#ദിനസരികള്‍ 1229 കെ സുരേന്ദ്രന് നന്ദി പറയുക

 


          അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത് ആയുധമാക്കാന്‍ സി പി എം എന്ന് മനോരമ.  സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷുമായുള്ള ബന്ധത്തേയും ഫോണ്‍ വിളികളേയും മുന്‍നിറുത്തി അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത് ബി ജെ പി ക്കെതിരെയുള്ള ആയുധമാക്കാന്‍ സി പി ഐ എം ശ്രമിക്കുന്നുവെന്നാണ് ഹൃദയ വേദനയോടെ മനോരമ വിലപിക്കുന്നത്.അനില്‍ വഴി കേസ് വി മുരളിധരനിലേക്ക് എത്തുമെന്നും പത്രം ഭയപ്പെടുന്നു. സി പി എമ്മിനെ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും തന്നെ ലഭിക്കാതിരിക്കുകയും ബി ജെ പി പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്തതോടെ സ്വര്‍ണക്കടത്തു കേസില്‍ ചെളി പുരളാതെ ഇടതുപക്ഷം രക്ഷപ്പെട്ടു നില്ക്കുകയാണെന്നും വാര്‍ത്ത നെടുവീര്‍പ്പിടുന്നു.

          സ്വര്‍ണക്കടത്തുകേസില്‍ സി പി എമ്മിനെ പ്രതിപ്പട്ടികയില്‍ ചേര്‍‌ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു തരിയെയെങ്കിലും വീണു കിട്ടാത്തതില്‍  കടുത്ത ഇച്ഛാഭംഗത്തിലാണ് നമ്മുടെ ബുഹു ഭൂരിപക്ഷം വരുനന മാധ്യമപ്രവര്‍ത്തകെന്ന കാര്യത്തില്‍ സംശയമില്ല.സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേസില്‍ പ്രതികളെ സ്വര്‍ണം കടത്തുന്നതിനും അതിനുശേഷവും സഹായിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുതകുന്ന ഒന്നുംതന്നെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലയെന്നത് ഇച്ഛാഭംഗത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.അനില്‍ നമ്പ്യാര്‍ക്കു പകരം ദേശാഭിമാനിയുടേയോ കൈരളിയുടെയോ ഏതെങ്കിലും റിപ്പോര്‍ട്ടറായിരുന്നുവെങ്കില്‍ സായാഹ്നങ്ങളിലെ പ്രൈംടൈമുകളില്‍ നമ്മുടെ ചാനലുകളില്‍ മുഴങ്ങുമായിരുന്നു ആക്രോശങ്ങളെക്കുറിച്ചൊന്നാലോചിച്ചു നോക്കുക.

          എന്തായാലും മാധ്യമങ്ങളുടെ ഈ മൌനം ഇടതുപക്ഷത്തെ സംബന്ധിച്ച് ഉര്‍വ്വശീ ശാപം ഉപകാരം എന്നു പറയുന്നതുപോലെയായി. അവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് കൂടുതല്‍ നന്നായി ബോധ്യപ്പെടുത്താനുള്ള സുവര്‍ണാവസരം തന്നെയാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. എല്ലാത്തരം മാധ്യമങ്ങളും കടന്നാക്രമിച്ചിട്ടും സ്വര്‍ണക്കടത്തു കേസില്‍ ആദ്യമുണ്ടായിരുന്ന അങ്കലാപ്പ് ഒരിടതുപക്ഷ പ്രവര്‍ത്തകനും ഇപ്പോഴില്ലെന്നതാണ് വസ്തുത. കേസു പുറത്തു വന്നപാടെ ഏതെങ്കിലും തരത്തില്‍ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടാകുമോയെന്നൊരു ഉള്‍ഭയം പൊതുവേയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ , കാര്‍‌മേഘങ്ങളൊഴിഞ്ഞ നീലാകാശം പോലെ ആശങ്കയില്ലാതെ നിര്‍മലമായിരിക്കുകയാണ് ഇടത് അനുയായികളുടെ മനസ്സ്ല്. അത്തരം ഒരു സാഹചര്യമുണ്ടാകാന്‍ ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള യു ഡി എഫ് നേതാക്കള്‍ക്കുള്ള പങ്കു ചെറുതല്ല. അവര്‍ തുടര്‍ച്ചയായി ചാനലുകളില്‍ വന്നു നുണ പറഞ്ഞുകൊണ്ടേയിരുന്നു. അവയൊന്നൊഴിയാതെ ഉടനടിതന്നെ പൊളിഞ്ഞു വീണുകൊണ്ടുമിരുന്നു.

          അത്തരത്തില്‍ ഇടതുപക്ഷത്തിന് ഏറ്റവും സഹായകമായ നിലപാടുണ്ടായത് ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനില്‍‌ നിന്നാണ്. ജനം ടി വിയ്ക്കും അനില്‍ നമ്പ്യാര്‍ക്കും ബി ജെ പിയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞത് നൂറു ശതമാനവും നുണയാണെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം.എന്തുകൊണ്ടാണ് അത്തരമൊരു ഗതികെട്ട നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും അറിയാം. അതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ പറയാതെ പറയുന്നത് തങ്ങള്‍ തന്നെയാണ് സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ എന്നു തന്നെയാണ്.

ജനം ചാനലിനേയും അനിലിനേയും തള്ളിക്കളയാന്‍ തോന്നിയ സുരേന്ദ്രന്റെ കിടിലന്‍ ഐഡിയക്ക് നന്ദി പറയുക.

 

 

മനോജ് പട്ടേട്ട് || 20 ആഗസ്ത് 29 , 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍