ്പിലെഴുതിയ വൈറ്റ് ഹൌസിലെ ഇളയച്ഛന്‍ എന്ന കുറിപ്പ് ഈ
പുസ്തകത്തെക്കുറിച്ചുള്ളതാണ്.
ട്രംപിനെപ്പോലെയുള്ള
ഒരാളെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ആ ജനത തങ്ങളോടുമാത്രമല്ല , ലോകത്തോടുതന്നെ
ചെയ്ത കൊടുംചതിയായിപ്പോയി എന്ന് നമുക്കറിയാം.പത്രമാധ്യമങ്ങളെ സ്വാധീനവലയത്തിലാക്കി
പടച്ചുണ്ടാക്കിയ ഖ്യാതികളുടെ പൊയ്ക്കാലുകളിലാണ് ട്രംപ് പ്രസിഡന്റ് പട്ടം ചൂടിയത്.
അയാള്‍ പ്രസിഡന്റാകുന്നുവെന്നത് ട്രംപ് കുടുംബത്തിനു തന്നെ അവിശ്വസനീയമായിരുന്നു.
നുണ പറയുക എന്നതാണ് ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. അതോടൊപ്പം തന്നെ
കാമറകളുടെ മുന്നിലും അയാള്‍ നന്നായി അഭിനയിച്ചു. സ്വപ്രയത്നം കൊണ്ടു ഒരു ബിസിനസ്സ്
സാമ്രാജ്യം കെട്ടിപ്പടുത്തവനെന്ന വിശേഷണം അത്തരത്തിലൊരു മികച്ച നുണയായിരുന്നു. കള്ളത്തരവും ചതിയും
മാത്രമായിരുന്നു ട്രംപിന് ആകെ കൈമുതലായിട്ടുണ്ടായിരുന്നത്. “ട്രംപിന്റെ പിതാവ് മക്കളില്‍
പ്രോത്സാഹിപ്പിച്ച വികാരങ്ങള്‍ ചതിയുടേയും കള്ളത്തരത്തിന്റേതുമായിരുന്നു.
മൃദുലവികാരങ്ങള്‍ ട്രംപ് കുടുംബത്തില്‍ എപ്പോഴും
വിലക്കപ്പെട്ടിരുന്നു.കാരുണ്യത്തെപ്പറ്റി അവര്‍ക്ക്
കേട്ടറിവുപോലുമില്ലായിരുന്നു.കളവുപറയല്‍ ജീവിത രീതി തന്നെയായിരുന്നു.ചുരുക്കിപ്പറഞ്ഞാല്‍
അതൊരു കാര്‍ക്കോടക കുടുംബം (Toxic Family) തന്നെയായിരുന്നു എന്നാണ് മേരി , ട്രംപിന്റെ
കുടുംബത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവിന്റെ എല്ലാ വിധത്തിലുള്ള
മാനസിക പ്രശ്നങ്ങളും ട്രംപിനുമുണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍
SAT എന്ന
യോഗ്യതാ പരീക്ഷ എഴുതാന്‍ പോലും പണം കൊടുത്ത് മറ്റൊരാളെ ഏല്പിച്ച കള്ളനാണ് ട്രംപ്.
സ്വന്തം സഹോദരി തന്നെ , ഒരു ആദര്‍ശവുമില്ലാത്ത വെറും കോമാളി എന്ന് അയാളെ
വിശേഷിപ്പിച്ചിട്ടുണ്ട് എന്ന് ഗ്രന്ഥകര്‍ത്രി എഴുതുന്നുണ്ട്. സ്വന്തം സഹോദരന്റെ
മകളോടു പോലും ലൈംഗികച്ചുവയോടെ സംസാരിക്കാന്‍ മുതിര്‍ന്ന ട്രംപ് ഒരു ലൈംഗിക
അരാജകവാദിയാണെന്ന് മേരി അടിവരയിടുന്നു.
സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട എല്ല പുസ്തകങ്ങളും പണം കൊടുത്ത്
എഴുതിപ്പിച്ചതാണെന്നും അവര്‍ ആരോപിക്കുന്നു.
ഇങ്ങനെ
നുണകൊണ്ട് പെരുംകോട്ട കെട്ടി ജനതയെ തെറ്റിദ്ധരിപ്പിച്ചും തമ്മിലടിപ്പിച്ചുമാണ്
ട്രംപ് അമേരിക്കയുടെ പ്രസിഡന്റായതെന്നും ഈ രാജ്യത്തെ തകര്‍ക്കുന്നതിനു മുമ്പ്
അയാളെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് ഓരോ അമേരിക്കക്കാരന്റേയും
കടമയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് മേരി എല്‍ ട്രംപ് പുസ്തകം അവസാനിപ്പിക്കുന്നത്.
ട്രംപിന്റെ നേര്‍പതിപ്പായ
ഇന്ത്യയിലെ പ്രജാപതിയ്ക്ക് എതിരെ ഇത്തരത്തില്‍ ആര്‍ജ്ജവത്തോടെ എഴുതാന്‍ ഒരു
സഹോദരിയില്ലാതെ പോയല്ലോ എന്ന ഖേദമാണ് ഈ കുറിപ്പ് എന്നില്‍ അവശേഷിപ്പിക്കുന്നത്.
മനോജ് പട്ടേട്ട് || 20 ആഗസ്ത് 27 , 07.30 AM ||
Comments