#ദിനസരികള്‍ 1196 കഥ പറയുന്ന കാസ്ട്രോ – 8



            അമ്മ മരിക്കുന്നതിനു മുമ്പേ അച്ഛന്‍ മരിച്ചിരുന്നു.അദ്ദേഹത്തിന് അമ്മയെക്കാള്‍ കുറച്ചു കൂടുതല്‍ പ്രായമുണ്ടായിരുന്നു. അദ്ദേഹം 1956 ഒക്ടോബര്‍ 21 ന് മരിച്ചു.അന്നേക്ക് എനിക്ക് പതിമൂന്നു വയസ്സ് പൂര്‍ത്തിയായി രണ്ടുമാസം കഴിഞ്ഞിട്ടുണ്ടായിരുന്നു.
          സ്പാനിഷ് ആഭ്യന്തരയുദ്ധം നടക്കുമ്പോള്‍ എനിക്ക് പത്തു വയസ്സു തികഞ്ഞിട്ടുണ്ടായിരുന്നില്ല.1936 ജൂലൈ 18 ന് ആണല്ലോ യുദ്ധമുണ്ടാകുന്നത്.എനിക്ക് അപ്പോള്‍ ഒമ്പതു വയസ്സും പതിനൊന്നു മാസവുമായിരുന്നു പ്രായം.അപ്പോഴേക്കും ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചിരുന്നു.കലാപസമയത്ത് ബിരാനില്‍ അച്ഛന്റെ കൂടെ പണിക്കുണ്ടായിരുന്ന സ്പാനിഷുകാര്‍ കലാപകാരികളുടെ അഥവാ വിപ്ലവകാരികളുടെ കൂടെയായിരുന്നു.
          സ്പാനീഷ് ആഭ്യന്തരയുദ്ധം നടക്കുന്ന വര്‍ഷം എന്നെ സാന്റിയാഗോയിലെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്തിരുന്നു. ഞാന്‍ അവധിക്ക് വീട്ടിലെത്തുമ്പോഴേക്കും യുദ്ധവും ആരംഭിച്ചിരുന്നു. ഞാനന്ന് രണ്ടാം തരത്തിലേക്ക് എത്തിയിരുന്നോ എന്ന കാര്യം വ്യക്തമായി ഓര്‍മ്മയില്ല. സ്കൂളവധിക്ക് ഞാന്‍ സാന്റിയാഗോവില്‍ നിന്ന് ബിരാനിലെ വീട്ടിലേക്ക്  എത്തുമ്പോള്‍ , പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന മാന്വല്‍ ഗ്രേഷ്യ എന്നെ സമീപിച്ച് പത്രം വായിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കാലില്‍ മുടന്തുള്ള അദ്ദേഹമായിരുന്നു എന്റെ വീ്ട്ടിലെ പാചക ജോലിയെല്ലാം ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹം ഒരു കടുത്ത റിപ്പബ്ലിക്കന്‍ പക്ഷക്കാരനായിരുന്നു.മാത്രവുമല്ല പള്ളിവിരോധിയുമായിരുന്നു. എങ്ങനെ അയാള്‍ക്ക് അങ്ങനെയായിത്തീരാന്‍ കഴിഞ്ഞുവെന്ന കാര്യം ഞാന്‍ നിരന്തരം ആലോചിക്കുമായിരുന്നു.അങ്ങനെ ഞാന്‍ അദ്ദേഹത്തിനു വേണ്ടി പത്രങ്ങള്‍ വായിച്ചു കൊടുക്കാന്‍ തുടങ്ങിയതിനു ശേഷമാണ് സ്പെയിനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ധാരണകള്‍‌ എനിക്കുമുണ്ടാകുന്നത്.മൂന്നു നാലുപത്രങ്ങള്‍ ബിരാനില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ 1832 ല്‍ ആരംഭിച്ച Diario de la Marina എന്ന പത്രമായിരുന്നു അക്കൂട്ടത്തില്‍ ഏറെ പ്രമുഖമായിട്ടുള്ളത്.  അതൊരു ഹവാന പത്രമായിരുന്നില്ല. അത് രാജ്യത്താകമാനം വിതരണമുണ്ടായിരുന്നു.ആ പത്രം സ്പെയിനിനോട് പക്ഷപാതിത്വം പുലര്‍ത്തി.കടുത്ത വലതുപക്ഷ ആശയങ്ങളെ പ്രചരിപ്പിച്ചിരുന്ന പ്രസ്തുത പത്രം വിപ്ലവത്തിന്റെ വിജയം വരെ ആ നിലപാടില്‍ നിന്നും മാറിയില്ല. അതിന് പ്രത്യേകമായ ഒരു ഞായറാഴ്ച പതിപ്പുണ്ടായിരുന്നു.നല്ല പേജുകളും അവയില്‍ പരസ്യങ്ങളുമുണ്ടായിരുന്നു.അതിന് വലിയ പ്രചാരമുണ്ടായിരുന്നു.ഇതായിരുന്നു ഗ്രേഷ്യ വരുത്തിക്കൊണ്ടിരുന്നത്. ഈ പത്രം വായിച്ചുകൊടുക്കുന്നതിന് വേണ്ടിയായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ആദ്യാവസാനം ഞാനത് വായിച്ചു കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.കലാപക്കാരെ അങ്ങനെ വിളിക്കുമ്പോള്‍ അതിനൊരു അഭിനന്ദനത്തിന്റെ ച്ഛായ വന്നിരുന്നു.
          ഫ്രാങ്കോ പക്ഷക്കാരെ ദേശീയവാദികളെന്നായിരുന്നു വിളിച്ചിരുന്നത്.മറുപക്ഷക്കാരെ ചുവപ്പര്‍ എന്നോ മറ്റോ ആക്ഷേപത്തിന്റെ സ്വരത്തില്‍ വിശേഷിപ്പിച്ചു.ചിലപ്പോഴൊക്കെ ഒരല്പം മയപ്പെടുത്തി റിപ്പബ്ലിക്കന്‍ എന്നും വിളിച്ചു.ഒരുപാടു വാര്‍ത്തകളും പരസ്യങ്ങളം നിറഞ്ഞ നല്ല കട്ടിയുള്ള ഈ പത്രം ഞാന്‍ മണിക്കൂറുകളെടുത്താണ് ഗ്രേഷ്യയെ വായിച്ചു കേള്‍പ്പിക്കുക.ചിലപ്പോള്‍ മറ്റു ചില പത്രങ്ങളുമുണ്ടായെന്നു വരും.എങ്കിലും ആദ്യം പറഞ്ഞ പത്രത്തിലായിരുന്നു ഏറ്റവുമധികം യുദ്ധവാര്‍ത്തകള്‍ വരാറുണ്ടായിരുന്നത്.തുടക്കം മുതല്‍ തന്നെ എനിക്ക് യുദ്ധത്തെപ്പറ്റി ഓര്‍മ്മയുണ്ട്.ഒരുദാഹരണത്തിന് റിപ്പബ്ലിക്കന്മാര്‍ ടെറുവല്‍ പിടിച്ചടക്കിയതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും എനിക്ക് ഓര്‍ത്തെടുക്കാനാകും.

           

 

(Fidel Castro: My Life: A Spoken Autobiography എന്ന പുസ്തകത്തില്‍ നിന്ന് )

മനോജ് പട്ടേട്ട് || 27 July 2020, 07.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം