#ദിനസരികള്‍ 1202 എം സ്വരാജിന്റെ ചര്‍ച്ചകള്‍



            എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്.
          1892 സെപ്തംബര്‍ ആറിനാണ് വയക്കോത്ത് മൂലക്കല്‍ മഠത്തില്‍ വിഷ്ണു നമ്പീശന്‍ ജനിക്കുന്നത്. അന്നത്തെ രീതീയനുസരിച്ച് സംസ്കൃത വിദ്യാഭ്യസം എത്രവരെ നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസം നിശ്ചയിച്ചിരുന്നത്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും അദ്ദേഹത്തിനില്ലാതിരുന്നതിനാല്‍ കോടതി രേഖകളില്‍ വിദ്യാശൂന്യന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിമകളെങ്ങനെ ഉടമകളായി എന്ന ആത്മകഥയിലൂടെ തന്റെ സമരോത്സുകമായ ജീവിതത്തെ അദ്ദേഹം നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു.
          വിഷ്ണു നമ്പീശന്‍ വിഷ്ണുഭാരതീയനായതിനു പിന്നില്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്.
          വട്ടമേശ സമ്മേളനത്തിനായി ഗാന്ധി ഇംഗ്ലണ്ടിലേക്ക് പോയി നിരാശനായി മടങ്ങിയ കാലം. കുബുദ്ധികളായ ഇംഗ്ലീഷുകാര്‍ അദ്ദേഹം ബോംബെയില്‍ കപ്പലിറങ്ങിയ പാടെ അറസ്റ്റു ചെയ്തു. വിവേകശൂന്യമായ പെരുമാറ്റമായിരുന്നു അതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! രാജ്യമാകെയും പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ത്ഥികളും തൊഴിലാളികളും കര്‍ഷകരുമുള്‍‌പ്പെട്ട ജനത ഒറ്റക്കെട്ടായി തെരുവിലിറങ്ങി. പതിനായിരങ്ങള്‍ അറസ്റ്റു വരിച്ചു.
          പ്രതിഷേധത്തിന്റെ അലകള്‍ സ്വാഭാവികമായി കേരളത്തിലുമെത്തി. രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കണ്ണൂരിലെ വിളക്കുംതറ മൈതാനിയില്‍ ഒത്തു ചേരാനും പ്രതിഷേധ പരിപാടികള്‍ നടത്താനും കെ പി ആര്‍ , കേരളീയന്‍ തുടങ്ങിയ നേതാക്കന്മാരോടൊപ്പം വിഷ്ണു നമ്പീശനും തീരുമാനിച്ചു. പ്രതിഷേധത്തെക്കുറിച്ച് ഊഹിച്ചറിഞ്ഞ പോലീസ് എന്തു വിലകൊടുത്തും അതു തടയുമെന്ന നിലപാടു സ്വീകരിച്ചു.
          പോലീസ് തങ്ങളെക്കൊണ്ട് ആകാവുന്നതെല്ലാം ചെയ്തു. കൂട്ടം കൂടുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇടവിട്ടിടവിട്ട് നാട്ടിലാകെ പരോളുകള്‍ നടത്തി. നേതൃത്വത്തിലിരിക്കുന്ന ആളുകളെ നേരില്‍ കണ്ട് പിന്മാറമെന്ന് ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സ്വീകരിക്കാന്‍ പോകുന്ന നിയമപരമായ നടപടികളെക്കുറിച്ച് മുന്നറിയിപ്പു നല്കി ഭീഷണിപ്പെടുത്തി.പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ നേതാക്കളില്‍ ചിലര്‍ക്ക് ആശങ്കയായി. യോഗം മാറ്റി വെച്ചാലോ എന്നുപോലും ചിന്തിച്ചു .എന്നാല്‍ വിഷ്ണുവിന് സംശയമില്ലായിരുന്നു. കേവലം കുറച്ചു പോലീസുകാരുടെ ഭീഷണിക്കു മുന്നില്‍ നാം മുട്ടുമടക്കിയാല്‍ സ്വാതന്ത്ര്യമെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി എങ്ങനെയാണ് നമുക്ക് പോരാടാനാകുക എന്നദ്ദേഹം അവരോടു ചോദിച്ചു. ജീവിതം തന്നെ പകരം കൊടുക്കേണ്ട സാഹചര്യങ്ങളില്‍ നാം അതിനും മടിക്കരുതെന്ന വിഷ്ണു നമ്പീശന്റെ നിലപാടിനോട് അവസാനം എല്ലാവരും യോജിച്ചു. യോഗം നടത്താന്‍ തീരുമാനിച്ചു.
          തീരുമാനിച്ച പ്രകാരം പോലീസിന്റെ കണ്ണുവെട്ടിച്ച് യോഗസ്ഥലത്തെത്തി വിഷ്ണു നമ്പീശന്‍ പ്രസംഗിക്കുവാന്‍ തുടങ്ങി. കുതിച്ചെത്തിയ പോലീസ് അദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിച്ചു.അതുകണ്ട് മറ്റുള്ള സഖാക്കളും ഓടിയെത്തി. പിന്നീട് അവിടെ നടന്നത് നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജായിരുന്നു. നിരവധിയാളുകള്‍‌ക്ക് പരിക്കേറ്റു. വീണുകിടക്കുന്നവരെ യാതൊരു ദാക്ഷിണ്യവും കൂടാതെ പോലീസ് തല്ലിച്ചതച്ചു. കെ പി ഗോപാലനേയും കേരളീയനേയും വിഷ്ണു നമ്പീശനേയും അറസ്റ്റു ചെയ്ത് ലോക്കപ്പിലടിച്ചു.
          പിറ്റേന്ന് രാവിലെ ജില്ലാ മജിസ്ട്രേറ്റിനു മുമ്പില്‍ മൂവരേയും ഹാജരാക്കി. ജഡ്ജി ചോദിച്ച ഒരു ചോദ്യത്തിനും വിഷ്ണു മറുപടി പറഞ്ഞില്ല. കോപാകുലനായ ജഡ്ജി കോടതിയെ ധിക്കരിക്കുന്നതിനെതിരെ കോടതിയലക്ഷ്യം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.എന്നാലും അദ്ദേഹം കോടതിയ്ക്ക് മുന്നില്‍ വഴങ്ങാന്‍ തയ്യാറായില്ല. പേരെന്താണെന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അവസാനം ഭാരതീയന്‍ എന്നു മാത്രമാണ് മറുപടി നല്കിയത്
അതുകേട്ട ജ്ഡ്ജി നിങ്ങള്‍‌ മാത്രമല്ലല്ലോ ഞാനും ഭാരതീയനല്ലേ? എന്നു ചോദിച്ചു. സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍‌ത്തിക്കുന്ന ഞങ്ങളെ ബ്രിട്ടീഷുകാരന്റെ കാവല്‍പ്പട്ടികളായി നിന്നുകൊണ്ട് വേട്ടയാടുന്ന നിങ്ങളൊന്നും ഭാരതീയരല്ലഎന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. രണ്ടു കൊല്ലം കഠിനതടവും 200 രൂപ പിഴയും ചുമത്തിക്കൊണ്ടാണ് ജഡ്ജി വിഷ്ണുവിന്റെ ധിക്കാരത്തിന് മറുപടി നല്കിയത്. ജയിലില്‍ ഒരു തകരത്തകിടില്‍ അദ്ദേഹത്തിന്റെ പേര് ഇങ്ങനെ രേഖപ്പെടുത്തി. : വി. എം. വി ഭാരതീയന്‍.
അങ്ങനെയാണ് വിഷ്ണ നമ്പീശന്‍ വിഷ്ണു ഭാരതീയനായത്.
ഏത് അധികാരസ്ഥാനത്തിനു മുന്നിലും പതറാതെ സത്യത്തെ മുന്‍നിറുത്തി പ്രതികരിക്കാന്‍ ധൈര്യം കാണിച്ച വിഷ്ണുഭാരതീയന്‍ പക്ഷേ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ ഒറ്റപ്പെട്ട ശബ്ദമല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല. അത്തരത്തിലുള്ള നിരവധി പോരാളികള്‍ ചോര ചീന്തിയുണ്ടാക്കിയെടുത്ത ചരിത്രമുഹൂര്‍ത്തങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നതുകൊണ്ടാണ് സ്വരാജിന്റെ വാക്കുകള്‍ പ്രതിയോഗികളെ നിസ്തേജരാക്കുന്ന തരത്തില്‍ തീര്‍ച്ചയും മൂര്‍‌ച്ചയും കൈവരിക്കുന്നതെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. വസ്തുതകളെ മുന്‍നിറുത്തി ചരിത്രത്തെ പാഠമാക്കാത്തിടത്തോളം കാലം സ്വരാജിനെ നേരിടുകയെന്നത് എതിരാളികള്‍ക്ക് എളുപ്പമല്ല. ചരിത്രം പാഠമായാലോ എതിരാളികള്‍ തന്നെ അദ്ദേഹത്തോട് യോജിക്കുകയും ചെയ്യും. അങ്ങനെയാണ് ഇരുവശവും മൂര്‍ച്ചയേറിയ ഒരു വാളായി സ്വരാജ് മാറുന്നത്.

മനോജ് പട്ടേട്ട് || 02 August 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1