#ദിനസരികള്‍ 1199 മഹാരാഷ്ട്രീയന്‍ ബ്രാഹ്മിനും പട്ടിയുടെ വാലും.




            ഒരു വീക്കേയെന്‍ കഥ വായിക്കുക.കഥയുടെ പേര് വര്‍ഗ്ഗം, വര്‍ണം. ഈ കഥയെക്കുറിച്ച് എഴുതാന്‍ തുനിയുമ്പോള്‍ മനസ്സിലേക്ക് കടന്നു വന്നത് നായുടെ വാല് എന്ന ഉപമയാണ്. അതായത് എത്ര കൊല്ലം ഉരുക്കിനോട് ചേര്‍ത്തു വെച്ചു കെട്ടിയാലും നിവര്‍ന്നു കിട്ടാത്തതാണല്ലോ നായയുടെ വാല്.അതുപോലെ കാലഹരണപ്പെട്ടതെങ്കിലും ചില വിശേഷാധികാരങ്ങളില്‍ അഭിരമിക്കുന്ന മനസ്സുകളുണ്ട്.ഇപ്പോഴും പുതിയ കാലത്തിന്റെ ചൂട് അടിക്കാത്തവര്‍. അത്തരക്കാരെ വിശേഷിപ്പിക്കുവാനാണ് നായുടെ വാലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ആ ഉപമ ഇവിടെ ഒട്ടും ചേരുന്നതല്ല എന്നാണ് രണ്ടാമതൊരു ചിന്തയില്‍ എനിക്കു തോന്നിയത്. കാരണം നായുടെ വാല്‍ ജന്മനാ തന്നെ അങ്ങനെയാണ്. നായക്ക് അതിലൊരു റോളുമില്ല. എന്നാല്‍ പ്രിവിലേജുകളെ കെട്ടിയെഴുന്നള്ളിക്കുന്നത് സാമൂഹ്യാവസ്ഥകളിലുണ്ടായിരിക്കുന്നന്ന മാറ്റങ്ങളെ ഉള്‍‌ക്കൊള്ളാത്തവരും അതിനെതിരെ ബോധപൂര്‍വം മുഖം തിരിക്കുന്നവരുമാണ്. അക്കൂട്ടരെ നായകളുമായി താരതമ്യം ചെയ്യുന്നതില്‍ ശരികേടുണ്ടെന്നാണ് എന്റെ ചിന്ത.

          കഥ വായിക്കുക

എട്ടാംക്ലാസില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ച യജ്ഞേശ്വരയ്യര്‍ സാര്‍ റിട്ടയര്‍  നിരത്തിലെ കലുങ്കില്‍ കാറ്റു കൊള്ളാനിരുന്നു.ലീവില്‍ വന്ന ശിഷ്യന്‍ പയ്യനവര്‍കള്‍ അതുവഴി പോകുമ്പോള്‍ ഗുരുഭൂതനെ വന്ദിച്ചു.സാന്ദീപനി ചോദിച്ചു
നീയിപ്പോള്‍ എവിടെ ?
ദല്‍ഹിയിലാണ് സര്‍
നമ്മുടെ മഹള്‍ തൈലാംബാളുടെ പുരുഷനും ദല്‍ഹിയില്‍ തന്നെ
ദല്‍ഹിയില്‍ എവിടെ സര്‍?
ഡിഫന്‍സ് മിനിസ്ട്രിയില്‍ അണ്ടര്‍ സെക്രട്ടറി
പേര് സര്‍
മുത്തുരാമ ലിംഗയ്യര്‍ , വടമഗോത്രം
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലല്ല അല്ലേ സര്‍?
അതിലെല്ലാം പെരിയവന്‍. ഇന്‍ഡിപെന്‍ഡന്‍സ് കിടച്ച കാലത്ത് സര്‍ദാര്‍ ബലദേവ് സിംഗിന്റെ സ്റ്റെനോഗ്രാഫറായിരുന്നു.
സന്തോഷം. അങ്ങയെ കണ്ട കാര്യം ഞാന്‍ മുത്തുരാമനോട് പറയാം
ബുദ്ധിമുട്ടാവും . ഹി ഈസ് എ ബിസി മാന്‍
സാരമില്ല സര്‍ , ഞാന്‍ വിളിച്ചു കണ്ടോളാം
ടെലഫോണിലോ ?
അല്ല നേരില്‍
അതെങ്ങനെ ? നീ
ഞാന്‍ മുത്തുരാമലിംഗത്തിന്റെ ജോയന്റ് സെക്രട്ടറിയാണ് സര്‍

പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപികയും നായര്‍ സ്ത്രീയുമായ സതിയും ഭര്‍ത്താവും നാട്ടില്‍ വന്നു.ആരാധകര്‍ അവരെ കാണാന്‍ പോയി.അവരില്‍ നിഷ്കളങ്കനായ ഒരുവന്‍ പയ്യന്‍ സതിയോടു ചോദിച്ചു
ചേച്ചി പോയാല്‍ ഇനി എന്നു വരും?
ഇനി വരുമെന്നു തോന്നുന്നില്ല
റിട്ടയര്‍ ചെയ്താലും വരില്ലേ ?
ഇല്ല. സ്റ്റേറ്റ്സില്‍ സെറ്റില്‍ ചെയ്യും
ചേട്ടനെവിടെ ?
ഉറങ്ങുന്നു
അദ്ദേഹം മഹാരാഷ്ട്രക്കാരനാണ് അല്ലേ ?
ഉഗ്രമൂര്‍ത്തിയായ ശിവന്റെ പുത്രി പയ്യനെ ഉച്ചത്തില്‍ എഡിറ്റു ചെയ്തു
മഹാരാഷ്ട്രീയന്‍ ബ്രാഹ്മിന്‍.

          പട്ടിയുടെ വാല്‍ എന്ന സ്വഭാവികതയും മഹാരാഷ്ട്രീയന്‍ ബ്രാഹ്മിന്‍ എന്ന പ്രിവിലേജും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ഉപമപ്പെടുത്താമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ആ തല പരിശോധിക്കുക തന്നെ വേണം.

മനോജ് പട്ടേട്ട് || 30 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1