#ദിനസരികള്‍ 1200 വൈലോപ്പിള്ളി സ്മൃതികളില്‍



          എന്തുകൊണ്ടാണെന്നറിയില്ല , രാവിലെ എഴുന്നേറ്റത് വൈലോപ്പിള്ളിയുടെ രണ്ടുവരിക്കവിതയുമായിട്ടാണ്.           
                   നിത്യവും ജീവിതം വിതയേറ്റി
                   മൃത്യു കൊയ്യും വിശാലമാം പാടം
                   തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍
                   ക്കുത്തിലേന്തിക്കുളിര്‍ത്ത ഞാര്‍ക്കൂട്ടം
                   അത്തലിന്‍ കെടുപായലിന്‍ മീതേ
                   യുള്‍‌ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം .
          ഇന്നലെ കിടക്കാന്‍ പോകുന്നതിന് മുമ്പ് വായിച്ചത് എരുമേലി പരമേശ്വരന്‍ പിള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈലോപ്പിള്ളിയെ സന്ദര്‍ശിക്കാന്‍ എത്തിയ സന്ദര്‍ഭത്തെക്കുറിച്ചായിരുന്നു. എരുമേലി എഴുതിയത് ഇങ്ങനെയായിരുന്നു. ഞാന്‍ മുറിയിലിക്ക് ചെന്നു.വൈലോപ്പിള്ളി കട്ടിലില്‍ കിടക്കുന്നു. സുഖകരമായ ഉറക്കം. തൊട്ടടുത്ത കട്ടിലില്‍ ഏങ്ങലടി കേട്ടു.വൈലോപ്പിള്ളിയുടെ സഹധര്‍മ്മിണി ഏങ്ങലടിച്ചു കരയുന്നു.അവര്‍ അപ്പാടെ തകര്‍ന്നു കിടക്കുന്നു.ശ്രീകുമാറും വിജയകുമാറും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അമ്മയെ ആശ്വസിപ്പിക്കാന്‍  ശ്രമിക്കുന്നു. അപ്പോള്‍ മാത്രമേ മുറിയില്‍ കത്തിക്കൊണ്ടിരിക്കുന്ന നിലവിളക്ക് എന്റെ ശ്രദ്ധയില്‍ പെട്ടുള്ളു ആ വരികള്‍ വായിച്ചപ്പോള്‍ ഉള്ളിലെ ഏതോ അടരുകളില്‍ ഒരു ചുണ്ട കൊളുത്തിയപോലെ തോന്നി. ഞാന്‍ വായന അവിടെ നിറുത്തി.ആ അസ്വസ്ഥതയില്‍ ഉറങ്ങാന്‍ കിടന്നതുകൊണ്ടായിരിക്കണം എഴുന്നേല്‍ക്കുമ്പോള്‍ വൈലോപ്പിള്ളി കൂട്ടുവന്നത്
          കവിത ചിലങ്ക കെട്ടിയാടിയിരുന്ന യൌവനകാലങ്ങളില്‍ വൈലോപ്പിള്ളി അത്ര സമീപസ്ഥനായിരുന്നില്ലെന്നതാണ് വാസ്തവം. ജീവിതം മൂത്തു മൂത്തു വരുന്നതിനനുസരിച്ച് അദ്ദേഹം അടുത്തടുത്തു വന്നു. എപ്പോഴോ ഇനിയൊരിക്കലും ഇറങ്ങിപ്പോകില്ലെന്നുറപ്പിച്ചാലെന്ന പോലെ എന്റെ മനസ്സിന്റെ നടുമുറ്റത്ത് ഒരു കസേര വലിച്ചിട്ട് ഇപ്പോള്‍ അദ്ദേഹമിരിക്കുന്നു. കാറ്റടിച്ചു കൊണ്ടുവരുന്ന കരിയിലകളെ പെറുക്കിമാറ്റാനും കാല്‍‌പെരുമാറ്റമില്ലാതെ വരുമ്പോള്‍ കൂടുകെട്ടുന്ന ഷഡ്പദികളെ വിരട്ടിയോടിക്കാനുമായി ഞാന്‍ ഇടക്കിടയ്ക്ക് ആ സവിധത്തിലെത്തുന്നു. ചെന്നു മടങ്ങുമ്പോഴെല്ലാം കൈനിറയെ എന്തെങ്കിലും പുതുരുചികള്‍ അദ്ദേഹം വെച്ചു നീട്ടുന്നു ,
                   കലുഷിതമെന്‍ ജീവിതമൂറി
                   ക്കവിതകളാ, യതുകോരി
                   പ്പാഴ്നരയോടു പകരം വീട്ടി
                   പ്പാനം ചെയ്തു രസിപ്പിന്‍ എന്ന ആശംസയോടെ !
            വൈലോപ്പിള്ളിക്കവിതകളെക്കുറിച്ച് നമ്മുടെ നിരൂപകരില്‍ പലരും പലതും എഴുതിയിട്ടുണ്ട്.കവി കെട്ടിയുയര്‍ത്തിയിരിക്കുന്ന മഹാഗാരങ്ങളെക്കുറിച്ചും അവയ്ക്ക് അസ്ഥിവാരമിട്ടു നില്ക്കുന്ന ദാര്‍ശനികതയെക്കുറിച്ചുമൊക്കെ അവര്‍ ചര്‍ച്ച ചെയ്യുന്നു.എന്നാല്‍ എനിക്കാകട്ടെ അവയെല്ലാം അപ്രസക്തമാകുന്നു. ആ കവിതമാത്രം ഒരു തളിര്‍ വെറ്റിലച്ചീന്തിന്റെ നനുത്ത ഗന്ധം പോലെ ആത്മാവിലെവിടെയോ അമൃതിന്റെ മണമായി അടയാളപ്പെടുന്നു. അതുകൊണ്ടുതന്നെ
                   പുതുതാം നാനാജനവ്യാപാരം മുളകുപ്പു
                   പൊതിയാന്‍ വലിച്ചെന്റെ പുസ്തകമെടുത്തേക്കാം എന്ന കവിയുടെ വേവലാതി അസ്ഥാനത്താണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അപ്പോള്‍ വൈലോപ്പിള്ളി എനിക്കെന്താണെന്നു ചോദിച്ചാല്‍ 
                   അപ്പനെന്നൊച്ചയങ്ങു കേള്‍ക്കാമോ ?
                   അപ്പനേ ,യെന്നിക്കസ്സലായി ക്കേള്‍ക്കാം എന്ന വരികളില്‍ ഉത്തരം പറയുന്നയാള്‍‌ ഞാനും ചോദ്യം ചോദിക്കുന്നയാള്‍ വൈലോപ്പിള്ളിയുമാണ് എന്നു പറയാം.

മനോജ് പട്ടേട്ട് || 31 July 2020, 07.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1