#ദിനസരികള്‍ 1198 കള്‍സള്‍ട്ടന്‍സിരാജ് - ചെന്നിത്തലയുടെ നുണപ്പെരുമഴ
സംസ്ഥാനത്ത് കള്‍സള്‍ട്ടന്‍സി രാജാണ് എന്നാണ് പ്രതിപക്ഷ
നേതാവിന്റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരൊറ്റ കണ്‍ള്‍ട്ടന്‍സി
കമ്പനി മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത്
കണ്‍സള്‍ട്ടന്‍സികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നുമാണ്
അദ്ദേഹത്തിന്റെ ആരോപണം .ഏതു കാര്യത്തിനും കണ്‍സള്‍ട്ടന്‍സികളെ
ചുമതലപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ തൊഴിലവസരങ്ങള്‍ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നുപോലും
അദ്ദേഹം വാദിക്കുന്നു. രമേശ് ചെന്നിത്തല എന്താണോ പറയുന്നത് അതിനു
വിപരീതമായിരിക്കും വസ്തുത എന്ന കാര്യം നമുക്ക് അറിയാമെങ്കിലും മേലുന്നയിക്കപ്പെട്ട
ആരോപണങ്ങള്‍ ഒന്ന് പരിശോധിച്ചു നോക്കുക. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒരൊറ്റ
കണ്‍ള്‍ട്ടന്‍സി കമ്പനി മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളു എന്ന വാദം തന്നെ
അടിസ്ഥാന രഹിതമാണ്. അക്കാലത്ത് ഏകദേശം പതിനൊന്നോളം വന്‍കിട പദ്ധതികള്‍
നടപ്പിലാക്കിയത് വിദേശ കണ്‍സള്‍ട്ടന്‍സി
കമ്പനികളുടെ മേല്‍നോട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അതില്‍
പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് അടക്കമുള്ള കമ്പനികള്‍ കേരളത്തിലെത്തുന്നതും
ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്നതാണ് വസ്തുത.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കേരളത്തില്‍ വിവിധ
പദ്ധതികളോട് സഹകരിച്ച് പ്രവര്‍ത്തിച്ച കമ്പനികളെക്കുറിച്ചുള്ള ഒരു വാര്‍ത്ത
നോക്കുക :- “പിഡബ്ല്യുസി,
ഏണസ്‌റ്റ് ആൻഡ് യങ്ങ്,
കെപിഎംജി,
അക്‌സെഞ്ച്വർ,
വിപ്രോ,
ഡിലോയിറ്റ് തുടങ്ങിയ
കമ്പനികൾ കേരളത്തിലെ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുത്തിരുന്നു. 2013ൽ തുടങ്ങിയ കേരള പൊലീസിലെ ക്രൈം ആൻഡ് ക്രിമിനൽ
ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്‌റ്റംസ് (സിസിടിഎൻഎസ്) ചുമതല അക്‌സെഞ്ച്വറിനായിരുന്നു.
കേരള സ്റ്റേറ്റ് ഐടി മിഷനുകീഴിൽ 2013–-15ൽ നടപ്പാക്കിയ സ്‌റ്റേറ്റ് സർവീസ്
ഡെലിവറി ഗേറ്റ്‌വേ, കേരള സ്‌റ്റേറ്റ് വൈഡ്‌ഏരിയ നെറ്റ്‌വർക്ക് എന്ന കെ സ്വാൻ,
കേരള ആധാർ യുഐഡി പദ്ധതി
(ഏണസ്‌റ്റ് ആൻഡ് യങ്ങ്), സ്‌റ്റേറ്റ് റെസിഡന്റ് ഡാറ്റാ ഹബ് (അക്‌സെഞ്ച്വർ) സംസ്ഥാന
സർക്കാരിന്റെ എമർജിങ് കേരള നിക്ഷേപ സംഗമം (ഡിലോയിറ്റ്,
ഏണസ്‌റ്റ് ആൻഡ് യങ്ങ്,
കെപിഎംജി,
പിഡബ്ല്യുസി),
2015–-16ൽ അർബൻ വിഷൻ 2020ന്റെ ഭാഗമായി കൊച്ചി,
തിരുവനന്തപുരം
കോർപറേഷനുകൾക്കായി നടപ്പാക്കിയ ഇ–-ഗവേണൻസ് പദ്ധതി (വിപ്രോ),
കോഴിക്കോട് കോർപറേഷന്റെ
നോളജ് സിറ്റി പദ്ധതി (അക്‌സെഞ്ച്വർ), 2015–-16ലെ 35–-ാമത് ദേശീയ ഗെയിംസ് (പിഡബ്ല്യുസി),
കഴക്കൂട്ടം ഗ്രീൻ ഫീൽഡ്
സ്‌റ്റേഡിയം നിർമാണത്തിന് നിർവഹണ പങ്കാളിയെ കണ്ടെത്തൽ (പിഡബ്‌ള്യുസി)
തുടങ്ങിയവയെല്ലാം
കൺസൾട്ടൻസി കമ്പനികളെയാണ്
ഏൽപ്പിച്ചത്.നിരവധി ചെറുകിട പദ്ധതികൾക്കും വൻകിട പദ്ധതികളുടെ ഘടക ജോലികൾക്കും
പ്രത്യേകം കൺസൾട്ടൻസി സ്ഥാപനങ്ങളെയും നിയോഗിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ
ഇൻഫർമാറ്റിക്‌സ് സെന്റർ സർവീസ് ഇൻകോർപറേറ്റഡിന്റെ (നിക്‌സി) പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടുള്ള ഈ സ്ഥാപനങ്ങളെ കരാർ ഏൽപ്പിക്കുന്നതിന് ടെൻഡർ നടപടികൾ
പാലിക്കേണ്ടതില്ലെന്ന കേന്ദ്ര വ്യവസ്ഥയുണ്ട്. ഇതിന്റെ മറപിടിച്ചായിരുന്നു
കരാറുകളെല്ലാം. “
ദേശാഭിമാനി - Jul 22, 2020
വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ്
അതെല്ലാം മറച്ചു വെച്ചു കൊണ്ട് തികച്ചും തെറ്റായ കാര്യങ്ങള്‍ പ്രതിപക്ഷ
നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ
സത്യമെന്തായിരിക്കുമോ അതിന്റെ നേര്‍വിപരീത ദിശയിലായിരിക്കും പ്രതിപക്ഷനേതാവിന്റെ
സഞ്ചാരം എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഈകാര്യങ്ങളെല്ലാം തന്നെ.
ആ കൂട്ടത്തില്‍
കണ്‍സള്‍ട്ടന്‍സികളെ നിയമിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് നമ്മുടെ ധനകാര്യ
മന്ത്രി കൂടിയായ ഡോക്ടര്‍ തോമസ് ഐസക് എഴുതിയ ഒരു കുറിപ്പുകൂടി വായിക്കുക.
കാര്യങ്ങള്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് അതു സഹായകമാകും.എന്നാല്‍ അപ്പോഴും
രമേശ് ചെന്നിത്തലയെപ്പോലെ വെറുതെ അടിസ്ഥാനരഹിതമായി ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക്
ഇതൊന്നും പോരാ എന്ന കാര്യവും സ്പഷ്ടമാണ്. എന്തായാലും തോമസ് ഐസക്കിന്റെ കുറിപ്പു കൂടി
വായിക്കുക :-
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എന്തിനാണ് കൺസൾട്ടൻസികളുടെ പുറകേ പോകുന്നത്? എഞ്ചിനീയർമാരും വിദഗ്ദരും സർക്കാർ സർവ്വീസിൽ ഇല്ലേ? അവരായിരുന്നില്ലേ റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം പണിതുകൊണ്ടിരുന്നത്. പിന്നെ ഇപ്പോൾ എന്തിനു കൺസൾട്ടൻസി? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒട്ടേറെ ശുദ്ധാത്മാക്കളുണ്ട്. കേരളത്തിലെ ഇടതുപക്ഷ മനസ്സുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രചാരണവിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയുമെല്ലാം ചൊൽപ്പടിക്ക് വഴങ്ങി നയങ്ങൾ ആവിഷ്കരിച്ചവരാണ് ഇന്ന് ഇപ്പോൾ ഇടതുപക്ഷത്തെ പഠിപ്പിക്കാൻ വരുന്നത്.
ചില പ്രോജക്ടുകൾ നടപ്പാക്കാൻ കൺസൾട്ടൻസികൾ പലകാരണങ്ങൾകൊണ്ട് അനിവാര്യമായിത്തീരുന്ന ഒരു സാഹചര്യം ഇന്നുണ്ട്.
ഒന്ന്, കിഫ്ബിയിൽ നിന്നുമാത്രം ഇന്ന് ഏതാണ്ട് 50000
കോടി രൂപയുടെ പ്രോജക്ടുകളാണ് നടപ്പിലാവുന്നത്. ഇതിനു പുറമേയാണ് സിൽവർ ലൈനും റീബിൽഡ് കേരളയും മറ്റും വഴിയുള്ള പ്രോജക്ടുകൾ. ഒരു കാലത്തും ഇതുപോലെ നമ്മുടെ നാട്ടിൽ മുതൽമുടക്ക് ഉണ്ടായിട്ടില്ല.
ഇത്രയും പ്രോജക്ടുകളുടെ വിശദമായ രൂപരേഖ തയ്യാറാക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കുമെല്ലാം ഇന്നുള്ള ഉദ്യോഗസ്ഥ സംവിധാനം പോരാ. കൂടുതൽ ആളുകളെ സർക്കാരിലെടുത്ത് അവരെയൊക്കെ പരിശീലിപ്പിച്ച് ഈ പ്രോജക്ടുകൾ തയ്യാറാക്കാൻ തീരുമാനിച്ചാൽ അവയൊന്നും അടുത്തകാലത്തൊന്നും നടപ്പാക്കാൻ പോവുന്നില്ല. കിഫ്ബിയിൽ ഒരു 20000 കോടി രൂപയുടെയെങ്കിലും ചെറിയ പ്രോജക്ടുകളാണ്. പക്ഷെ, അവയുടെ നല്ലപങ്കിന്റെയും ഇൻവെസ്റ്റിഗേഷനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കാലതാമസംമൂലം ആരംഭിക്കുന്നതിനു നാലാംവർഷത്തിലേ കഴിഞ്ഞിട്ടുളളൂ.
അപ്പോൾ വൻകിട പ്രോജക്ടുകളുടെ കാര്യം പറയേണ്ടതുണ്ടോ.
സാധാരണഗതിയിൽ ബജറ്റിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾക്കു പുറമേയാണ് ഈ പദ്ധതികളെന്ന് ഓർക്കണം.
രണ്ട്, വൻകിട പദ്ധതികൾക്കു വേണ്ടിവരുന്ന പണം പ്രത്യേകമായി വായ്പയെടുക്കേണ്ടിവരും. ഇതിനായി ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടുന്ന വിശദാംശങ്ങളോടെ പദ്ധതികളുടെ വിശദമായ രേഖ തയ്യാറാക്കാൻ പ്രാവീണ്യം ഇത്തരം കൺസൾട്ടൻസി ഏജൻസികൾക്കുണ്ട്.
കെ-ഫോണിന്റെ പ്രോജക്ടിന് നബാർഡിൽ നിന്നും ആയിരത്തിൽപ്പരം കോടി രൂപ വായ്പയായി കിഫ്ബിക്ക് ലഭിച്ചത് പ്രോജക്ട് രേഖയുടെ മികവിന്റെകൂടി അടിസ്ഥാനത്തിലാണ്.
മൂന്ന്, കേന്ദ്രസർക്കാർപോലും അവരുടെ വൻകിട പദ്ധതികൾക്കെല്ലാം പ്രത്യേക കൺസൾട്ടൻസി പ്രകാരം പ്രോജക്ട് രേഖ തയ്യാറാക്കുന്നത് നിർബന്ധിതമാക്കിയിട്ടുണ്ട്.
സമീപകാലത്ത് നമ്മളെല്ലാം പല തവണ കേട്ടിട്ടുളള കാര്യമാണ്. അമൃതം പദ്ധതിയുടെ പ്രോജക്ട് ഡെവലപ്പ്മെന്റ് മാനേജ്മെന്റ് യൂണിറ്റ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അമൃത് പദ്ധതിയുടെ രേഖ തയ്യാറാക്കിയിട്ടുള്ളത് ടെണ്ടർ വിളിച്ച് കൺസൾട്ടൻസി ഏജസികളെ നിയോഗിച്ചുകൊണ്ടാണ്.
നാല്, ലോകബാങ്കിന്റെയുമെല്ലാം എല്ലാ പദ്ധതികളുടെയും രേഖ തയ്യാറാക്കുന്നത് അവർ നിയോഗിക്കുന്ന കൺസൾട്ടന്റിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.
അഞ്ച്, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും മേൽപ്പറഞ്ഞ പ്രകാരമാണ് പ്രോജക്ടുകൾ തയ്യാറാക്കിയിരുന്നത്. പക്ഷെ, അന്ന് ഇന്നത്തെ അപേക്ഷിച്ച് വളരെ ചുരുക്കമായിരുന്നു വൻകിട പ്രോജക്ടുകൾ എന്നതുകൊണ്ട് അവ വലിയ ചർച്ചാ വിഷയമായിരുന്നില്ല.
ഇതിനു നല്ല ഉദാഹരണമാണ് ഇപ്പോൾ വിവാദമായിരിക്കുന്ന കെ-ഫോണിന്റെ കൺസൾട്ടൻസിയും ടെണ്ടർ നടപടികളും. അതുസംബന്ധിച്ച് മറ്റൊരു പോസ്റ്റ് ഇടുന്നുണ്ട്.
ഇതിനർത്ഥം എന്തിനും കൺസൾട്ടൻസി ആകാമെന്നല്ല. അനിവാര്യമായ ഇടങ്ങളിൽ അവയെ ഉപയോഗപ്പെടുത്തണം. അത് സുതാര്യമായ രീതിയിലാവണം. കഴിയുമെങ്കിൽ അവരുടെ പ്രവർത്തനം ഡിപ്പാർട്ട്മെന്റുകളുടെ കഴിവിനെ ബലപ്പെടുത്തുന്ന രീതിയിലുള്ളതാവണം.
ഈ വിവേചന ബുദ്ധിയോടെയാണ് ഇടതുപക്ഷം കൺസൾട്ടൻസിയെ ഉപയോഗപ്പെടുത്തുന്നത്.
മനോജ് പട്ടേട്ട് || 29 July 2020, 07.30 AM ||
Comments