#ദിനസരികള്‍ 1167 അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിത



            അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിത വായിക്കാത്തവരോ കേള്‍ക്കാത്തവരോ കേരളത്തിലുണ്ടാവില്ല എന്ന പ്രസ്താവന അത്ര ശരിയല്ലാത്തതുകൊണ്ട് ആ കവിത താഴെ പകര്‍ത്തുന്നു.
വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.
കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്‌
പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു
പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ
പാലു കുടിക്കാനായിരുന്നല്ലോ.
കോഴിയിറച്ചീം പശുവിൻ പാലും
വൈദ്യൻ പോലും വിലക്കിയില്ലല്ലോ-എന്റെ
വൈദ്യൻ പോലും വിലക്കിയില്ലല്ലോ.
നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ
കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കിൽ.
          കള്ളനെ മോഷ്ടാവെന്ന് വിളിച്ചു കൂടാത്തതാണ്. അതിനൊരു കാരണം കള്ളന്റെ പര്യായമായി മോഷ്ടാവിനെ ശ്രീകണ്ഠേശ്വരം അംഗീകരിച്ചിട്ടില്ലെന്നതാണ്. മോഷ്ടിക്കുന്നവന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും മോഷ്ടാവ് എന്ന കൃത്യമായ വാക്ക് അദ്ദേഹം ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മോഷ്ടാവിന്റെ പര്യായമായി അദ്ദേഹം കള്ളനെ ചേര്‍ത്തു വെയ്ക്കുന്നുണ്ടുതാനും. ഈ ഇരട്ടത്താപ്പ് അനുവദിച്ചു കൂടാത്തതാണെന്ന് ഇനിയെങ്കിലും ഭാഷാ സ്നേഹികള്‍ മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് ഇനിയും മലയാളമെന്ന ഭാഷ അവശേഷിക്കുകയും അടുത്തൊരു പതിപ്പ് ശബ്ദതാരവലിക്ക് ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ ഈ തെറ്റ് തിരുത്തണമെന്നാണ് മേശക്കടിച്ചുകൊണ്ട് ഞാന്‍ ആവശ്യപ്പെടുന്നത്. കള്ളന്‍ കള്ളന്‍ തന്നെയാണ് ; മോഷ്ടാവാകട്ടെ വെറും മോഷ്ടാവും.
            ഈ വെറും മോഷ്ടാവിനെ കള്ളനാക്കുകയെന്നത് അസംബന്ധമാണ്. നിങ്ങള്‍ക്ക് നാണം തോന്നാതിരിക്കാനായി ഞാനിത്തിരി തുണി എടുത്തുവെങ്കില്‍ അത് നിങ്ങള്‍ക്കു വേണ്ടിത്തന്നെയല്ലേ എന്ന ചോദ്യത്തോളം വസ്തുനിഷ്ഠമായ സത്യസന്ധമായ മറ്റൊരു ചോദ്യം ദുനിയാവില്‍ വേറെയേതാണ് ? അതുകൊണ്ട് ചട്ടങ്ങളെയൊക്കെ മാറ്റി കള്ളനെ കള്ളനാക്കുകയും മോഷ്ടാവിനെ മോഷ്ടാവായി നിലനിറുത്തുകയുമാണ് വേണ്ടത്.
          ഇനി , ഈ കവിത മനസ്സിലായെങ്കില്‍ , മനസ്സിലായെങ്കില്‍ മാത്രം ശ്രീ എംപി നാരായണ പിള്ളയുടെ കള്ളന്‍ എന്ന കഥ വായിക്കുക.

മനോജ് പട്ടേട്ട് || 28 June 2020, 09.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം